വിശുദ്ധ ഖുര്‍ആനിന്റെ ആധികാരിക വ്യാഖ്യാനവും പ്രായോഗിക മാതൃകയുമാണ് പ്രവാചകചര്യ. അല്ലാഹുവിനെയും പ്രവാചകനെയും അനുസരിക്കണമെന്നും അദ്ദേഹത്തിന്റെ മാതൃക പിന്‍പറ്റണമെന്നുമുള്ള ദൈവിക കല്പന പ്രവാചകചര്യയുടെ പ്രാമാണികതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ''ദൈവദൂതന്‍ നിങ്ങള്‍ക്ക് നല്‍കിയത് മുറുകെപ്പിടിക്കുക, അദ്ദേഹം വിലക്കിയത് കൈയൊഴിയുകയും ചെയ്യുക (59:7). അല്ലാഹുവിനെ പൂര്‍ണാര്‍ഥത്തില്‍ അനുസരിക്കണമെങ്കില്‍ അല്ലാഹുവിന്റെ ദൂതനായ മുഹമ്മദ് നബി(സ്വ)യുടെ ജീവിതചര്യയെ കൂടി അനുധാവനം ചെയ്യല്‍ അനുപേക്ഷണീയമാണ്. മുഹമ്മദ് നബി(സ്വ) യുടെ ജീവിതകാലത്ത് സഹാബികള്‍ക്കോ അവരുടെ കാലശേഷമുള്ള താബിഉകള്‍ക്കോ, പൂര്‍വസൂരികളായ പണ്ഡിതന്മാര്‍ക്കോ ഹദീസിന്റെ പ്രാമാണികതയില്‍ യാതൊരു സംശയവുമുണ്ടായില്ല. നബി(സ്വ) തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഇപ്രകാരം പറഞ്ഞു. ''ഹജ്ജിന്റെ അനുഷ്ഠാനങ്ങള്‍ പഠിക്കുക. ഈ വര്‍ഷത്തിന് ശേഷം ഒരു പക്ഷേ ഞാന്‍ നിങ്ങളെ കണ്ടില്ലെന്നു വന്നേക്കും''. മറ്റൊരിക്കല്‍ നബി(സ്വ) പറഞ്ഞു: ''എന്റെ ചര്യ ആര് അവഗണിച്ചുവോ അവനുമായി എനിക്ക് യാതൊരു ബന്ധവുമില്ല'' (ബുഖാരി, മുസ്‌ലിം).
മുആദുബ്‌നു ജബല്‍(റ)നെ നബി(സ്വ) യമനിലേക്ക് പ്രബോധനത്തിനായി നിയോഗിച്ച സന്ദര്‍ഭം. പ്രശ്‌നങ്ങള്‍ക്ക് എങ്ങനെയാണ് വിധി കണ്ടെത്തുക എന്ന് പ്രവാചകന്‍(സ്വ) ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. തദ്വിഷയകമായി ഖുര്‍ആന്റെ നിര്‍ദേശം എന്താണെന്ന് പരിശോധിക്കും. ഖുര്‍ആനില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന് ചോദിച്ചപ്പോള്‍ നബിയുടെ ചര്യ പരിശോധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന് ചോദിച്ചപ്പോള്‍ സ്വയം വിചിന്തനം ചെയ്ത് വിധിക്കുമെന്ന് അദ്ദേഹം മറുപടി പറഞ്ഞു. മുആദുബ്‌നു ജബല്‍ (റ)ന്റെ മറുപടിയില്‍ നബി(സ്വ) സംതൃപ്തി പ്രകടിപ്പിച്ചു. പ്രവാചകന്റെ വിയോഗാനന്തരം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ട അബൂബക്ര്‍(റ)ന്റെ ആദ്യ പ്രഖ്യാപനം ഇങ്ങനെയായിരുന്നു. ''ഞാന്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുന്നിടത്തോളം നിങ്ങളെന്നെ അനുസരിക്കുക, ഞാന്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കാത്ത പക്ഷം നിങ്ങളെന്നെ അനുസരിക്കേണ്ടതില്ല.'' അബൂബക്ര്‍(റ)ന്റെ നടപടിക്രമങ്ങളെക്കുറിച്ച് ഇബ്‌നുസീരീന്‍ പറയുന്നത് ഇപ്രകാരമാണ്. ''അബൂബക്ര്‍(റ)ന്റെ മുമ്പാകെ വല്ല പ്രശ്‌നവും വന്നാല്‍ തദ്‌സംബന്ധമായി ഖുര്‍ആനില്‍ വല്ല നിയമവുമുണ്ടോ എന്നദ്ദേഹം നോക്കും. ഇല്ലെങ്കില്‍ നബിയുടെ സുന്നത്തില്‍ എന്തെങ്കിലും മാതൃകയുണ്ടോ എന്നാരായും. അവിടെയും കണ്ടെത്തിയില്ലെങ്കില്‍ സ്വന്തം ഇജ്തിഹാദ് അനുസരിച്ച് തീരുമാനമെടുക്കും. എന്നിട്ട് ഇത് എന്റെ തീരുമാനമാണ്, ശരിയായി വന്നാല്‍ അത് അല്ലാഹുവിന്റെ ഔദാര്യമാണ് എന്നു പറയുകയും ചെയ്യും'' (ഇബ്‌നുല്‍ ഖയ്യിം ഇഅ്‌ലാമുല്‍ മുവഖിഈന്‍ 1:54).
രണ്ടാം ഖലീഫ ഉമര്‍(റ)ന്റെ നിലപാടും ഇതില്‍നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല. അദ്ദേഹം ഖാദിയായ ശുറൈഹി(റ)ന് അയച്ച കത്ത് ഇപ്രകാരമാണ്. ''താങ്കള്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ വല്ല വിധിയും കണ്ടാല്‍ അതനുസരിച്ച് തീര്‍പ്പ് കല്‍പ്പിക്കുക, അതുണ്ടായിരിക്കെ മറ്റൊന്നിലേക്കും ശ്രദ്ധ തിരിക്കരുത്. അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ വിധിയില്ലെങ്കില്‍ റസൂലിന്റെ സുന്നത്തില്‍ എന്ത് വിധിയാണോ ഉള്ളത് അതനുസരിച്ച് തീര്‍പ്പ് കല്‍പിക്കുക. അല്ലാഹുവിന്റെ ഗ്രന്ഥത്തിലും റസൂലിന്റെ സുന്നത്തിലും കണ്ടില്ലെങ്കില്‍ താങ്കളുടെ ഇജ്തിഹാദ് പ്രകാരം തീര്‍പ്പുകല്‍പ്പിക്കുകയോ കാത്തിരിക്കുകയോ ചെയ്യാം. കാത്തിരിക്കുന്നതാണ് എന്റെ വീക്ഷണത്തില്‍ ഉത്തമമായിട്ടുള്ളത് (ഇഅ്‌ലാമുല്‍ മുവഖിഈആന്‍ 1:61-62).
മൂന്നാം ഖലീഫ ഉസ്മാന്‍(റ) അധികാരമേറ്റ ഉടനെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രഖ്യാപിച്ചു. ''മനസ്സിലാക്കുക, ഞാന്‍ പിന്‍പറ്റുന്നവനാണ്. പുതിയ പാത തുറക്കുന്നവനല്ല. അല്ലാഹുവിന്റെ ഗ്രന്ഥത്തെയും നബിയുടെ സുന്നത്തിനെയും പിന്‍പറ്റുക എന്നതിനു പുറമെ നിങ്ങളോട് മൂന്ന് ബാധ്യതകള്‍ കൂടി എനിക്കുണ്ട്. ഒന്ന്: എനിക്ക് മുമ്പുള്ള ഖലീഫമാരുടെ ഭരണകാലത്ത് നിങ്ങള്‍ ഏകകണ്ഠമായി കൈക്കൊണ്ട തീരുമാനങ്ങളെയും സ്വീകരിച്ച മാര്‍ഗത്തെയും പിന്തുടരുക. രണ്ട്: നന്മയുടെ കാര്യത്തില്‍ ഏകകണ്ഠമായി എടുക്കുന്ന തീരുമാനങ്ങളെ പിന്‍പറ്റുക. മൂന്ന്: നിങ്ങള്‍ നിയമം ലംഘിക്കാതിരിക്കുവോളം നിങ്ങളുടെ മേല്‍ കൈവെക്കാതിരിക്കുക (താരീഖുത്ത്വബ്‌രി. 3-4.4.6).
നാലാം ഖലീഫ അലി(റ) അധികാരമേറ്റ ശേഷം പുറപ്പെടുവിച്ച ഓര്‍ഡിനന്‍സില്‍ ഇപ്രകാരം കുറിച്ചു: അറിയുക, അല്ലാഹുവിന്റെ ഗ്രന്ഥവും നബിയുടെ ചര്യയും അനുസരിച്ച് പ്രവര്‍ത്തിക്കുക, ഖുര്‍ആനും സുന്നത്തുമനുസരിച്ചുള്ള നിങ്ങളുടെ അവകാശങ്ങള്‍ നടപ്പിലാക്കുക, നബിയുടെ സുന്നത്ത് പ്രാവര്‍ത്തികമാക്കുക, (താരീഖുത്ത്വബ്‌രി 3-550). സുന്നത്തിനോടുള്ള ഇതര സ്വഹാബികളുടെ നിലപാടും ഇതുതന്നെയായിരുന്നു. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറഞ്ഞു. എന്തെങ്കിലും തീരുമാനമെടുക്കേണ്ടി വരികയാണെങ്കില്‍ ഞാനാദ്യം അല്ലാഹുവിന്റെ ഗ്രന്ഥത്തെ ആശ്രയിക്കും. അതില്‍ വിധി കണ്ടെത്താനായില്ലെങ്കില്‍ പ്രവാചകന്റെ ഹദീസ് പ്രകാരം തീരുമാനമെടുക്കും (അല്‍മുവാഖാത് 4:807).
സ്വഹാബികള്‍ക്ക് ശേഷം താബിഉകളും ഹദീസിനോട് ഇതേ സമീപനം തന്നെയാണ് പുലര്‍ത്തിയത്. മദ്ഹബിന്റെ ഇമാമുകളില്‍ പ്രഥമനായ ഇമാം അബൂഹനീഫ പറയുന്നു. വല്ല വിധിയും എനിക്ക് അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്ന് ലഭിച്ചാല്‍ ഞാന്‍ അതിന് പ്രാധാന്യം നല്‍കും. അതില്‍ വിധി കണ്ടെത്താനായില്ലെങ്കില്‍ റസൂലിന്റെ സുന്നത്തിനും പ്രാമാണികമായി അറിയപ്പെട്ട അദ്ദേഹത്തിന്റെ അസറുകള്‍ക്കും പ്രധാന്യം നല്‍കും. അതിലൊന്നും കണ്ടെത്താനായില്ലെങ്കില്‍ സഹാബികളുടെ ഇജ്മാഇ(ഏകാഭിപ്രായം)നെ അനുധാവനം ചെയ്യും. അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ എനിക്ക് യുക്തമെന്ന് തോന്നുന്ന സ്വഹാബിയുടെ അഭിപ്രായം ഞാന്‍ സ്വീകരിക്കും. അല്ലാത്തത് തള്ളിക്കളയുകയും ചെയ്യും. ഇതിനപ്പുറം വല്ലവരുടെയും അഭിപ്രായം ഞാന്‍ സ്വീകരിക്കുകയില്ല. അത്തരം കാര്യത്തില്‍ അവരെപ്പോലെ ഞാനും ഇജ്തിഹാദ് ചെയ്യും (അല്‍ഖത്തീബുല്‍ ബഗ്ദാദി- താരീഖുല്‍ ബഗ്ദാദ്). ഈ നിലപാട് ഇമാം മാലികിന്റെതു പോലെയായിരുന്നു.