ഉമറുബ്‌നുല്‍ ഖത്താബ്(റ) മരിക്കുമ്പോള്‍ തന്റെ പിന്‍ഗാമിയെ നിശ്ചയിച്ചിട്ടുണ്ടായിരുന്നില്ല. പകരം ആറംഗ സമിതിയെ നിശ്ചയിച്ചു, ഉസ്മാന്‍, അലി, അബ്ദുറഹ്മാനുബ്‌നു ഔഫ്, സുബൈറുബ്‌നുല്‍ അവ്വാം, ത്വല്‍ഹത്തുബ്‌നു ഉബൈദില്ല, സഅദ്ബ്‌നു അബീ വഖ്ഖാസ്(റ), അബ്ദുല്ലാഹിബ്‌നു ഉമര്‍ എന്നിവരാണ് സമിതിയംഗങ്ങള്‍.
ഇവര്‍ യോഗം ചേര്‍ന്നു. സുബൈര്‍, അലി, അബ്ദുറഹ്മാന്‍, ഉസ്മാന്‍ എന്നിവര്‍ ഖലീഫ സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടു. അബ്ദുറഹ്മാനുബ്‌നു ഔഫ് സ്വയം പിന്‍വാങ്ങി. ഉസ്മാനും അലിയും അവശേഷിച്ചു. രണ്ടുപേരും തിരുനബിയുടെ മരുമക്കള്‍, ഖുറൈശി ഗോത്രക്കാര്‍, മുഹാജിറുകള്‍.
ഖലീഫയെ തെരഞ്ഞെടുക്കേണ്ട ബാധ്യത ഇബ്‌നു ഔഫിനായി. അദ്ദേഹം എല്ലാവരുമായും ചര്‍ച്ച നടത്തി. അഭിപ്രായം സ്വരൂപിച്ചു. അനുവദിച്ച മൂന്നുദിവസം കഴിഞ്ഞു. അടുത്ത പ്രഭാതത്തില്‍, അഥവാ ഹിജ്‌റ 23 ദുല്‍ഹിജ്ജ 29ലെ സുബ്ഹ് നമസ്‌കാരം കഴിഞ്ഞ് ഉബ്‌നു ഔഫ് എഴുന്നേറ്റു നിന്നു. പ്രമുഖരെല്ലാം പള്ളിയിലുണ്ട്. അദ്ദേഹം അലിയെ വിളിച്ചു. കൈപിടിച്ചു. ''അല്ലാഹുവിന്റെ ഗ്രന്ഥത്തിനും പ്രവാചകചര്യക്കും അനുസൃതമായി പ്രവര്‍ത്തിക്കും എന്ന് താങ്കള്‍ ഉറപ്പു തരുമോ?'' ഇബ്‌നു ഔഫ് ചോദിച്ചു.
''എന്റെ അറിവും കഴിവും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും''. അലിയുടെ മറുപടി. അദ്ദേഹം അലിയുടെ കൈവിട്ട് ഉസ്മാനെ(റ) വിളിച്ചു. ഇതേ ചോദ്യം ആവര്‍ത്തിച്ചു. ''തീര്‍ച്ചയായും''. ഉസ്മാന്റെ മറുപടി അങ്ങനെയായിരുന്നു. ഇബ്‌നു ഔഫ് കൈകള്‍ മേലോട്ടുയര്‍ത്തിപ്പറഞ്ഞു: ''അല്ലാഹുവേ, നീ സാക്ഷി''.
അങ്ങനെ 70കാരനായ ഉസ്മാനുബ്‌നു അഫ്ഫാന്‍ മൂന്നാമത്തെ ഖലീഫയായി. അലി(റ) ഉള്‍പ്പെടെയുള്ളവര്‍ പുതിയ ഖലീഫക്ക് ബൈഅത്തു ചെയ്തു.
ഉമറി(റ)ന്റെ മരണത്തോടെ ഇസ്‌ലാമിന്റെ പതനം തുടങ്ങിയെന്ന പ്രചാരണത്തിന് ശക്തമായ മറുപടി നല്‍കാന്‍ ഉസ്മാന്‍(റ) തയ്യാറെടുത്തു.
നീതി മുസ്‌ലിംകളുടെയും അമുസ്‌ലിംകളുടെയും കാര്യത്തില്‍ ഭിന്നമാക്കാന്‍ പാടില്ല, ശത്രുവാണെങ്കില്‍ പോലും കരാര്‍ ലംഘനം പാടില്ല, സത്യവും വിശ്വസ്തതയും കൈവിടരുത്, അധികാരമേറ്റ ഉസ്മാന്‍(റ) ഗവര്‍ണര്‍മാര്‍ക്കയച്ച കത്തില്‍ തന്റെ നയം വ്യക്തമാക്കിയതിങ്ങനെയായിരുന്നു.
ഇസ്‌ലാമിക ഖിലാഫത്തിന്റെ വ്യാപനം
ഉമറി(റ)ന്റെ മരണം ചില അയല്‍ രാജ്യങ്ങള്‍ക്കും സമാധാന സന്ധിയില്‍ കഴിഞ്ഞിരുന്നവര്‍ക്കും ധൈര്യം പകര്‍ന്നപ്പോള്‍ അവര്‍ ഇസ്‌ലാമിനെതിരെ പടനീക്കമാരംഭിച്ചു. എന്നാല്‍ ഉസ്മാന്‍(റ) ധീരമായാണ് പ്രതികരിച്ചത്.
അര്‍മീനിയയും അസര്‍ബീജാനുമാണ് ആദ്യം ആക്രമണത്തിനൊരുങ്ങിയത്. എന്നാല്‍ കൂഫ ഗവര്‍ണര്‍ വലീദ് പാത്രിയാര്‍ക്കീസ് മോറിയാന്റെ വന്‍പടയെ തുരത്തി. അലക്‌സാണ്ട്രിയ തിരിച്ചുപിടിക്കാന്‍ റോമക്കാരും ഒരുങ്ങി. വന്‍ കപ്പല്‍പ്പടയുമായി വന്ന കോണ്‍സ്റ്റന്റൈന്‍ മോഹങ്ങളെ പക്ഷേ, ഈജിപ്ത് ഗവര്‍ണര്‍ അംറുബ്‌നുല്‍ ആസ്വ്(റ) തകര്‍ത്തുവിട്ടു.
ഇതിനിടെ, മുസ്‌ലിംകളുടെ ആദ്യ നാവികപ്പടയും ഉസ്മാന്റെ(റ) കാലത്ത് നിലവില്‍ വന്നു. സിറിയ ഗവര്‍ണര്‍ മുആവിയയാണ് സൈപ്രസ്സിലേക്കു കപ്പല്‍പ്പടയെ നിയോഗിച്ചത്.
മൊറോക്കോ കീഴടക്കാനെത്തിയ അബ്ദുല്ലാഹിബ്‌നു അബിസ്സര്‍ഹിനെയും കോണ്‍സ്റ്റന്റൈന്‍ നേരിട്ടു. ഇവിടെയും മുആവിയയുടെ നാവികപ്പട സഹായത്തിനെത്തി. വിജയം സ്വന്തമായപ്പോള്‍ മധ്യധരണ്യാഴി ഇസ്്‌ലാമിക ഖിലാഫത്തിനു കീഴിലായി.
ഈജിപ്ത്, സുഡാന്‍, റഷ്യ, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ കൂടുതല്‍ പ്രദേശങ്ങള്‍ മുസ്‌ലിംകളുടെ കീഴിലായത് ഉസ്മാന്റെ ഖിലാഫത്തിലാണ്. സ്‌പെയിനിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇസ്ലാം കടന്നുചെന്നതും ഇക്കാലത്താണ്.