Skip to main content

ഫിര്‍ഔന്റെ ജഡം

''നിന്റെ പിറകെ വരുന്നവര്‍ക്ക് ഒരു ദൃഷ്ടാന്തമാകാന്‍ വേണ്ടി ഇന്ന് നിന്റെ ശരീരം നാം രക്ഷപ്പെടുത്തുന്നു. മനുഷ്യരില്‍ ധാരാളം പേര്‍ അശ്രദ്ധരാണ്'' (സൂറ യൂനുസ് 92).

വിശുദ്ധ ഖുര്‍ആന്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിച്ച ചരിത്രം പ്രവാചകന്‍ മൂസാ(അ)യുടെതാണ്. മൂസാ(അ)യുടെ പ്രതിയോഗിയും ഈജിപ്തിലെ കോപ്റ്റിക് വംശജനും ദിവ്യത്വം ചമഞ്ഞ സ്വേച്ഛാധിപതിയുമായ ഫിര്‍ഔന്‍(ഫറോവ) ആയിരുന്നുവല്ലോ ഈജിപ്തിലെ ഭരണാധിപന്‍. 'ഫിര്‍ഔന്‍' 'ആലുഫിര്‍ഔന്‍' എന്നിങ്ങളെ 25 സ്ഥലങ്ങളില്‍ ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്.

ബനൂ ഇസ്‌റാഈലുകാരെ മുഴുവന്‍ അടിമകളാക്കിയും ഖിബ്ത്വികളെ തന്റെ ആജ്ഞാനുവര്‍ത്തികളാക്കിയും അടക്കി ഭരിച്ച ഈ ഫിര്‍ഔനിനെ ഒടുവില്‍ അല്ലാഹു ചെങ്കടലില്‍ മുക്കിക്കൊല്ലുകയാണുണ്ടായത്. ഫിര്‍ഔന്‍ എന്നത് ഈജിപ്തിലെ രാജവംശത്തിന്റെ പേരാണ്. ചെങ്കടലില്‍ കൊല്ലപ്പെട്ടത് ഏത് ഫിര്‍ഔനാണെന്നതില്‍ രണ്ട് വീക്ഷണങ്ങളുണ്ട്.

മൂസാ നബി(അ) ജനിക്കുന്ന കാലത്ത് റമസീസി രണ്ടാമനാണ് ഭരണത്തിലുണ്ടായിരുന്നത്. ഇയാള്‍ തന്നെയാണ് ചെങ്കടലിലൊടുങ്ങിയത് എന്നാണ് ഒരു വീക്ഷണം. എന്നാല്‍ മദ്‌യനില്‍ നിന്ന് മൂസാ നബി(അ) തിരിച്ചുവന്നപ്പോഴേക്ക് റമസീസ് രണ്ടാമന്‍ മരിച്ചിരുന്നുവെന്നും അയാളുടെ പുത്രന്‍ മെര്‍നപ്തയാണ് പിന്നീട് വന്നതെന്നും ഇദ്ദേഹമാണ് ചെങ്കടലില്‍ മുങ്ങിമരിച്ചതെന്നുമത്രെ രണ്ടാം പക്ഷം.

റമസീസ് രണ്ടാമനായാലും മെര്‍നപ്തയായാലും മരിച്ച ആ ഫറോവയുടെ ജഡം അല്ലാഹു അന്ന് കടലില്‍നിന്ന് പുറത്തെത്തിച്ചു; എത്ര അഹങ്കരിച്ചാലും ദൈവം ചമഞ്ഞാല്‍ പോലും അവരുടെ അവസാനം മരണമായിരിക്കും എന്ന സത്യം അവരുടെ അനുയായികളെയും പിന്‍ഗാമികളെയും ബോധ്യപ്പെടുത്താന്‍.

മുങ്ങിമരിച്ചതെന്ന് കരുതപ്പെടുന്ന ഫറോവയുടെ ജഡം ക്രിസ്തുവര്‍ഷം 1881ല്‍ കടലില്‍ നിന്ന് ലഭിച്ചു. ഈ ജഡം രണ്ടായിരത്തിലേറെ വര്‍ഷക്കാലം സമുദ്രത്തില്‍ കിടക്കുകയായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.

എന്നാല്‍ ആധുനികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പണ്ഡിതരും മിക്കവരും മറ്റൊരു വീക്ഷണമാണ് അവതരിപ്പിക്കുന്നത്. ഫിര്‍ഔനിന്റെ ജഡം കടലില്‍നിന്നും അല്ലാഹു കരക്കെത്തിച്ചതായി ഖുര്‍ആന്‍ പറയുന്നു. പിന്നെങ്ങനെ നൂറ്റാണ്ടുകളോളം അത് നദിയില്‍ കിടക്കും എന്ന് അവര്‍ ചോദിക്കുന്നു.

കരയിലെത്തിയ ജഡം അനുയായികള്‍ രാജകീയമായി തീര്‍ത്ത കല്ലറയില്‍ അടക്കുകയും KV 7 എ ന്ന കല്ലറയില്‍ നിന്ന് പിന്നീട് കണ്ടെടുക്കപ്പെടുകയായിരുന്നുവെന്നും പറയുന്നവരുണ്ട്. മൃതദേഹത്തില്‍ നിന്നു ലഭിച്ച രേഖകളാണ് ഇത് മൂസാ നബി(മോശെ പ്രവാചകന്‍)യുടെ സമകാലികനായിരുന്നുവെന്ന അനുമാനത്തിന് നിദാനം.

ഫിര്‍ഔനിന്റെ ഈ മമ്മിയില്‍ ഗവേഷണം നടത്തിയതാണ് പ്രമുഖ ഫ്രഞ്ച് ചിന്തകനും ഈജിപ്‌റ്റോളജിസ്റ്റുമായിരുന്ന ഡോ. മോറിസ് ബുക്കായിയെ ഇസ്‌ലാമിലേക്കെത്തിച്ചത്. മുങ്ങിമരിച്ചതാണ് ഫിര്‍ഔനിന്റെ മമ്മിയെന്ന് അദ്ദേഹത്തിന് പരിശോധനയില്‍ ബോധ്യപ്പെടുകയുണ്ടായി.

Feedback
  • Tuesday Dec 3, 2024
  • Jumada ath-Thaniya 1 1446