പ്രവാചകന്‍ യൂസുഫിന്റെ ജീവിത കഥ ഖുര്‍ആന്‍ ഹൃദ്യമായി വരച്ചിടുന്നുണ്ട്. ഒരു നബിയുടെ ചരിത്രം ഒരധ്യായത്തില്‍ ആദ്യാവസാനം വിവരിക്കുന്നത് യൂസുഫിന്റെതുമാത്രമാണ്. അതിങ്ങനെ:
സൂര്യചന്ദ്രന്മാരും പതിനൊന്ന് നക്ഷത്രങ്ങളും തനിക്ക് പ്രണാമമര്‍പ്പിക്കുന്നതായി ബാലനായ യൂസുഫിന് ഒരിക്കല്‍ സ്വപ്ന ദര്‍ശനമുണ്ടായി. പിതാവ് യഅ്ഖൂബിനു മുമ്പില്‍ യൂസുഫ് ഈ സംഗതി അവതരിപ്പിച്ചു. സ്വപ്ന വ്യാഖ്യാനജ്ഞാനമുണ്ടായിരുന്ന പിതാവിന് യൂസുഫിനോട് വാത്സല്യം കൂടി. തന്റെമകനെയും അല്ലാഹു ദൂതനായി തെരഞ്ഞെടുത്തിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം സ്വപ്നവിവരം രഹസ്യമാക്കിവെക്കാന്‍ മകനെ ഉപദേശിച്ചു. പക്ഷേ, കുട്ടി സഹോദരന്മാരോട് കാര്യം പറഞ്ഞു പോയി.
ഇനിയും യൂസുഫിനെ വെച്ചിരുന്നാല്‍ ഗതിമുട്ടുമെന്ന് തിരിച്ചറിഞ്ഞ സഹോദരങ്ങള്‍ യൂസുഫിനെ പിതാവില്‍ നിന്നകറ്റാന്‍ വഴിതേടി. അങ്ങനെ, പിതാവിനെ പറഞ്ഞ് വിശ്വസിപ്പിച്ച് കളിക്കാനായി കാട്ടിലേക്ക് കൊണ്ടുപോയ യൂസുഫിനെ അവര്‍ നിഷ്‌കരുണം ഒരു കിണറ്റിലെറിഞ്ഞു. അവനെ ചെന്നായ ഭക്ഷണമാക്കിയെന്ന കള്ളവും അവര്‍ ചമച്ചു.
ഈജിപ്തിലേക്ക്
കിണറ്റിലെ ഇരുട്ടില്‍ പിതാവിനെയോര്‍ത്ത് കരഞ്ഞ യൂസുഫിന് ദൈവം തുണയായി. ഈജിപ്തിലേക്ക് അതുവഴി പോവുകയായിരുന്ന യാത്രാസംഘം വെള്ളമെടുക്കാന്‍ കിണറിനെ സമീപിച്ചതാണ് യൂസുഫിന് മോചന വഴിയായത്. കൗമാരത്തിലെത്തിയ സുമുഖനായ യൂസുഫിനെ ഒരു പ്രഭു കച്ചവടസംഘത്തില്‍ നിന്ന് വിലകൊടുത്തു വാങ്ങി.
പ്രഭുവിന്റ കൊട്ടാരത്തില്‍ വളരവെ, വീണ്ടും പരീക്ഷണമെത്തി. പ്രഭുവിന്റെ ഭാര്യ സുന്ദരനായ യൂസുഫില്‍ അനുരക്തയായി. അദ്ദേഹത്തെ വശത്താക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും യൂസുഫ് അവര്‍ക്ക് വഴങ്ങിയില്ല. അല്ലാഹുവിനെ ഭയപ്പെട്ട യൂസുഫ് തന്റെ യജമാനനെ വഞ്ചിക്കാനും ഒരുക്കമല്ലായിരുന്നു.
വാശിമൂത്ത യജമാനഭാര്യ ഒടുവില്‍ യൂസുഫിനെതിരെ ആരോപണമൂന്നയിച്ചു. എന്നാല്‍ യജമാനന് യൂസുഫിനെ വിശ്വാസമായിരുന്നു വാര്‍ത്ത പുറം ലോകമറിഞ്ഞതോടെ മുഖം രക്ഷിക്കാന്‍ നിരപരാധിയായ യൂസുഫിനെ ജയിലിലയക്കേണ്ടിവന്നു യജമാനന്. ജീവിത വിശുദ്ധി നിലനിര്‍ത്താന്‍ നല്ലത് തടവറയാണെന്ന് യൂസുഫും മനസ്സിലാക്കി.
തടവറയിലും യൂസുഫ് എല്ലാവര്‍ക്കും വേണ്ടപ്പെട്ടവനായിരുന്നു. സുന്ദരനും ഉന്നത സ്വഭാവത്തിന്റെ ഉടമയുമായ യൂസുഫ് ജയില്‍വാസം ഏകദൈവ വിശ്വാസ പ്രബോധനത്തിനുകൂടി വിനിയോഗിച്ചു. പല ദേവന്‍മാരെയും പ്രതിഷ്ഠിച്ചാരാധിച്ചിരുന്നവരെ അദ്ദേഹം ഏകദൈവാരാധനയിലേക്ക് ക്ഷണിച്ചു. ഇതിനിടെ രണ്ട് സഹതടവുകാര്‍ക്ക് അവര്‍ കണ്ട സ്വപ്നങ്ങളുടെ വ്യാഖ്യാനം അദ്ദേഹം പറഞ്ഞു കൊടുക്കുകയും ചെയ്തു. ഇത് ഒരു വഴിത്തിരിവായി. സ്വപ്നവ്യാഖ്യാനം സത്യമായി പുലര്‍ന്ന സഹതടവുകാരില്‍ ഒരാള്‍ അവിടുത്തെ രാജാവിന്റെ സേവകനായി മാറി. കാലം പിന്നെയും കടന്നുപോയി.
രാജാവ് ഒരിക്കല്‍ ഒരുകിനാവ് കണ്ടു. ഏഴു തടിച്ച പശുക്കളെ ഏഴു മെലിഞ്ഞ പശുക്കള്‍ ഭക്ഷണമാക്കുന്നു. ഏഴു പച്ചധാന്യക്കതിരുകളും ഏഴു ഉണങ്ങിയ കതിരുകളും. കിനാവിന്റെ പൊരുളറിയാന്‍ രാജാവ് സഭചേര്‍ന്നു. സ്വപ്ന വ്യാഖ്യാതാക്കളും ആസ്ഥാന പണ്ഡിതരും സ്വപ്നത്തെ കാര്യമായെടുത്തില്ല. 'അത് പേക്കിനാവാകും'. അവര്‍ ഉറപ്പിച്ചു.
രാജപരിചാരകന്‍ അപ്പോഴാണ് ജയിലിലെ സുഹൃത്തായിരുന്ന യൂസുഫിനെ ഓര്‍ത്തെടുത്തത്. അയാള്‍ യൂസുഫിനെ തേടിയെത്തി. സന്തോഷപൂര്‍വം അദ്ദേഹം വ്യാഖ്യാനം നല്‍കി: ''രാജ്യത്ത് ഏഴുവര്‍ഷം ക്ഷേമം കളിയാടും, തുടര്‍ന്നുവരുന്ന ഏഴുവര്‍ഷം കടുത്ത ക്ഷാമവും നേരിടും. അതിനാല്‍ ക്ഷേമകാലത്തെ അധിക വിളവ് ക്ഷാമകാലത്തേക്ക് കരുതിവെക്കുക.''
സേവകന്‍ ഇക്കാര്യം രാജാവിനെ അറിയിച്ചു ആഹ്ലാദചിത്തനായ രാജാവ് യൂസുഫിനെ കാണാന്‍ ആഗ്രഹിച്ചു. അദ്ദേഹത്തെ ജയില്‍മുക്തനാക്കാനും ഉത്തരവിട്ടു. എന്നാല്‍ തനിക്കെതിരായ ആരോപണം തെളിയിക്കപ്പെടാതെ ജയില്‍ മോചിതനാവില്ലെന്ന് സത്യസന്ധനായ യൂസുഫ് ശഠിച്ചു. രാജാവിന് അദ്ദേഹത്തില്‍ മതിപ്പ് കൂടിവന്നു.
പ്രഭുവിനെയും ഭാര്യയെയും അവരുടെ കൂട്ടുകാരികളെയും വിചാരണ ചെയ്യാന്‍ രാജാവ് കല്പിച്ചു. വിചാരണയില്‍ പ്രഭുപത്‌നിയും കൂട്ടുകാരികളും തെറ്റ് സമ്മതിച്ചു.