വിസ്തീര്‍ണം : 1,010,408 ച.കി.മി
ജനസംഖ്യ : 93,262,000 (2017)
അതിര്‍ത്തി : വടക്ക് കിഴക്ക് മധ്യധരണ്യാഴി, ഇസ്‌റാഈല്‍, കിഴക്ക് ചെങ്കടല്‍, തെക്ക് സുഡാന്‍, പടിഞ്ഞാറ് ലിബിയ
തലസ്ഥാനം : കെയ്‌റോ
മതം : ഇസ്‌ലാം
ഭാഷ : അറബി
കറന്‍സി : ഈജിപ്ഷ്യന്‍ പൗണ്ട്
വരുമാന സ്രോതസ്സ് : പെട്രോളിയം, യുറേനിയം, കൃഷി
പ്രതിശീര്‍ഷവരുമാനം : 12,994 ഡോളര്‍
ചരിത്രം:
വിശുദ്ധ ഖുര്‍ആന്‍ നാലിടങ്ങളില്‍ പേര് പറഞ്ഞ 'മിസ്വ് ർ ' ആണ് പില്‍ക്കാലത്ത് ഈജിപ്തായത്. അറബ് ജനതക്കിടയില്‍ ഇത് ഇപ്പോഴും മിസ്വ്ര്‍ തന്നെ. ഖുര്‍ആന്‍ സമ്പൂര്‍ണ കഥ പറഞ്ഞു തന്ന പ്രവാചകന്‍ യൂസുഫി(അ)ന്റെപ്രവര്‍ത്തന മണ്ഡലവും ഭരണപ്രദേശവുമായിരുന്നു മിസ്വ്ര്‍. ബി സി 600 വരെ മിസ്വ്‌റിനെ അടക്കിഭരിച്ചത് ഫറോവമാരാണ്. ഇതിലൊരു ഫറോവയുടെ കാലത്താണ് പ്രവാചകരായ മൂസാ(അ)യും ഹാറൂനും(അ) നിയോഗിതരാവുന്നത്. ഖിബ്ത്വികളുടെ കിരാതത്വത്തില്‍ നിന്ന് ഇസ്‌റാഈല്യരെ രക്ഷിച്ചെടുത്ത പ്രവാചകരുടെ കഥയും ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്.
പിന്നീട് ഗ്രീക്കുകാരും പേര്‍ഷ്യക്കാരും ഈജിപ്ത് വാണു. ക്രിസ്തുവര്‍ഷം 640ല്‍ ഉമര്‍(റ) ഖലീഫയായിരിക്കെയാണ് റോമന്‍ ആധിപത്യം തകര്‍ത്ത് അംറുബ്‌നുല്‍ ആസ്വ്(റ) ഈജിപ്തിനെ ഇസ്‌ലാമിക സാമ്രാജ്യത്തിലേക്ക് കൊണ്ടുവന്നത്. മിസ്വ്ര്‍ അതിന്റെ യശസ്സ് വീണ്ടെടുത്തത് ഇക്കാലത്താണ്.
അമവി, അബ്ബാസി, ഫാത്തിമി, അയ്യൂബി, മംലൂക്കി, ഉസ്മാനീ വാഴ്ചകളിലൂടെ കടന്നു പോയ നൈല്‍ നദിയുടെ ഈ തീരം 1922ല്‍ സ്വതന്ത്ര രാജ്യമായി. പട്ടാള ഭരണവും രാജവാഴ്ചയും ഊഴമിട്ട് കടന്നു വന്നു. 1953ല്‍ റിപ്പബ്ലിക്കാവുകയും ജനറല്‍ മുഹമ്മദ് നജീബ് പ്രസിഡന്റാവുകയും ചെയ്തു.
ജൂതരാഷ്ട്രമായ ഇസ്‌റാഈലുമായി 1967ലും 1973ലും യുദ്ധത്തിലേര്‍പ്പെട്ടു. അബ്ദുന്നാസിറിനു ശേഷം ഹുസ്‌നി മുബാറക് പ്രസിഡന്റായി. അറബ് ലോകത്തെ സുശക്തമായ രാജ്യമാണെങ്കിലും ഈജിപ്ത് എപ്പോഴും ആഭ്യന്തര സംഘര്‍ഷങ്ങളാല്‍ കലുഷിതമാണ്.
പ്രഥമ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലൂടെ 2012 ജൂണ്‍ 24ന് മുഹമ്മദ് മുര്‍സി പ്രസിഡന്റായി സ്ഥാനമേറ്റു. മുസ്‌ലിം ബ്രദര്‍ ഹുഡിനുകൂടി പ്രാതിനിധ്യമുള്ള മന്ത്രിസഭയും നിലവില്‍ വന്നു. എന്നാല്‍ പട്ടാള അട്ടിമറിയിലൂടെ 2013 ജൂലായ് മൂന്നിന് മുര്‍സി പുറത്താക്കപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തു! ജനറല്‍ അബ്ദുല്‍ ഫത്താഹ് സീസിയുടെ സൈന്യം ഭരണം പിടിച്ചെടുത്തു. പിന്നീട് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സീസിയാണ് ഈജിപ്ത് ഭരണത്തിനു നേതൃത്വം നല്‍കുന്നത് (2018).
രാഷ്ടീയ അസ്ഥിരതയൂടെ നാടാണെങ്കിലും വിജ്ഞാന പുഷ്‌ക്കലമാണ് ഈജിപ്ത്. നജീബ് മഹ്ഫൂസിനെപ്പോലുള്ള നോബല്‍ സമ്മാന ജേതാക്കളും യൂസുഫുല്‍ ഖറദാവിയെപ്പോലുള്ള മത പണ്ഡിതരും മിസ്വ്‌റിന്റെ സംഭാവനകളാണ്. മുന്‍കാലങ്ങളിലും ലോകം കണ്ട മികച്ച പണ്ഡിതര്‍ മിസ്വ്‌രികള്‍ തന്നെ. കെയ്‌റോ, അല്‍ അസ്ഹര്‍ എന്നീ വിഖ്യാത സര്‍വകലാശാലകളും ഈജിപ്തിന്റെ മണ്ണിലാണ്.
ജനസംഖ്യയില്‍ 90 ശതമാനത്തിലേറെയും സുന്നി മുസ്‌ലിംകളാണ്, പത്തു ശതമാനത്തോളം കോപ്റ്റിക് ക്രൈസ്തവരും. (വ്യവസ്ഥാപിതമായ സെന്‍സസ് നടക്കാത്തതിനാല്‍ കൃത്യമായ വിവരം ലഭ്യമല്ല).