Skip to main content

ഇബ്‌നു ഖല്‍ദൂന്‍

വിശ്രുത ദാര്‍ശനികന്‍, ചരിത്രകാരന്‍, ചിന്തകന്‍, സാമൂഹികശാസ്ത്രജ്ഞന്‍, രാഷ്ട്രതന്ത്രജ്ഞന്‍, സാഹിത്യകാരന്‍, ജഡ്ജി. അറേബ്യന്‍ ഇസ്‌ലാമിക സംസ്‌കാരം ലോകനാഗരികതക്ക് നല്‍കിയ മഹാപ്രതിഭകളില്‍ പ്രമുഖനാണ് ഇബ്‌നു ഖല്‍ദൂന്‍. ശരിയായ പേര് വലിയുദ്ദീന്‍ അബ്ദുര്‍റഹ്മാനിബ്‌നു മുഹമ്മദിബ്‌നി മുഹമ്മദിബ്‌നി അബീബക്ര്‍ മുഹമ്മദിബ്‌നി ഹസനിബ്‌നി ഖല്‍ദൂന്‍. മാതാപിതാക്കള്‍ നല്‍കിയ പേര് അബ്ദുര്‍റഹ്മാന്‍. അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ മുന്‍നിര്‍ത്തി സമകാലിക സമൂഹം നല്‍കിയ പേരാണ് വലിയുദ്ദീന്‍. യമനിലെ ഹദ്‌റമൗത് നിവാസികളായിരുന്ന തന്റെ പൂര്‍വികരിലേക്ക് ചേര്‍ത്ത് ഹദ്‌റമീ എന്ന വിശേഷ സംജ്ഞയും ഇബ്‌നുഖല്‍ദൂന്‍ സ്വീകരിച്ചിട്ടുണ്ട്. 

പ്രമുഖ സ്വഹാബി വാഇലുബ്‌നു ഹജ്‌റിന്റെ വംശപരമ്പരയില്‍ 732 റമദാന്‍ 1/1332 മെയ് 27ന് തൂനിസില്‍ ജനിച്ചു. സ്‌പെയിനിലേക്കുള്ള മുസ്‌ലിം അധിനിവേശത്തിന്റെ തുടക്കത്തില്‍ അവിടെ കുടിയേറിപ്പാര്‍ത്ത ദക്ഷിണ അറേബ്യന്‍ വംശപരമ്പരയിലാണ് ഇബ്‌നുഖല്‍ദൂന്‍ ജനിച്ചത്. അബ്ദുര്‍റഹ്മാനിബ്‌നു ഖല്‍ദൂന്റെ ഗുരുവും വഴികാട്ടിയും പണ്ഡിതനായ പിതാവ് തന്നെയാണ്. പിതാവില്‍ ആരംഭിച്ച പ്രാഥമിക വിദ്യാഭ്യാസം തികച്ചും മതസംബന്ധിയായിരുന്നു. പിതാവിന്റെ ശിക്ഷണത്തില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. ഖുര്‍ആനും ഹദീസും മറ്റു മതശാസ്ത്രങ്ങളും അഭ്യസിച്ചത് മുഹമ്മദുബ്‌നു സഅ്ദിബ്‌നി ബുര്‍ഹാനില്‍ അന്‍സ്വാരി എന്ന പണ്ഡിതന്റെ കീഴിലാണ്. അറബി ഭാഷ അഭ്യസിച്ചത് പിതാവില്‍ നിന്ന് തന്നെയാണ്. ഇബ്‌നു ഖല്‍ദൂന് കാവ്യരചനയില്‍ പരിശീലനം നല്‍കിയത് ഇബ്‌നുല്‍ബഹ്ര്‍ ആണ്. പ്രശസ്ത പണ്ഡിതന്‍ ശംസുദ്ദീനില്‍ വാദീ ആശിയാണ് ഹദീസില്‍ ഖല്‍ദൂന്റെ പ്രധാന ഗുരു. 

1354 മുതല്‍ 1363 വരെ നീണ്ടു നിന്ന ഫാസ് ജീവിതത്തിനിടയിലാണ് ഇബ്‌നു ഖല്‍ദൂന്റെ വിവാഹം നടന്നത്. ഹഫ്‌സ്വീ സേനാനായകനും പണ്ഡിതനുമായിരുന്ന മുഹമ്മദുബ്‌നു ഹകീമിന്റെ പുത്രിയെയാണ് വിവാഹം ചെയ്തത്. ഈ ദാമ്പത്യബന്ധത്തില്‍ തനിക്ക് സന്താനങ്ങളുണ്ടായിരുന്നതായും അലക്‌സാണ്ട്രിയയുടെ സമീപത്തുകൂടെ കപ്പലില്‍ സഞ്ചിരിക്കവെ കൊടുങ്കാറ്റില്‍പ്പെട്ട് കുടുംബാംഗങ്ങള്‍ മുഴുവനും മുങ്ങിമരിച്ചതായും ആത്മകഥയില്‍ ഇബ്‌നുഖല്‍ദൂന്‍ പറയുന്നുണ്ട്. എന്നാല്‍ ഈജിപ്തില്‍ തന്റെ കുടുംബം താമസിച്ചിരുന്നതായും താര്‍ത്താരീ നായകന്‍ തിമൂര്‍ തന്നെ സമര്‍ഖന്ദിലേക്കു ക്ഷണിച്ചപ്പോള്‍ ഈജിപ്തിലുള്ള തന്റെ കുടുംബത്തോട് ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിതനുസരിച്ച് തിമൂര്‍ അതിന് അനുമതി നല്‍കിയതായും അദ്ദേഹം ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ഇബ്‌നുഖല്‍ദൂന്‍ ഈജിപ്തില്‍ വെച്ചും വിവാഹം ചെയ്തു കുടുംബജീവിതം നയിച്ചിരുന്നതായി അനുമാനിക്കാം. ഈജിപ്ഷ്യന്‍ ദാമ്പത്യത്തില്‍ അദ്ദേഹത്തിന് കുട്ടികളുണ്ടായി എന്നതിന് രേഖകളില്ല.

സുല്‍ത്താന്‍ അബൂഇനാന്റെ ദര്‍ബാറില്‍ ഇബ്‌നു ഖല്‍ദൂന് പ്രമുഖ സ്ഥാനം ലഭിച്ചിരുന്നു. 1335ല്‍ ഇബ്‌നുഖല്‍ദൂനെ തന്റെ പ്രധാന സെക്രട്ടറിയും മന്ത്രിയുമാക്കി സുല്‍ത്താന്‍ ഉത്തരവിട്ടു. ഒരു ഘട്ടത്തില്‍ സുല്‍ത്താനുമായി ഇടഞ്ഞു. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട് ഫാസില്‍ അഭയം തേടിയ ബൂഗിയിലെ ഭരണാധിപന്‍ അമീര്‍ അബൂ അബ്ദില്ലയുമായി ഖല്‍ദൂന്‍ ഗൂഢാലോചന നടത്തിയതായി സുല്‍ത്താന്‍ ആരോപിച്ചു. തുടര്‍ന്ന് 1357 ഫെബ്രുവരി 10ന് അദ്ദേഹം ജയിലിലടക്കപ്പെട്ടു. 23 മാസം നീണ്ടു നിന്ന ജയില്‍ ജീവിതം സുല്‍ത്താന്റെ മരണത്തോടെയാണ് അവസാനിച്ചത്. 

പ്രധാന കൃതികള്‍:

ഇബ്‌നു ഖല്‍ദൂന്റെ ഏറ്റവും ശ്രേഷ്ഠമായ കൃതികള്‍ 'മുഖദ്ദിമ'യും 'കിതാബുല്‍ ഇബര്‍' എന്ന ചരിത്ര ഗ്രന്ഥവുമാണ്. ഇബറിന്റെ ആമുഖമാണ് മുഖദ്ദിമ. മുഖദ്ദിമയടക്കം ഏഴു വാല്യങ്ങളാണ് ഇബറിനുള്ളത്. 'കിതാബുല്‍ ഇബര്‍ വദീവാനുല്‍ മുബ്തദഇ വല്‍ഖബര്‍ ഫീ അയ്യാമില്‍ അറബി വല്‍അജമി വല്‍ബര്‍ബറി വമന്‍ ആസ്വറഹും മിന്‍ ദവിസ്സുല്‍ത്വാനില്‍ അക്ബര്‍' എന്നാണ് ഇബറിന്റെ ശരിയായ പേര്. ഉന്നത നിലവാരം പുലര്‍ത്തുന്ന പല കൃതികളും ഖല്‍ദൂന്‍ രചിച്ചിട്ടുണ്ടെങ്കിലും അവയെക്കുറിച്ചൊന്നും തന്റെ ആത്മകഥയിലോ 'മുഖദ്ദിമ'യിലോ അദ്ദേഹം പരാമര്‍ശിച്ചിട്ടില്ല. 'മുഖദ്ദിമ'യുടെ ആദ്യത്തെ മലയാള പരിഭാഷ പുറത്തുവരുന്നത് 1984ലാണ്. മുട്ടാണിശേരി എം. കോയക്കുട്ടിയാണ് പരിഭാഷ നിര്‍വഹിച്ചിട്ടുള്ളത്.

 

Feedback