Skip to main content

നിവേദകന്‍: ആക്ഷേപവും അംഗീകരണവും

ഹദീസിന്റെ നിവേദനം, ക്രോഡീകരണം, പ്രാമാണികത തുടങ്ങിയവയെക്കുറിച്ച പഠനം എന്നാണ് ഉലൂമുല്‍ഹദീസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ഹദീസിന് ഘടനാപരമായി രണ്ടു ഭാഗങ്ങളുണ്ട്. ഒന്ന്, നിവേദകപരമ്പര. ഇതിന് സനദ് എന്ന് പറയുന്നു. ഹദീസ് നിവേദനം ചെയ്യുന്ന വ്യക്തിക്ക് 'റാവി' എന്ന് പറയുന്നു. 'റാവി'കളുടെ ശൃംഖലയാണ് സനദ്. ഹദീസിന്റെ രണ്ടാം ഭാഗം 'മത്‌ന്' ആണ്. ഹദീസിന്റെ ഉള്ളടക്കമാണ് മത്‌ന്. അതിനാല്‍ സനദിനെയും മത്‌നിനെയും കുറിച്ചുള്ള സവിശേഷ പഠനമാണ് ഉലുമൂല്‍ഹദീസിലെ പ്രധാന ഉള്ളടക്കം.

നിവേദകരുടെ യോഗ്യതായോഗ്യതകളെ കുറിച്ചുള്ള പഠനം സ്വീകാര്യമായ ഹദീസുകള്‍ വേര്‍തിരിച്ചെടുക്കുന്നതിന് അനിവാര്യമായിരുന്നു. നിവേദകരുടെ നീതിബോധം, പ്രാമാണികത, ന്യൂനത, ദൗര്‍ബല്യം തുടങ്ങിയവ നിരൂപണം ചെയ്യപ്പെടുന്ന ഒരു വിജ്ഞാന ശാഖ നിലവില്‍ വന്നു. ''ഇല്‍മുല്‍ ജര്‍ഹി വത്തഅ്ദീല്‍' എന്ന പേരില്‍ അതറിയപ്പെട്ടു. ഹിജ്‌റ നാലാം നൂറ്റാണ്ടില്‍ ഈ രൂപത്തിലുള്ള പഠനം വളര്‍ന്നു വികസിച്ചു. ഇവ്വിഷയകമായി രചിക്കപ്പെട്ട പ്രഥമ ഗ്രന്ഥം ഹിജ്‌റ 405ല്‍ മരണപ്പെട്ട, അബൂമുഹമ്മദ് ഹസനുബ്‌നു അബ്ദിര്‍റഹ്മാന്‍ ഇബ്‌നുഖല്ലാദി റാമഹര്‍മൂസിയുടെ 'അല്‍മുഹദ്ദിസുല്‍ ഫാദ്വില്‍ ബൈനര്‍റാവി വല്‍വാഫീ' ആണ്. സ്വഹാബിമാരുടെ കാലം മുതല്‍ നിരവധി പണ്ഡിതര്‍ ഈ വിഷയത്തില്‍ പഠനം നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിത്തന്നെ നിവേദകരെയും ഹദീസിന്റെ സാധ്യതയെയും കുറിച്ച് ഉപവിജ്ഞാന ശാഖകളായിട്ട് തന്നെ പഠനം പുരോഗമിച്ചു.

ഇല്‍മു രിജാലില്‍ ഹദീസ് 

ഹദീസ് നിവേദകരെന്ന നിലക്ക് സ്വഹാബികളെ മനസ്സിലാക്കാനുള്ള ശ്രമമാണ് ഈ വിജ്ഞാന ശാഖ. ഇമാം ബുഖാരി ഇവ്വിഷയകമായ പഠനത്തിന് തുടക്കമിട്ടു. ഏഴാം നൂറ്റാണ്ടില്‍ ഇസ്സുദ്ദീന്‍ ഇബ്‌നുല്‍അസീര്‍ 'ഉസുദുല്‍ഗാബ ഫീ അസ്മാഇസ്വഹാബ' എന്ന പേരില്‍ ഈ വിഷയത്തില്‍ ബൃഹത്തായ ഗ്രന്ഥം രചിച്ചു. അതിന് ശേഷം ഹാഫിദ് ഇബ്‌നു ഹജരില്‍ അസ്ഖലാനി 'അല്‍ ഇസ്വാബതുഫീ തംയീസിസ്സ്വഹാബ' രചിച്ചു. അദ്ദേഹത്തിന്റെ ശിഷ്യന്‍ സൂയുഥീ 'ഐനുല്‍ഇസ്വാബ' എന്ന പേരില്‍ അത് സംഗ്രഹിച്ചു.

ഇല്‍മു മുഖ്തലിഫില്‍ ഹദീസ്

പരസ്പര വിരുദ്ധമെന്ന് തോന്നുമെങ്കിലും സംയോജിപ്പിക്കാവുന്നതായ ഹദീസുകളെക്കുറിച്ച പഠനം. ഇമാം ശാഫിഈ(ഹി:204) ഇഖ്തിലാഫുല്‍ ഹദീസ് എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഇബ്‌നുഖുതൈബ, അബൂയഹ്‌യാ സകരിയ്യ, ഇബ്‌നുയഹ്‌യാ സാജി (ഹി: 307),  ഇബ്‌നുല്‍ ജൗസി (ഹി:197), അബ്ദുല്ല അദ്ദിനവരി (ഹി:270) തുടങ്ങിയവര്‍ ഈ വിഷയത്തില്‍ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

ഇല്‍മു ഇലലില്‍ ഹദീസ്

ഹദീസിന്റെ സാധുതയെ ബാധിക്കുന്ന സൂക്ഷ്മമായ ന്യൂനതകളെക്കുറിച്ചുള്ള പഠനം. ഇബ്‌നുല്‍ മദീനി (ഹി:234), ഇമാം മുസ്‌ലിം (ഹി: 261), ഇബ്‌നു അബീഹാതിം (ഹി:327), അലിയ്യുബ്‌നു ഉമര്‍ ദാറഖുത്വ്‌നി (ഹി:375), മുഹമ്മദ്ബ്‌നു അബ്ദില്ല ഹാകിം (ഹി:405), ഇബ്‌നുല്‍ ജൗസി (ഹി:597) തുടങ്ങിയവര്‍ ഈ വിഷയത്തില്‍ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

ഇല്‍മു ഗരീബില്‍ ഹദീസ്

ആശയം അവ്യക്തമായ ഹദീസുകളെക്കുറിച്ചള്ള പഠനമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അബുഉബൈദ മഅ്മൂനുബ്‌നുല്‍ മുസന്ന (ഹി:310) ആണ് ഈവിഷയത്തില്‍ ആദ്യമായി ഗ്രന്ഥം രചിച്ചത്. അബൂഉബൈദ ഖാസിം ഇബ്‌നുസല്ലാമിന്റെ പ്രശസ്തമായ ഗരീബുല്‍ ഹദീസ് ഈ വിഷയത്തിലുള്ള പ്രധാന ഗ്രന്ഥമാണ്.

സമഖ്ശരി(ഹി:538)യുടെ അല്‍ഫായിഖു ഫീ ഗരിബില്‍ ഹദീസ്, ഇബ്‌നൂല്‍ അസീറിന്റെ അന്നിഹായതുഫി ഗരീബില്‍ ഹദീസ് വല്‍ അസര്‍, ഇമാം സുയൂത്വിയുടെ അദുര്‍റുല്‍ അസീര്‍ തുടങ്ങിയവയും ഈ വിഷയം പ്രതിപാദിക്കുന്ന രചനകളാണ്. 

ഇല്‍മു ന്നാസിഖ് വല്‍മന്‍സൂഖ് 

നിയമ പ്രാബല്യം റദ്ദ് ചെയ്യുന്നതും റദ്ദ് ചെയ്യപ്പെട്ടതുമായ ഹദീസുകളെ കുറിച്ച പഠനം. ഖതാദ അദ്ദൗസിയുടെ (ഹി:118) അന്നാസിഖുവല്‍മന്‍സൂഖ്, ഇബ്‌നു ശാഹിന്റെ (ഹി: 385) നാസിഖുല്‍ ഹദീസ് വല്‍മന്‍സൂഖുഹു,  അബൂബക്കര്‍ ഹമാദാനിയുടെ (ഹി: 584) അല്‍ഇഅ്തിബാരു ഫിന്നാസിഖി വല്‍ മന്‍സുഖ് തുടങ്ങിയവ ഈ വിഷയത്തെക്കുറിച്ച പ്രധാന രചനകളാണ്.

ഇല്‍മു താരിഖിര്‍റുവാത്

നിവേദകരുടെ ചരിത്രത്തെക്കുറിച്ച പഠനം : നിവേദകന്മാരുടെ ജനനമരണ തിയ്യതികള്‍, ജന്‍മസ്ഥലങ്ങള്‍, ഹദീസ് ശേഖരണാര്‍ത്ഥം പര്യടനം നടത്തിയ രാജ്യങ്ങള്‍, പ്രദേശങ്ങള്‍, ഹദീസ് കേള്‍ക്കാന്‍ തുടങ്ങിയ പ്രായം തുടങ്ങിയവയൊക്കെ ഈ വിജ്ഞാന ശാഖയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. മുഹമ്മദ്ബ്‌നു സഅ്ദിന്റെ ത്വബഖാത്തുല്‍കുബ്‌റാ, ഇമാം ബുഖാരിയുടെ അത്താരിഖുല്‍ കബീര്‍, ഇബ്‌നുഹജറില്‍ അസ്ഖലാനിയുടെ (ഹി:852) തഹ്ദീബുത്തഹ്ദീബ്, മുഹമ്മദ് നൈസാപൂരിയുടെ (ഹി:405) താരിഖുന്നൈസാപൂര്‍ തുടങ്ങിയവ ഈ ഗണത്തില്‍ പെടുന്നു.

ഇല്‍മുല്‍അസ്മാഇ വല്‍ കുനാ വല്‍ അല്‍ഖാബ് 

നിവേദകരുടെ പേര്, വിളിപ്പേര്, അപരനാമം എന്നിവയെക്കുറിച്ച പഠനം. മുഹമ്മദ് ദുലാബി (ഹി:320) യുടെ അല്‍കുനാ വല്‍ അസ്മാഅ്, അലിമദീനി (ഹി:234)യുടെ അല്‍അസ്മാഉവല്‍കുനാ, ദഹബിയുടെ (ഹി:748) അല്‍ മുശ്തബഹ് ഫീഅസ്മാഇര്‍റിജാല്‍ തുടങ്ങിയവ ഈ വിഷയകമായി രചിക്കപ്പെട്ടവയാണ്.

ഹദീസ് നിദാനശാസ്ത്രത്തിലെ വ്യത്യസ്ത വിഷയങ്ങളെ സവിശേഷമായി പഠിപ്പിക്കപ്പെടുന്ന ഈ രചനകള്‍ക്ക് പുറമെ ഈ വിജ്ഞാനശാഖയെ പൊതുവില്‍ ചര്‍ച്ച ചെയ്യുന്ന ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഇബ്‌നുഹജറില്‍ അസ്ഖലാനിയുടെ നുഖ്ബത്തുല്‍ ഫിക്‌രി ഫീ മുസ്വ്തലഹില്‍ അസര്‍, ഹാകിം നൈസാപുരിയുടെ മഅ്‌രിഫതു ഉലൂമില്‍ ഹദീസ് തുടങ്ങിയവ ഈ ഗണത്തില്‍ എടുത്ത് പറയേണ്ട രചനകളാണ്. 

Feedback