മൂസാനബി(അ)യുടെ സത്യപ്രബോധനം ഇസ്‌റാഈല്യരില്‍ ശക്തമായ സ്വാധീനം ചെലുത്തിത്തുടങ്ങിയതോടെ ഫിര്‍ഔനിന്റെ വെപ്രാളം നാള്‍ക്കുനാള്‍ വര്‍ധിച്ചു. സമനില തെറ്റിയ ആ സ്വേഛാധിപതി തന്റെ ഇടംവലമിരിക്കുന്ന ഉപദേശകരുടെ പ്രേരണയാല്‍ മൂസാ(അ)യെ വധിക്കാന്‍ ഒരുങ്ങി.
അങ്ങനെ നിര്‍ണായക തീരുമാനമെടുക്കാനായി രാജസദസ്സ് വിളിച്ചു ചേര്‍ത്തു. ഫിര്‍ഔനും വിശ്വസ്ത സേവകനായ ഹാമാനും മറ്റു മന്ത്രിമാരും സൈനിക മേധാവികളും സന്നിഹിതരായി. രാജ കുടുംബാംഗങ്ങളും ഹാജരായി.
മൂസാ(അ)യെ എന്തുചെയ്യണമെന്ന ചര്‍ച്ച ചൂടുപിടിക്കവെ, രാജാവിനെ സന്തോഷിപ്പിക്കാനായി മന്ത്രിമാരും മറ്റും വിളിച്ചു പറഞ്ഞു: ''അയാളെ നശിപ്പിക്കൂ, അല്ലെങ്കില്‍ അവന്‍ നാട്ടില്‍ നാശം പരത്തും''. ഇതുകേട്ട് ഫിര്‍ഔന്‍ ആനന്ദംകൊള്ളവെ അവരില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റ് നിന്നു. അദ്ദേഹം ചിലത് പറയാന്‍ തുടങ്ങി. ദര്‍ബാര്‍ നിശബ്ദമായി. ഫിര്‍ഔനും ഹാമാനും ഉള്‍പ്പെടെ എല്ലാവരും അദ്ദേഹത്തെ സശ്രദ്ധം ശ്രവിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
''എന്റെ രക്ഷിതാവ് അല്ലാഹുവാണെന്ന് പ്രഖ്യാപിച്ചതിന്റെ പേരില്‍ മാത്രം ഒരു മനുഷ്യനെ നിങ്ങള്‍ വധിച്ചുകളയുകയോ? അദ്ദേഹം ആഗതനായിരിക്കുന്നത് നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള പ്രമാണങ്ങളുമായാണ്. അദ്ദേഹം പറയുന്നത് വ്യാജമാണെങ്കില്‍ അത് അയാളില്‍ തന്നെ ആപതിക്കും. എന്നാല്‍ അദ്ദേഹം സത്യവാനാണെങ്കില്‍ അദ്ദേഹം മുന്നറിയിപ്പു നല്‍കുന്ന ബീഭല്‍സങ്ങളായ വിപത്തുകളില്‍ ചിലത് നിങ്ങള്‍ക്കാണ് വന്നു ഭവിക്കുക''(40: 28).
മൂസാനബിയുടെ കാലത്ത് ഫറോവ കുടുംബത്തിലെ ഒരംഗമായ ഈ മനുഷ്യനെ 'വിശ്വാസം മറച്ചു വെച്ച സത്യവിശ്വാസി' എന്നാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ഇദ്ദേഹത്തെ വ്യക്തമായി ചരിത്രം പരിചയപ്പെടുത്തുന്നില്ല. എന്നാല്‍ ഫറോവ രാജകുടുംബത്തിലെ അതിപ്രഗത്ഭനും അനിഷേധ്യനുമായിരുന്നു ഇദ്ദേഹമെന്ന് തുടര്‍ന്നുള്ള സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. സൂറ:ഗാഫിറിലെ 28 മുതല്‍ 45 വരെ സൂക്തങ്ങളില്‍ ഇദ്ദേഹത്തെ കുറിച്ചും ഇദ്ദേഹം പറഞ്ഞ വാക്കുകളുമാണ് അല്ലാഹു വിവരിക്കുന്നത്.
ഫിര്‍ഔനിന്റെ അഭിപ്രായത്തെ അയാളുടെ മുഖത്തു നോക്കി അതും രാജസദസ്സില്‍വെച്ച് എതിര്‍ക്കാന്‍ ധൈര്യം കാണിച്ചു ഈ വിശ്വാസി. ഫിര്‍ഔന്‍ അതുകേട്ടിരുന്നു. ആ വാക്കുകളെ ഖണ്ഡിച്ചില്ലെന്ന് മാത്രമല്ല അതിനെ ഉള്‍ക്കൊണ്ട് മൂസാനബിയെ വധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോരുകയും ചെയ്തു.
മൂസാനബിയുടെ അതേ വാക്കുകള്‍ ഫിര്‍ഔനിന്റെ രാജസദസ്സില്‍ പറയാന്‍ ഈ വിശ്വാസി ധൈര്യം കാണിച്ചു. നൂഹിന്റെയും ആദ്, സമൂദ് ഗോത്രങ്ങളുടെയും നന്ദികേടും യൂസുഫിന്റെ ജനതയുടെ നിലപാടും വിവരിച്ച ഇദ്ദേഹം മൂസാനബിയെ അംഗീകരിക്കാത്ത പക്ഷം വന്‍വിപത്ത് നമ്മെ പിടികൂടുമെന്ന് മുന്നറിയിപ്പും നല്‍കുന്നുണ്ട്. എന്റെ കാര്യം ഞാന്‍ അല്ലാഹുവില്‍ സമര്‍പ്പിക്കുന്നുവെന്നാണ് അദ്ദേഹം തന്റെ സംസാരം അവസാനിപ്പിക്കുന്നത്.
ഇത് ഫിര്‍ഔനിനെ അസ്വസ്ഥനാക്കി. കാര്യങ്ങള്‍ തന്റെ നിയന്ത്രണത്തില്‍ നിന്ന് പോയേക്കുമോ എന്ന് ആശങ്കപ്പെട്ട ഫിര്‍ഔന്‍ മൂസായുടെ കാര്യം മാറ്റിവെക്കുകയും ഈ സത്യവിശ്വാസിയെ കൊല്ലാന്‍ രഹസ്യമായി കരുനീക്കം നടത്തുകയും ചെയ്തു. എന്നാല്‍ സത്യവിശ്വാസികളെ അല്ലാഹു കൈവെടിയുകയില്ലല്ലോ.
(ആ സത്യവിശ്വാസിക്ക് എതിരായ സര്‍വ കുതന്ത്രങ്ങളില്‍നിന്നും അല്ലാഹു അദ്ദേഹത്തെ കാത്തുരക്ഷിച്ചു. ഫിര്‍ഔന്‍ പ്രഭൃതികളെ ശിക്ഷാവലയത്തിലാക്കുകയും ചെയ്തു (40:45).