ഏഷ്യയിലെ ഏറ്റവും മഹാനായ സ്വൂഫി മിസ്റ്റിക് കവി, മുന്‍ റോമാസാമ്രാജ്യത്തിലെ അനാത്വൂലിയ എന്നും ഏഷ്യന്‍ തുര്‍കിയെന്നുമുള്ള പേരുകളില്‍ അറിയപ്പെടുന്ന പേര്‍ഷ്യന്‍ കവിയാണ് ജലാലുദ്ദീന്‍ റൂമി. ജലാലുദ്ദീന്‍, മൗലാനാ റൂമി, റൂം എന്നീ പേരുകളില്‍ അറിയപ്പെടുന്ന റൂമിയുടെ യഥാര്‍ഥ പേര് മുഹമ്മദ് എന്നായിരുന്നു.
അറബി, പേര്‍ഷ്യന്‍, തുര്‍കി ഭാഷകളില്‍ പണ്ഡിതന്‍ കൂടിയായ റൂമി ബല്‍ഖ് പ്രദേശത്ത് മതശാസ്ത്ര പണ്ഡിതന്‍മാരുടെ പ്രസിദ്ധകുടുംബത്തില്‍ 604 റബീഉല്‍ അവ്വല്‍ 6/1207 സെപ്തംബര്‍ 30ന് ജനിച്ചു. മുഹമ്മദ് ബഹാഉദ്ദീന്‍ വലദ് എന്ന വിഖ്യാത പണ്ഡിതനായിരുന്നു പിതാവ്. അദ്ദേഹം അബൂബക്കര്‍ സിദ്ദീഖിന്റെ വംശപരമ്പരയില്‍ പെടുന്നു. ജലാലിന്റെ മാതാവ് നാലാം ഖലീഫയായ അലിയുടെ വംശപരമ്പരയിലുംപെടുന്നു. ജലാലിന്‍െ അഞ്ചാം വയസ്സില്‍ പിതാവ് കുടുംബസമേതം ബല്‍ഖ് നഗരം വിട്ടു. പല പ്രദേശങ്ങളിലും അവര്‍ സഞ്ചരിച്ചു. ബഗ്ദാദ്, മക്ക, ദമസ്‌കസ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി കുടുംബം മലത്വ്‌യയില്‍ എത്തി. പിതാവില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം പിതാവിന്റെ തന്നെ ശിഷ്യനായ സയ്യിദ് ബുര്‍ഹാനുദ്ദീന്‍ തിര്‍മിദിയില്‍ നിന്നാണ് ജലാലുദ്ദീന്‍ ഒമ്പത് വര്‍ഷം വിദ്യ അഭ്യസിച്ചത്.
തത്വജ്ഞാനത്തിന്റെ ബാലപാഠം അഭ്യസിച്ചത് ഇബ്‌നു അറബിയയില്‍ നിന്നാണ്. ഹി. 623ല്‍ 19ാമത്തെ വയസ്സില്‍ ഖ്വാജ ശറഫുദ്ദീന്‍ സമര്‍ഖന്ദിയുടെ പുത്രി ജൗഹര്‍ ഖാതൂനെ വിവാഹം ചെയ്തു. പുത്രന്റെ പേര് ബഹാഉദ്ദീന്‍ വലദ്. ജൗഹര്‍ ഖാതൂന്‍ മരിച്ച ശേഷം കിറാഖാതൂന്‍ എന്നൊരു സ്ത്രീയെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ അലാഉദ്ദീന്‍ മുഹമ്മദ്, മുദഫ്ഫറുദ്ദീന്‍ എന്നീ പുത്രന്‍മാരും മലികാ ഖാതൂന്‍ എന്ന പുത്രിയും ജനിച്ചു.
642 ജുമാദല്‍ ആഖിറ 26/1224 നവംബര്‍ 28നാണ് റൂമി പ്രശസ്ത സ്വൂഫീ തത്വജ്ഞാനിയായ ശംസുദ്ദീന്‍ മുഹമ്മദ് തിബ്‌രീസിയെ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചുവെങ്കിലും അധികം വൈകാതെ ശംസി നാടുവിട്ടു. ശംസിയെ കൂടാതെ തനിക്കൊരു ജീവിതമില്ലെന്ന് പറഞ്ഞ് റൂമി ആത്മീയ ഗുരുവിനെ അന്വേഷിച്ച് ദമസ്‌കസിലെത്തി. തന്റെ വിരഹ വേദന വിലാപകാവ്യങ്ങളായി. ആ വിലാപകാവ്യങ്ങളാണ് 'ദീവാനേ ശംസേ തിബ്‌രീസ്' എന്ന പേരില്‍ അറിയപ്പെടുന്നത്. ഗുരുവിനെ അന്വേഷിച്ചിറങ്ങിയ ശിഷ്യന്‍മാര്‍ ദമസ്‌കസിലെത്തി. നാട്ടിലേക്ക് മടങ്ങാന്‍ റൂമിയെ നിര്‍ബന്ധിച്ചു. ശംസിനെ കണ്ടെത്തി റൂമിയുടെ അടുത്തെത്തിച്ചുവെങ്കിലും ശംസ് തിബ്‌രീസി വൈകാതെ എന്നന്നേക്കുമായി അപ്രത്യക്ഷനാവുകയാണുണ്ടായത്.
ശംസ് തിബ്‌രീസി രണ്ടാം തവണ റൂമിയെ വിട്ടുപിരിഞ്ഞ ശേഷം പുല്ലാങ്കുഴലിന്റെ പശ്ചാത്തല രാഗത്തോടുള്ള നൃത്തം (റാത്തീബ്) റൂമി തന്റെ ശിഷ്യന്‍മാരായ ദര്‍വേശുകളുടെ സംഘത്തില്‍ പ്രചരിപ്പിച്ചു. ഇങ്ങനെ റൂമി സജ്ജമാക്കിയ ദര്‍വേശുകളുടെ സംഘം 'മൗലവീ ദര്‍വേശു' കള്‍ എന്നറിയപ്പെട്ടു. അദ്ദേഹം വെട്ടിത്തെളിച്ച മാര്‍ഗത്തിന് 'മൗലവീ ത്വരീഖത്ത്' എന്നാണ് പേര്‍. മൗലവീ ദര്‍വേശുകളുടെ റാതീബ് നൃത്തസദസ്സുകളില്‍ നിന്ന് സായൂജ്യമുള്‍കൊണ്ട് റൂമി പാടിയ ഈരടികളാണ് 'മസ്‌നവി'. 15 വര്‍ഷം കൊണ്ടാണ് 'മസ്‌നവി' പൂര്‍ത്തീകരിച്ചത്.
പ്രാര്‍ഥനയുടെയും ധ്യാനത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ റൂമി കര്‍മങ്ങളില്‍ കൃത്യനിഷ്ഠ പാലിച്ചിരുന്നു. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ വളരെയേറെ പ്രാധാന്യവും മതിപ്പും നല്‍കിയ കവി അവരെ ആദരിച്ചു. ഇതര ഇസ്‌ലാമിക ചിന്തകന്‍മാരില്‍ നിന്നും വിഭിന്നമായിരുന്നു റൂമി. ആത്മീയ സാരാംശത്തെ വ്യാഖ്യാനിക്കാന്‍ അദ്ദേഹം സംഗീതത്തിനും വലിയ സ്ഥാനമാണ് നല്‍കിയത്. ഇസ്‌ലാമിക തത്വശാസ്ത്രത്തിന്റെ അത്യുത്തമമായ അദ്ദേഹത്തിന്റെ ഗ്രന്ഥമാണ് 'കിതാബുല്‍ മസ്‌നവി'. അധ്യാത്മിക വിജ്ഞാനത്തിന്റെ നിസ്തുലമായ ഒരപഗ്രഥനം. ആഫ്രിക്ക തൊട്ട് ചീന വരെയുള്ള അനേകം രാജ്യങ്ങളില്‍ സ്വൂഫീ ചിന്തകന്‍മാരുടെയും മിസ്റ്റിക് കവികളുടെയും പാഠപുസ്തകമായിരുന്നു 'മസ്‌നവി'.
672 ജുമാദല്‍ ആഖീറ 5/1273 ഡിസംബര്‍ 16ന് 68ാമത്തെ വയസ്സില്‍ ഖൂനിയ നഗരത്തില്‍ വെച്ചായിരുന്നു റൂമിയുടെ മരണം.
ഇസ്‌ലാമിക വിജ്ഞാന കോശം