Skip to main content

ചീത്ത മനുഷ്യരുടെ ആത്മാവ് ബര്‍സഖില്‍

ജീവിതത്തില്‍ പാപങ്ങളാല്‍ ആത്മാവിനെ മലിനപ്പെടുത്തിയവന്റെ മരണം അതിഭീകരവും കയ്‌പേറിയതുമായ അനുഭവമാകുന്ന പോലെ ബര്‍സഖിലുള്ള ജീവിതവും അങ്ങേയറ്റം ക്ലേശവും ഞെരുക്കവുമുള്ളതാണ്. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഈ വിഷയകമായി വിശദീകരണം നല്‍കിയിട്ടുണ്ട്്്. അല്ലാഹു പറയുന്നു ''നരകം! രാവിലെയും വൈകുന്നേരവും അവര്‍ അതിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടും. ആ അന്ത്യസമയം നിലവില്‍വരുന്ന ദിവസം ഫിര്‍ഔന്റെ ആള്‍ക്കാരെ ഏറ്റവും കഠിനമായ ശിക്ഷയില്‍ പ്രവേശിപ്പിക്കുക (എന്ന് കല്‍പിക്കപ്പെടും) (40:46). മുഴുവന്‍ മ്ലേച്ഛാത്മാക്കള്‍ക്കും ഖബ്‌റിലെ ഈ ശിക്ഷാ അനുഭവം ബാധകമാണെന്ന് റസൂല്‍(സ) പഠിപ്പിക്കുന്നു. നിങ്ങളിലാരെങ്കിലും മരിക്കുകയാണെങ്കില്‍ അവന്ന് നിശ്ചയിക്കപ്പെട്ട ഇരിപ്പിടം ഓരോ ദിവസവും രാവിലെയും വൈകുന്നേരവും അവന്ന് കാണിക്കപ്പെടുന്നു. അവന്‍ സ്വര്‍ഗാവകാശികളിലാണെങ്കില്‍ സ്വര്‍ഗത്തിലെ ഇരിപ്പിടവും നരകാവകാശിയാണെങ്കില്‍ നരകത്തിലെ ഇരിപ്പിടവുമാണ് കാണിക്കപ്പെടുക, നിനക്ക് കിട്ടാന്‍ പോകുന്ന ഇരിപ്പിടം ഇതാ എന്നവരോട് പറയപ്പെടുകയുംചെയ്യും. നിന്നെ അല്ലാഹു ഖിയാമത്തുനാളില്‍ പുനരുജ്ജീവിപ്പിക്കുന്നതുവരെ ഈ പ്രക്രിയ തുടരുന്നതാണ് (ബുഖാരി).

അല്ലാഹു പറഞ്ഞു ''നിശ്ചയമായും നാമവരെ രണ്ടു പ്രാവശ്യം ശിക്ഷിക്കും. പിന്നീടവര്‍ ഭയങ്കര ശിക്ഷയിലേക്ക് തള്ളപ്പെടുകയും ചെയ്യും.'(9:101) കപടവിശ്വാസികള്‍ അനുഭവിക്കേണ്ടിവരുന്ന ശിക്ഷയെക്കുറിച്ച് വന്ന ഈ പരാമര്‍ശത്തില്‍ ആദ്യത്തേത് ഈ ദുനിയാവില്‍ വെച്ചുള്ളതാണ്. രണ്ടാമത്തേത് ബര്‍സഖില്‍ വെച്ചും പിന്നീടുള്ളത് ഖിയാമത്തിന് ശേഷം നരകത്തില്‍ വെച്ചും ആണെന്ന് വ്യക്തമാവുന്നു.

മ്ലേച്ഛാത്മാവ് ഖബ്‌റിലെ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്ന രംഗം നബി(സ)യില്‍ നിന്ന് വന്ന റിപ്പോര്‍ട്ട് ഇങ്ങനെയാണ്. നിന്റെ റബ്ബ് ആരാണ്? നിന്റെ മതമേതാണ്? നിന്റെ നബി ആരാണ്? തുടങ്ങിയ ചോദ്യങ്ങളാണ് വിശ്വാസി നേരിടുന്ന അവസാനത്തെ പരീക്ഷണം. അവന്‍ മറുപടി പറയും. എന്റെ റബ്ബ് അല്ലാഹുവാണ്. എന്റെ മതം ഇസ്‌ലാമാണ്. എന്റെ നബി മുഹമ്മദ്(സ)യാണ്. അപ്പോള്‍ ആകാശത്ത് നിന്ന് ഇപ്രകാരം വിളിച്ചു പറയപ്പെടും. എന്റെ ദാസന്‍ സത്യം പറഞ്ഞിരിക്കുന്നു. അവിശ്വാസിയായ ദുര്‍മാര്‍ഗിയെക്കുറിച്ച് അവിടുന്ന് പറഞ്ഞു. രണ്ടു മലക്കുകള്‍ വന്നിരിക്കും. എന്നിട്ടവര്‍ ചോദിക്കും, നിന്റെ റബ്ബ് ആരാണ്? അവന്‍ പറയും, ഹാഹ്..ഹാഹ്... എനിക്കറിയില്ല. പിന്നെയും അവനോട് ചോദിക്കും. നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ഈ മനുഷ്യനെക്കുറിച്ച് എന്ത് പറയുന്നു. അപ്പോള്‍ അവന് അദ്ദേഹത്തിന്റെ പേര് പറയാനാവില്ല. മുഹമ്മദ് എന്ന് അവരോട് പറയപ്പെടുമ്പോള്‍ അവര്‍ പറയും. ഹാഹ്.... ഹാഹ്... എനിക്കറിയില്ല. അതോടെ ആകാശത്ത് നിന്ന് വിളംബരമുണ്ടാകുന്നു. എന്റെ അടിമയുടെ വാക്കുകള്‍ അസത്യമാണ്. അവന് നരകത്തില്‍ നിന്നുള്ള ഒരു വിരിപ്പ് നല്‍കുക. നരകത്തിലേക്ക്   ഒരു വാതില്‍ തുറന്നു കൊടുക്കുകയും ചെയ്യുക. അതോടെ നരകത്തിന്റെ ചൂടും വേവും അങ്ങോട്ട് കടന്നുവരികയായി. വാരിയെല്ലുകള്‍ പരസ്പരം കോര്‍ക്കുമാറ് ഇരു പാര്‍ശ്വങ്ങളില്‍ നിന്നും ഖബ്ര്‍ ഞെരുക്കുന്നു. തുടര്‍ന്ന് വിരൂപിയും വൃത്തിഹീന വേഷധാരിയും ദുര്‍ഗന്ധം വമിക്കുന്നവനുമായ ഒരാള്‍ കടന്നുവരുന്നു. അയാള്‍ പറയും: നിനക്ക് പ്രയാസമുണ്ടാക്കുന്ന കാര്യം ഞാന്‍ സുവാര്‍ത്തയറിക്കുന്നു. ഇതാണ് നിന്നോട് വാഗ്ദാനം ചെയ്തിരുന്ന ദിവസം. അപ്പോള്‍ ചോദിക്കും തിന്മയുടെ സന്തോഷവാര്‍ത്തയും തിന്മയുടെ മുഖവുമായി വരുന്ന താങ്കള്‍ ആരാണ്? ഞാന്‍ താങ്കളുടെ തിന്മകളാണ് എന്ന് മറുപടി പറയും. തുടര്‍ന്ന് അന്ധനും ബധിരനും മൂകനുമായ ഒരാളെ കയ്യിൽ ഒരു ഇരുമ്പു ദണ്ഡുമായി അയക്കുന്നു. അതുകൊണ്ട് ഒരു മലയിലടിച്ചാല്‍ അത് മണ്ണായി മാറുന്നു. വീണ്ടും അവനെ പൂര്‍വസ്ഥിതിയിലേക്ക് മാറ്റുന്നു. വീണ്ടും അവനെ ശക്തിയായി പ്രഹരിക്കുന്നു. അതോടെ അവന്‍ കിടന്ന് അലറുന്നു. മനുഷ്യരും ജിന്നുമല്ലാത്ത എല്ലാവരും അത് കേള്‍ക്കും. തുടര്‍ന്ന് അവന് നരകത്തിലേക്ക് വാതില്‍ തുറക്കുകയും നരകവിരിപ്പ് നല്‍കുകയും ചെയ്യും. അവന്‍ പറയും നാഥാ! അന്ത്യനാള്‍ സംഭവിപ്പിക്കല്ലേ (അഹ്മദ്, അബൂദാവൂദ്). ഈ അവസ്ഥ പുനരുത്ഥാനം വരെ തുടരുകയും ചെയ്യുന്നു.

Feedback
  • Thursday Apr 3, 2025
  • Shawwal 4 1446