ജയിലില്‍ നിന്നു പുറത്തുവന്ന യൂസുഫിന് അധികാരത്തില്‍ ഉന്നത പദവി നല്കി രാജാവ് ആദരിച്ചു. രാജ്യത്തെ ഖജനാവിന്റെ ചുമതലയാണ് നല്‍കിയത്. സാമ്പത്തിക അസമത്വവും അരാജകത്വവും നിലനിന്നിരുന്ന ഈജിപ്തില്‍ ധനികരും ദരിദ്രരും തമ്മിലുള്ള അകലം കൂടിവന്നിരുന്നു. ഇത് മാറ്റിയെടുക്കുകയെന്ന ലക്ഷ്യമാണ് യൂസുഫിനുണ്ടായിരുന്നത്.
ഈ രാജാവിന്റെ സ്വപ്നം പുലര്‍ന്നു, ഈജിപ്തിനെ ക്ഷാമം പിടികൂടി. കരുതിവെച്ച ധാന്യം ജനങ്ങള്‍ക്ക് നല്കി ഭരണകൂടം രക്ഷകരായി. പട്ടിണിയില്‍ കഴിഞ്ഞിരുന്ന അയല്‍ രാജ്യവാസികളും അന്നം തേടി ഈജിപ്തിലെത്തി. അവരില്‍ യഅ്ഖൂബിന്റെ മക്കളുമുണ്ടായിരുന്നു. സഹോദരന്‍മാരെ മാന്യമായി സ്വീകരിച്ച യൂസുഫ് പക്ഷേ, തന്നെ പരിചയപ്പെടുത്തിയില്ല. കൈ നിറയെ നല്‍കി യാത്രയാക്കുമ്പാള്‍ അദ്ദേഹം ഒരു നിബന്ധന മാത്രം വെച്ചു: ''ഇനി വരുമ്പോള്‍ ഇളയ സഹോദരനെ കൂടി കൊണ്ടുവരണം അല്ലെങ്കില്‍ ധാന്യം തരാനാവില്ല''.
എന്നാല്‍ മക്കളുടെ ആവശ്യം യഅ്ഖൂബ്(അ) തള്ളി. ''ഒരാളെ നഷ്ടപ്പെട്ടതിന്റെ വേദന മാറുന്നില്ല, ഇളയവനെ കൂടി നഷ്ടപ്പെടുത്താന്‍ ഞാനനുവദിക്കില്ല''. എന്നാല്‍ അവനില്ലാതെ പോകാന്‍ മക്കളും തയ്യാറായില്ല. അവസാനം അവനെ തിരിച്ചുകൊണ്ടുവരും എന്ന് അല്ലാഹുവിന്റെ നാമത്തില്‍ സത്യംചെയ്യിച്ച് ആ പിതാവ് അവനെ മക്കളോടൊപ്പം പറഞ്ഞയച്ചു.
പക്ഷേ, സംഭവിച്ചത് യഅ്ഖൂബ് ഭയപ്പെട്ടതു തന്നെയായിരുന്നു. യൂസുഫ് തന്റെ സഹോദരനെ തന്ത്രത്തിലൂടെ തന്നോടൊപ്പം നിര്‍ത്തി. ഇതറിഞ്ഞ സഹോദരങ്ങള്‍ നടുങ്ങി. “കരഞ്ഞു കരഞ്ഞു കാഴ്ച്ച മങ്ങിയ ഞങ്ങളുടെ വന്ദ്യപിതാവിനെയോര്‍ത്ത് അവനെ വിട്ടു തരണം” അവര്‍ കെഞ്ചി. പക്ഷേ, യൂസുഫ് പിന്മാറിയില്ല.
ഒരു മകന്‍ കൂടി നഷ്ടപ്പെട്ടതറിഞ്ഞ യഅ്ഖൂബ്(അ)പക്ഷേ, അല്ലാഹു തന്നെ പരീക്ഷിക്കുകയാവാമെന്ന് തിരിച്ചറിഞ്ഞു. അദ്ദേഹം നിരാശനായില്ല, ദിവ്യകാരുണ്യത്തില്‍ പ്രതീക്ഷവെച്ച് ക്ഷമയവലംബിക്കുകയും ചെയ്തു.
കുഞ്ഞുമോന്റെ വിവരമറിയാന്‍ പിതാവ് മക്കളെ വീണ്ടും പറഞ്ഞയച്ചു. ഇത്തവണ യൂസുഫ് അവരുമായി സംസാരിക്കുകയും നിങ്ങള്‍ കിണറ്റിലെറിഞ്ഞ യൂസുഫ് താന്നെന്ന രഹസ്യം വെളിപ്പെടുത്തുകയും ചെയ്തു! സഹോദരങ്ങള്‍ സ്തബ്ധരായി.
എന്നാല്‍ യൂസുഫ് അവരെ സാന്ത്വനിപ്പിച്ചു. ''അല്ലാഹു നിങ്ങള്‍ ചെയ്ത അവിവേകങ്ങളെല്ലാം പൊറുത്തുതരട്ടെ. അവന്‍ കരുണാവാരിധിയാണല്ലോ''(12:92).
പിതാവുമായി സമാഗമം
ആഹ്ലാദം അലതല്ലുന്ന ഹൃദയങ്ങളോടെ സഹോദരങ്ങള്‍ കന്‍ആനിലേക്ക് മടങ്ങി. അവരുടെ വശം യൂസുഫ് തന്റെ ഒരു വസ്ത്രവും കൊടുത്തുവിട്ടിരുന്നു. ഇത് മുഖത്തിട്ടതോടെ വന്ദ്യപിതാവിന് നഷ്ടപ്പെട്ട കാഴ്ച്ച തിരിച്ചുകിട്ടുകയും ചെയ്തു. മക്കള്‍ പിതാവിനോട് തെറ്റുകളെല്ലാം ഏറ്റുപറഞ്ഞു, യഅ്ഖൂബ് മക്കളെ സമാധാനിപ്പിച്ചു:
''ഞാന്‍ നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരാന്‍ പ്രാര്‍ഥിക്കാം. എന്റെ നാഥന്‍ മാപ്പ് നല്‍കുന്നവാനാണ്, കരുണാവാരിധിയും''(12:98).
പരീക്ഷണഘട്ടം വിജയകരമായി പിന്നിട്ട യഅ്ഖൂബ്(അ) നാഥന്റെ അനുഗ്രഹത്തണലില്‍ ഈജിപ്തിലെത്തി. മകന്‍ വന്ദ്യപിതാവിനെ സിംഹാസനത്തിലിരുത്തി. അന്നേരം പതിനൊന്ന് സഹോദരങ്ങളും മാതാപിതാക്കളും യൂസുഫിനെ കണ്‍കുളിര്‍ക്കെ നോക്കിനിന്നു. അതേ, ബാല്യത്തില്‍ യൂസുഫ് കണ്ട സ്വപ്നം സാക്ഷാത്ക രിക്കപ്പെടുകയായിരുന്നു അവിടെ.
എന്നാല്‍ യൂസുഫെന്ന ദൈവദൂതന്‍ വിനയത്തിന്റെ പ്രതിരൂപമായി പ്രാര്‍ഥനയിലലിഞ്ഞു: ''എന്റെ നാഥാ, എനിക്കു നീ അധികാരം നല്‍കി. സ്വപ്നവ്യാഖ്യാനം പഠിപ്പിച്ചു. ആകാശഭൂമികളുടെ സ്രഷ്ടാവേ, ഇഹപരങ്ങളില്‍ എന്റെ രക്ഷാധികാരി നീ മാത്രമാണ്. എന്നെ നീ മുസ് ലിമായി മരിപ്പിക്കണേ, സദ്‌വൃത്തരില്‍ ഉള്‍പെടുത്തുകയും ചെയ്യേണമേ''(12:101).
യൂസുഫ് തന്റെ സൗന്ദര്യം കൊണ്ട് മാത്രമല്ല, വിട്ടുവിഴ്ച, ക്ഷമ, വിനയം എന്നിവകൊണ്ടെല്ലാം ചരിത്രത്തെ പുളകം കൊള്ളിച്ച ദൈവദൂതനാണ്. നബിതിരുമേനി(സ്വ) പല നിര്‍ണായക വേളകളിലും യൂസുഫിനെ അനുസ്മരിച്ചതായി ഹദീസുകളില്‍ കാണാം.