Skip to main content

പ്രകാശപ്രവേഗം: ഖുര്‍ആന്റെ സമവാക്യം

മലക്കുകള്‍ പ്രകാശത്തില്‍ നിന്നു സൃഷ്ടിക്കപ്പെട്ടതാണെന്നാണ് ഇസ്‌ലാമികാധ്യാപനം. ദ്രവ്യ സാന്ദ്രത ഒട്ടുമില്ലാത്ത, പ്രകാശ വേഗത്തില്‍ വിശ്വം മുഴുവന്‍ പ്രയാണം നടത്തി ദൈവിക ദൗത്യ നിര്‍വഹണം നടത്തുന്ന വിശ്വസ്തവും എന്നാല്‍ മനുഷ്യര്‍ക്ക് അജ്ഞേയവുമായ സൃഷ്ടി വിശേഷമാണ് ഇവയെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. 

ആഇശ(റ) പറയുന്നു: ''റസൂല്‍(സ്വ) പറഞ്ഞു: മലക്കുകള്‍ പ്രകാശത്താലാണ് സൃഷ്ടിക്കപ്പെട്ടത്''.

വിശുദ്ധ ഖുര്‍ആന്‍ മലക്കുകളെ ഇങ്ങനെ വര്‍ണിക്കുന്നതു കാണാം: ''ഈരണ്ടും മുമ്മൂന്നും നന്നാലും ചിറകുകളുള്ള മലക്കുകളെ ദൂതന്മാരായി നിയോഗിച്ചവനായ അല്ലാഹുവിന് സ്തുതി. സൃഷ്ടികളില്‍ താന്‍ ഉദ്ദേശിക്കുന്നത് അവന്‍ അധികമാക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു'' (35:1). 

ഈ വചനത്തില്‍ പരാമര്‍ശിച്ച 'ചിറകുകള്‍' പറക്കാന്‍ സഹായിക്കുന്ന പദാര്‍ഥികമായ ഉപാധി എന്ന നിലയ്ക്കായിരിക്കില്ലെന്ന് പൗരാണികരും ആധുനികരുമായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്. പ്രകാശത്തില്‍നിന്ന് ഉണ്മയെടുക്കുന്ന സൃഷ്ടിവിശേഷത്തിന് ഭൗതികവും ജൈവികവുമായ ചിറകുകള്‍ ഒരിക്കലും ചേരില്ലല്ലോ. മലക്കുകളുടെ വൈവിധ്യമാര്‍ന്ന ചുമതലകളിലേക്കും കര്‍ത്തവ്യത്തിലേക്കുമാവാം ഈ 'ചിറകുകള്‍' വിരല്‍ ചൂണ്ടുന്നതെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരുമുണ്ട്. ഏതായാലും, ക്രിസ്ത്യാനികളും ജൂതന്മാരും സങ്കല്പിക്കുന്നതുപോലെ പക്ഷികളുടെ ചിറകുകള്‍ പോലെ പറക്കാനുള്ള സംവിധാനമായി മുസ്‌ലിംകള്‍ ഈ 'ചിറകു'കളെ കണക്കാക്കുന്നില്ലെന്നര്‍ഥം.

മനുഷ്യപ്രകൃതി നമ്മള്‍ അറിയുന്നതുപോലെ മലക്കുകളുടെ പ്രകൃതി പൂര്‍ണമായും നമുക്കുള്‍ക്കൊള്ളാനാവില്ല. വിശുദ്ധ ഖുര്‍ആന്‍ ഈ മേഖലയെക്കുറിച്ച് കൂടുതലായൊന്നും വിവരിച്ചുതന്നിട്ടുമില്ല. എന്നിരുന്നാലും, പ്രകാശത്തില്‍നിന്ന് ഉരുവംകൊണ്ടതായതുകൊണ്ട്, പ്രകാശത്തിന്റെ സവിശേഷതകള്‍ ഈ സൃഷ്ടിയില്‍ അന്തര്‍ലീനമായിക്കിടക്കുന്നുണ്ട് എന്ന വസ്തുത ഖുര്‍ആന്‍ വചനങ്ങളുടെ തന്നെ വെളിച്ചത്തില്‍ ചിന്തിച്ചു മനസ്സിലാക്കാവുന്നതാണ്. 

ഏതൊരു പ്രകാശപ്രസരണത്തിനു ചുറ്റും ദ്വിമാനവും ത്രിമാനവും ചതുര്‍മാനവുമായ (ശൂന്യതയ്ക്ക് അതിലും കൂടുതല്‍ മാനങ്ങള്‍ ശാസ്ത്രം ഇന്നു കണ്ടെത്തിയിട്ടുണ്ട്) വൈദ്യുത കാന്തിക ക്ഷേത്രത്തിന്റെ അഗോചരമായ 'ചിറകുകള്‍' വിരിഞ്ഞിരിക്കുമെന്ന് ഗവേഷകര്‍ വെളിപ്പെടുത്തു ന്നുണ്ട്. ഒരുപക്ഷേ ആ അവസ്ഥാവിശേഷവുമാകാം ഈ ഖുര്‍ആന്‍ വചനത്തില്‍ ഒളിഞ്ഞിരിക്കുന്നത് (അല്ലാഹുവിന്നറിയാം).

മലക്കുകള്‍ ദൈവകല്പനകള്‍ എങ്ങനെ നിര്‍വഹിക്കുന്നുവെന്നും പ്രകാശവേഗത്തിലാണ് അവയുടെ യാത്രയെന്നും ഖുര്‍ആന്‍ വചനം വെളിപ്പെടുത്തുന്നു: ''അവന്‍ വാനലോകത്തു നിന്നും ഭൂമിയിലേക്ക് കാര്യങ്ങള്‍ നിയന്ത്രിച്ചയയ്ക്കുന്നു. പിന്നെ ഈ കാര്യങ്ങള്‍ അവങ്കലേക്ക് ആരോഹണം ചെയ്യുന്നത് ഒരു ദിവസത്തില്‍ നിങ്ങള്‍ എണ്ണിക്കണക്കാക്കുന്ന ആയിരം വര്‍ഷത്തിനു സമാനമായ ദൂരത്തിലാണ്'' (32:5).

നബിയുടെ കാലത്ത് ദൂരമളന്നിരുന്നത് കിലോമീറ്ററുകളിലോ മൈലുകളിലോ ഒന്നുമായിരുന്നില്ല. കാല്‍നടയായി എത്ര ദിവസത്തെ യാത്ര വേണ്ടിവരും എന്ന നിലയ്ക്കായിരുന്നു. ഉദാഹരണത്തിന്, ഒരു ഗ്രാമത്തിലേക്ക് രണ്ടുദിവസത്തെ യാത്രയുണ്ട് എന്നുപറഞ്ഞാല്‍ രണ്ടുദിവസം നടന്നാലേ അവിടെയെത്തൂ എന്നര്‍ഥം. പത്തുദിവസം അകലെയുള്ള പട്ടണമെന്നു പറഞ്ഞാല്‍ അവിടേക്ക് പത്തുദിവസത്തെ നടത്തദൈര്‍ഘ്യമുണ്ടെന്ന് അവര്‍ക്ക് മനസ്സിലാകും. ഖുര്‍ആന്‍ മുന്‍ചൊന്ന വചനത്തില്‍ ദൂരത്തെ പരാമര്‍ശിക്കുന്നത് ''നിങ്ങള്‍ എണ്ണിക്കണക്കാക്കുന്ന ആയിരം വര്‍ഷം'' എന്നാണ്; അല്ലാതെ ആയിരം വര്‍ഷത്തെ നടത്തദൈര്‍ഘ്യം എന്ന നിലയ്ക്കല്ല. 

അറബികള്‍ ചാന്ദ്രവര്‍ഷത്തെ ആശ്രയിക്കുന്നവരാണ്. പന്ത്രണ്ട് ചാന്ദ്രമാസം ചേര്‍ന്നതാണ് ഒരു ചാന്ദ്രവര്‍ഷം. അപ്പോള്‍ ഇവിടെ 'കാര്യങ്ങള്‍' ആരോഹണം ചെയ്യുന്ന വേഗം (പ്രകാശപ്രവേഗ മെന്നോ പ്രകാശത്താല്‍ സൃഷ്ടിക്കപ്പെട്ട മലക്കുകളുടെ വേഗമെന്നോ പറയാം) ഒരു ദിവസത്തില്‍ ആയിരം ചാന്ദ്രവര്‍ഷത്തിനു തുല്യമാണെന്ന ഒരു സമവാക്യം ഖുര്‍ആന്‍ നമ്മുടെ ചിന്തയ്ക്കു മുമ്പില്‍ ഇട്ടുതരുന്നു.

ഈ വചനം സൂക്ഷ്മമായി മനസ്സിലാക്കുമ്പോള്‍ ഒരു ഭൗമദിവസത്തില്‍ പ്രകാശം, ആയിരം ചാന്ദ്രവര്‍ഷത്തില്‍ ചന്ദ്രന്‍ ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന അത്രയും ദൂരം പിന്നിടുന്നുണ്ടെന്ന ശാസ്ത്രസത്യം അനാവരണം ചെയ്യുന്നത് കാണാം.

ദൂരത്തെ സമയവുമായാണ് ഈ വചനം താരതമ്യം ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. ചന്ദ്രന്‍ ഒരു ചാന്ദ്ര മാസത്തില്‍ ഒരു ചാന്ദ്ര ഭ്രമണപഥ ദൂരം (Length of a Lunar Orbit) 'നടക്കു'മല്ലോ. അപ്പോള്‍ ഒരു ചാന്ദ്ര വര്‍ഷത്തില്‍ 12 ചാന്ദ്ര ഭ്രമണപഥ ദൂരം സഞ്ചരിക്കും; ആയിരം വര്‍ഷത്തില്‍ 12000 (12 x 1000) ചാന്ദ്ര ഭ്രമണപഥ ദൂരവും. ദൂരത്തെ സമയം കൊണ്ട് ഹരിച്ചാല്‍ സഞ്ചാര വേഗം കിട്ടും. (ദൂരം/സമയം = വേഗം). 

ഇവിടെ 12000 ചാന്ദ്ര ഭ്രമണപഥ ദൂരം/ഒരു ഭൗമദിനം = പ്രകാശ പ്രവേഗം (മലക്കുകളുടെ വേഗവും) എന്ന സമവാക്യം കിട്ടുന്നു. പ്രകാശത്തിന്റെ പ്രവേഗത്തെ 'C' എന്നും ഒരു ഭൗമ ദിനത്തിലെ ആകെ സെക്കന്‍ഡുകളെ 't' എന്നും ഭൂമിക്കു ചുറ്റുമുള്ള ഒരു ചാന്ദ്ര ഭ്രമണപഥത്തിന്റെ ദൈര്‍ഘ്യത്തെ 'L' എന്നും സങ്കല്‍പ്പിച്ചാല്‍ C x t = 12000L എന്ന സമവാക്യമെഴുതാം. 

പ്രകാശം ഒരു ഭൗമദിനത്തില്‍ പിന്നിടുന്ന അത്രയും ദൂരമാണ് 1000 ചാന്ദ്ര വര്‍ഷത്തില്‍ ചന്ദ്രന്‍ ഭൂമിക്കു ചുറ്റും കൃത്യമായി സഞ്ചരിക്കുന്നതെന്ന് വിശുദ്ധ ഖുര്‍ആന്‍ വെളിപ്പെടുത്തുകയാണ്. മലക്കുകളെക്കുറിച്ച് നമ്മെ ബോധ്യപ്പെടുത്താന്‍ പ്രകാശ ശാസ്ത്രത്തിലെ വിസ്മയിപ്പിക്കുന്ന ശാസ്ത്ര സത്യമാണ് ഖുര്‍ആന്‍ തെളിവായി നിരത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ശാസ്ത്ര ഗവേഷകര്‍ പോലും ഇങ്ങനെയൊരു തുലനം ഇപ്പോഴും മനസ്സിലാക്കിയിട്ടില്ലെന്നതാണ് വസ്തുത.

പ്രകാശ പ്രവേഗമെന്നത് അതളക്കുന്ന പ്രമാണത്തെ (Frame of reference) സാപേക്ഷമായേ നിര്‍വചിക്കാനൊക്കൂ. വ്യത്യസ്ത പ്രമാണങ്ങളില്‍ നിന്ന് പ്രകാശവേഗം അളക്കുമ്പോള്‍ വ്യത്യസ്ത ഉത്തരങ്ങളിലാണ് നമ്മള്‍ ചെന്നെത്തുന്നത്. ലോക്കല്‍ ഇനേര്‍ഷ്യല്‍ ഫ്രെയിമില്‍ പ്രകാശ പ്രവേഗം താരതമ്യം ചെയ്യണമെങ്കില്‍ ലോക്കല്‍ ഇനേര്‍ഷ്യല്‍ ഫ്രെയിമില്‍ നിന്നു തന്നെ എല്ലാ വിലകളും അളന്നു തിട്ടപ്പെടുത്തേണ്ടതുണ്ട്. 

ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡില്‍ ലോക്കല്‍ ഇനേര്‍ഷ്യല്‍ പ്രമാണത്തില്‍ പ്രകാശ പ്രവേഗം എന്നത് 299792.458 കിലോമീറ്റര്‍/സെക്കന്‍ഡ് ആണ്. 

ഐന്‍സ്റ്റൈന്റെ പ്രത്യേക സാപേക്ഷതാ വാദത്തില്‍, പ്രകാശ പ്രവേഗം അളക്കുന്ന പ്രമാണം 'ഇനേര്‍ഷ്യല്‍' ആകണമെന്ന നിബന്ധനയുണ്ട്. അതായത്, ആ പ്രമാണം നേര്‍രേഖയില്‍ സഞ്ചരിക്കുന്നതായിരിക്കണം എന്നു ചുരുക്കം. ഭൂമി (നമ്മുടെ ലോക്കല്‍ പ്രമാണം) സൂര്യനെ ചുറ്റുന്നതിനാല്‍ അതിനെ നേര്‍രേഖയില്‍ പ്രയാണം നടത്തുന്ന പ്രമാണമായി കണക്കാക്കാന്‍ വയ്യ. അപ്പോള്‍ സൗരയൂഥത്തിനുള്ളില്‍ ഭൂമിയെ 'നോണ്‍-ഇനേര്‍ഷ്യല്‍' പ്രമാണമായാണ് പരിഗണി ക്കുന്നത്. 

അറബികള്‍ക്ക് ഒരു മാസമെന്നത് ശരാശരി 29.53059 ദിവസമാണ്. ചന്ദ്രന്റെ ഈ ചുറ്റല്‍സമയം അവര്‍ അളക്കുന്നത് സൂര്യനെ ചുറ്റുകയും സ്വയം ഭ്രമണം നടത്തുകയും ചെയ്യുന്ന ഭൂമിയെന്ന പ്രമാണത്തില്‍ വെച്ചാണ്. 299792.458 കിലോമീറ്റര്‍/സെക്കന്‍ഡ് എന്ന ലോക്കല്‍ ഇനേര്‍ഷ്യല്‍ പ്രമാണത്തിലെ പ്രകാശ പ്രവേഗവുമായി താരതമ്യം ചെയ്യാന്‍ ഈ വിലകള്‍ പറ്റില്ല.

സൂര്യന്റെ നേര്‍ക്കുള്ള ദിശയില്‍, സൂര്യനു സാപേക്ഷമായി, ചന്ദ്രന്‍ വേഗത്തില്‍ ചലിക്കുന്നതു കാണാം. സൂര്യന്റെ എതിര്‍ദിശയില്‍ വരുമ്പോള്‍ ചന്ദ്രന്റെ ഭ്രമണപഥവേഗം അത്രതന്നെ കുറഞ്ഞുവരികയും ചെയ്യുന്നുണ്ട്. മണിക്കൂറില്‍ ഏറിയാല്‍ 3873 കിലോമീറ്റര്‍ എന്ന വേഗം ചന്ദ്രന്‍ ആര്‍ജിക്കുന്നു. കുറഞ്ഞാല്‍ ഇത് മണിക്കൂറില്‍ 3470 കീലോമീറ്ററുമാകും. ചന്ദ്രന്റെ ശരാശരി വേഗം മണിക്കൂറില്‍ 3682.8 കിലോമീറ്ററാണ് (1.023 കിലോമീറ്റര്‍/സെക്കന്‍ഡ്). 

സൂര്യനെ സാപേക്ഷമായി അളക്കുമ്പോള്‍ (Synodic) ഭൂമി 24 മണിക്കൂര്‍ കൊണ്ട് ഒരുതവണ സ്വയംഭ്രമണം നടത്തും. അതായത് 86,400 സെക്കന്‍ഡില്‍. എന്നാല്‍ സൗരയൂഥത്തിനു പുറത്തുള്ള ഏതെങ്കിലും നക്ഷത്രത്തെ ആസ്പദമായി നിരീക്ഷിക്കുകയാണെങ്കില്‍ (Sidereal) ഭൂമിയുടെ സ്വയംഭ്രമണത്തിന് ഇത്രയും സമയം വേണ്ടിവരില്ലെന്ന് മനസ്സിലാക്കാം. ഭൂമിയുടെ സ്വയം ഭ്രമണത്തിന് 23 മണിക്കൂര്‍ 56 മിനുട്ട് 4.0906 സെക്കന്‍ഡ് മതിയെന്നര്‍ഥം (86164.0906 സെക്കന്‍ഡ്). ഈ വ്യത്യാസത്തിനു കാരണം ഭൂമി സ്വയംഭ്രമണം നടത്തുന്നതിനിടയ്ക്ക് സൂര്യന്റെ സാപേക്ഷ സ്ഥാനം അല്‍പ്പം മുന്നോട്ടു പോകുന്നതാണ്. 

ഒരു ഉദാഹരണത്തിലൂടെ ഇതു വ്യക്തമാക്കാം. രാത്രിയില്‍ വീടിന്റെ മേല്‍ക്കൂരയിലെ ഒരു ദ്വാരത്തിലൂടെ ഏതെങ്കിലും ഒരു നക്ഷത്രത്തെ നിരീക്ഷിക്കുന്നുവെന്ന് വെക്കുക. അതേ നക്ഷത്രം പിറ്റേന്ന് രാത്രി ആ ദ്വാരത്തിനു നേരെ മുകളിലെത്താന്‍ 24 മണിക്കൂര്‍ എടുക്കില്ല. പകരം, ഏതാണ്ട് നാലുമിനുട്ട് മുമ്പ് ആ നക്ഷത്രം ദ്വാരത്തിനു മുകളില്‍ വരും-കൃത്യമായിപ്പറഞ്ഞാല്‍ 86164.0906 സെക്കന്‍ഡ് കൊണ്ട്. എന്നാല്‍ സൂര്യനെയാണ് ഈ ദ്വാരത്തിലൂടെ നിരീക്ഷിക്കുന്നതെങ്കിലോ? കൃത്യം 24 മണിക്കൂര്‍ (86400 സെക്കന്‍ഡ്) ആകുമ്പോഴേ സൂര്യന്‍ ദ്വാരത്തിനു നേരെ മുകളില്‍ വരൂ.

അതുപോലെ ചന്ദ്രന്‍ ഭൂമിയെ ഒരു പ്രാവശ്യം ചുറ്റാന്‍ 29.53059 ദിവസം എടുക്കുന്നതായാണ് നമുക്ക് അനുഭവപ്പെടുന്നത്. ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നതിനിടയ്ക്ക് ഭൂമി അതേ ദിശയില്‍ സ്വയംഭ്രമണം നിര്‍വഹിക്കുന്നതിനാലാണ് ചന്ദ്രന്‍ ഇത്രയും കൂടുതല്‍ ദിവസം എടുക്കുന്നതായി അനുഭവപ്പെടുന്നത്. സൗരയൂഥത്തിനു പുറത്തുള്ള ഏതെങ്കിലും നക്ഷത്രത്തെ ആസ്പദമായി നിരീക്ഷിക്കുകയാണെങ്കില്‍  27.321661 ദിവസം കൊണ്ട് ചന്ദ്രന്‍ ഭൂമിയെ ഒരു പ്രാവശ്യം ചുറ്റും (Sidereal). 

പ്രകാശപ്രവേഗം കണക്കാക്കുമ്പോള്‍ അളക്കുന്ന പ്രമാണം ഇനേര്‍ഷ്യല്‍ ആയിരിക്കണമല്ലോ. സൗരയൂഥത്തിനു പുറത്തുള്ള ഏതെങ്കിലും നക്ഷത്രത്തെ ആസ്പദമായി അളന്നാലേ കാര്യങ്ങള്‍ക്ക് കൃത്യത കൈവരൂ. ഭൗമദിനത്തിലെ സെക്കന്‍ഡുകള്‍ അളക്കുന്നതും ചാന്ദ്രഭ്രമണത്തിന്റെ സമയ ദൈര്‍ഘ്യമളക്കുന്നതും ചാന്ദ്ര ഭ്രമണ പഥത്തിന്റെ ദൂരമളക്കുന്നതും സൂര്യനെയല്ല, വിദൂരതയിലുള്ള ഏതെങ്കിലും നക്ഷത്രത്തെ ആശ്രയിച്ചായിരിക്കണം. അതായത് ഒരേ പ്രമാണത്തില്‍ നിന്നായിരിക്കണം എല്ലാ ചരങ്ങളുടെയും വിലകള്‍ കണ്ടെത്തേണ്ടത് എന്നര്‍ഥം. 

ചാന്ദ്ര ഭ്രമണപഥത്തിന്റെ ദൈര്‍ഘ്യം (Sidereal) 2152612.27 കിലോമീറ്ററാണ്. ഒരു വര്‍ഷത്തില്‍ ചന്ദ്രന്‍ സഞ്ചരിക്കുന്ന ദൂരം 2152612.27 ഃ 12 = 25831347 കിലോമീറ്ററാണ്. (ചെറിയ ഭിന്നസംഖ്യ സൗകര്യപൂര്‍വം വിട്ടുകളയുന്നു). ആയിരം ചാന്ദ്ര വര്‍ഷത്തില്‍ 25831347 x 1000 = 25831347000 കിലോമീറ്ററാണ് ചന്ദ്രന്‍ സഞ്ചരിക്കുന്നത്.

ഭൗമ ദിനദൈര്‍ഘ്യം (Sidereal) 86164 സെക്കന്‍ഡായി എടുക്കാം. വേഗം= ദൂരം/സമയം എന്നാണല്ലോ. അതായത്, 25831347000/86164 = 299792 കിലോമീറ്റര്‍/സെക്കന്‍ഡ് എന്ന വിസ്മയിപ്പിക്കുന്ന ഉത്തരമാണ് കിട്ടുന്നത്. ശാസ്ത്രം ഒട്ടേറെ പരീക്ഷണങ്ങളിലൂടെ എത്തിച്ചേര്‍ന്ന പ്രകാശപ്രവേഗം തന്നെയല്ലേ ഇത്? 

ദൂരത്തെ സമയവുമായി താരതമ്യം ചെയ്യുന്ന ഈയൊരൊറ്റ വചനമേ ഖുര്‍ആനിലുള്ളൂ. എന്നാല്‍ സമയവും സമയവുമായി (സാപേക്ഷ സമയം) താരതമ്യം ചെയ്യുന്ന മറ്റൊരു ഖുര്‍ആന്‍ വചനം ശ്രദ്ധിക്കുക: ''അമ്പതിനായിരം കൊല്ലത്തിനു സമാനമായ ഒരു ദിവസത്തില്‍ മലക്കുകളും റൂഹും അവങ്കലേക്ക് ആരോഹണം ചെയ്യുന്നു'' (70:4).

ഭൂമിയില്‍ അമ്പതിനായിരം വര്‍ഷം പിന്നിടുന്നത് മലക്കുകള്‍ക്ക് വെറും ഒരു ദിവസമായേ അനുഭവപ്പെടുകയുള്ളൂവെന്ന് ഖുര്‍ആന്‍ നമ്മെ അറിയിക്കുന്നു. ഒരു പ്രമാണം പ്രകാശവേഗത്തോട് അടുത്ത വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ആ പ്രമാണത്തില്‍ കാലം 'വിറങ്ങലി'ച്ചുനില്‍ക്കുമെന്ന് സാപേക്ഷതാവാദത്തിന്റെ വെളിച്ചത്തില്‍ നാമറിയുന്നു. സമയത്തിന്റെ സാപേക്ഷതയാണ് ഈ വചനത്തിന്റെ പൊരുള്‍. ദൂരവും സമയവും താരതമ്യം ചെയ്ത ഖുര്‍ആന്‍ വചനത്തില്‍ നിന്ന് (32:5) നമ്മള്‍ പ്രകാശപ്രവേഗം (മലക്കുകളുടെ വേഗവും) മനസ്സിലാക്കി. ഇവിടെയും സാപേക്ഷ സമയത്തിന്റെ പ്രസിദ്ധമായ മറ്റൊരു സമവാക്യമെഴുതാം:

 

V= C x 0.9999999999999981 = 299792.4579999994 കിലോമീറ്റര്‍/സെക്കന്‍ഡ്.

ഈ സമവാക്യത്തിലെ ചരങ്ങള്‍ക്ക് ഖുര്‍ആനില്‍നിന്നു കിട്ടുന്ന വിലകള്‍ ചേര്‍ത്തുനോക്കി മലക്കുകളുടെ സാപേക്ഷസമയവും വേഗവും കണ്ടുപിടിക്കാം. ഇവിടെ t0 എന്നത് മലക്കുകള്‍ക്ക് അനുഭവപ്പെടുന്ന സമയദൈര്‍ഘ്യം (ഒരു ദിവസം) എന്നു സങ്കല്‍പ്പിക്കുക. t എന്നത് ഭൂമിയില്‍ നമ്മള്‍ അനുഭവിക്കുന്ന സമയദൈര്‍ഘ്യം-50,000 വര്‍ഷം. ഒരു ചാന്ദ്രമാസം 27.321661 ദിവസ(Sidereal)മാണല്ലോ. അപ്പോള്‍ 50,000 വര്‍ഷത്തില്‍ 50,000 x 12 x 27.321661 ദിവസം കാണും. 'ഇ' എന്നത് പ്രകാശത്തിന്റെ പ്രവേഗത്തെ സൂചിപ്പിക്കുന്നു. ഈ സമവാക്യത്തില്‍നിന്ന് മലക്കുകളുടെ പ്രവേഗം (V) ഇനി കണ്ടെത്താമല്ലോ. ആ വില 299792.4579999994 കിലോമീറ്റര്‍/സെക്കന്‍ഡ് ആണെന്ന് മുകളിലെ സമവാക്യത്തില്‍നിന്നു ഗണിച്ചതു കാണുക. ഇങ്ങനെ നോക്കിയാലും പ്രകാശത്തോട് വളരെ വളരെയടുത്ത വേഗത്തിലാണ് മലക്കുകളുടെ പ്രയാണമെന്ന് മനസ്സിലാക്കാം. 

2015 അന്താരാഷ്ട്ര പ്രകാശവര്‍ഷമായി ആചരിച്ചപ്പോള്‍ മഹാ ഭൗതികശാസ്ത്രപ്രതിഭയായ ഇബ്‌നു ഹൈതമിനെയും പൗരാണികകാലത്ത് പ്രകാശഗോപുരങ്ങളായി ശിരസ്സുയര്‍ത്തിനിന്ന ഇസ്‌ലാമിക ശാസ്ത്ര വിജ്ഞാനീയങ്ങളെയും ലോകം അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്തുവെന്നത് പ്രശംസനീയമാണ്. ഇവര്‍ക്കൊക്കെ പ്രചോദനമായി വര്‍ത്തിച്ച, പ്രകാശശാസ്ത്രത്തിലെ ഏറ്റവും പുതിയ കണ്ടെത്തലുകളിലേക്ക് വെളിച്ചംവീശിയ വിശുദ്ധ ഖുര്‍ആനെ ശാസ്ത്രലോകം ഇനിയുമേറെ മനസ്സിലാക്കാനുണ്ട്.
 

Feedback