പരശ്ശതം ഹദീസുകളില്‍ നിന്ന് വിശ്വസനീയമായവയെ തെരഞ്ഞെടുക്കുന്നതിന് ഹദീസ് പണ്ഡിതന്മാര്‍ ചില നിബന്ധനകളും മാനദണ്ഡങ്ങളും സ്വീകരിക്കുകയുണ്ടായി. ഹദീസ് ശേഖരണം വിശ്വാസയോഗ്യവും അവലംബനീയവും ആക്കാന്‍ അവര്‍ സ്വീകരിച്ച മാനദണ്ഡങ്ങളും നിബന്ധനകളും ഇങ്ങനെ സംഗ്രഹിക്കാം.
1) പ്രവാചകന്‍(സ്വ) ഇന്നയിന്ന കാര്യങ്ങള്‍ പറഞ്ഞുവെന്നോ ഇന്നത് ചെയ്തുവെന്നോ അസന്നിഗ്ധമായി പ്രസ്താവിച്ചിരിക്കണം.
2) നിവേദകര്‍ തന്നെ സന്നിഹിതനായിരുന്നുവെന്നോ പ്രവാചകന്‍(സ്വ) പറഞ്ഞതായി കേട്ടുവെന്നോ പ്രസ്താവിച്ചിരിക്കേണ്ടതും, നിവേദകര്‍ വിദൂരസ്ഥനായിരുന്നെങ്കില്‍ നിവേദക പരമ്പര പ്രവാചകനില്‍ ചെന്ന് അവസാനിക്കേണ്ടതുമാകുന്നു.
3) പ്രവാചകന്റെ അനുയായികളുടെ പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ കുറ്റാരോപണം ചെയ്യുന്നവരുടെ നിവേദനങ്ങള്‍ വര്‍ജ്യമാണ്.
4) അറബിഭാഷയ്ക്ക് അനുയോജ്യമല്ലാത്തതോ അന്തസ്സാരവിഹീനമോ ആയവ തള്ളപ്പെടേണ്ടതാണ്.
5) നിവേദകപരമ്പരയില്‍ ഓരോരുത്തരും തമ്മില്‍ കണ്ടതായി തെളിഞ്ഞിരിക്കണം.
6) ഓരോ നിവേദകനും കേള്‍ക്കുന്ന അവസരത്തില്‍ കേട്ടത് യഥാവിധി ഗ്രഹിക്കാവുന്നവിധം പ്രായമെത്തിയവനായിരിക്കണം.
7) പ്രസിദ്ധമായ ചരിത്രസംഭവങ്ങള്‍ക്ക് വിരുദ്ധമായവ നിരാകരിക്കണം.
8) ലഘുവായ കുറ്റങ്ങള്‍ക്ക് വലിയ ശിക്ഷയും തുച്ഛമായ കര്‍മത്തിന് ഭീമമായ പ്രതിഫലവും വാഗ്ദാനം ചെയ്യപ്പെടുന്നവ വര്‍ജ്യമാണ്.
9) നിവേദകരില്‍ പ്രവാചകന്‍(സ്വ) വരെയുള്ളവരില്‍ ഓരോരുത്തരും സത്യസന്ധതയിലും ഭക്തിയിലും സ്വഭാവത്തിലും സുപ്രസിദ്ധരായിരിക്കണം.
10) നിവേദകരില്‍ ഓരോരുത്തരും താന്‍ കേട്ടത് ശരിയായി മനസ്സിലാക്കുന്നതിനും കേട്ടത് വ്യത്യാസം കൂടാതെ നിവേദനം ചെയ്യുന്നതിനും പ്രാപ്തിയുള്ളവരായിരിക്കണം.
11) മുസ്‌ലിംകള്‍ പൊതുവെ അറിഞ്ഞിരിക്കേണ്ടതും തദനുസാരം പ്രവര്‍ത്തിച്ചിരിക്കേണ്ടതുമായിരുന്ന ഒരു കാര്യം ഒരാള്‍ മാത്രം കേട്ടുവെന്ന് അവകാശപ്പെടുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നപക്ഷം അത് സ്വീകരിക്കുകയില്ല.
12) സാമാന്യ യുക്തിക്കും ഇസ്‌ലാമില്‍ അറിയപ്പെട്ട തത്ത്വവ്യവസ്ഥകള്‍ക്കും വിരുദ്ധമായവ സ്വീകാര്യമല്ല.
13) ഖുര്‍ആനില്‍നിന്ന് അനിഷേധ്യമായി തെളിയുന്ന തത്ത്വങ്ങള്‍ക്ക് വിരുദ്ധമായത് സ്വീകാര്യമല്ല.
14) സര്‍വസമ്മതമായ നബി വചനങ്ങള്‍ക്ക് വിരുദ്ധമായതും സ്വീകാര്യമല്ല.