Skip to main content

ചീത്ത മരണം

അഹങ്കാരം, ഗര്‍വ്, ദേഹേഛ തുടങ്ങിയ ദുര്‍വികാരങ്ങള്‍ കൊണ്ട് ശുദ്ധപ്രകൃതിയെ മലിനപ്പെടുത്തി താന്തോന്നികളും ദൈവനിഷേധികളുമായി ജീവിച്ചവരുടെ ആത്മാവ് ആണ് മ്ലേഛാത്മാവ് (നഫ്‌സുന്‍ ഖബീസ) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആയുഷ്‌കാലമത്രയും ദുഷ്‌കൃത്യങ്ങളില്‍ കഴിച്ചുകൂട്ടിയ ഇവര്‍ മരിക്കാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ദുഷ്‌കൃത്യങ്ങളെ കുറിച്ചുള്ള ഓര്‍മ മരണത്തില്‍നിന്ന് വിരണ്ടോടാന്‍ അവരെ പ്രേരിപ്പിക്കുന്നു. അല്ലാഹു പറയുന്നു 'പറയുക ഹേ, ജൂതരായി ചമഞ്ഞവരേ, അല്ലാഹുവിന്റെ ഔലിയാക്കള്‍ (ഇഷ്ടജനങ്ങള്‍) മനുഷ്യരില്‍ ഞങ്ങള്‍ മാത്രമാണ് എന്ന് നിങ്ങള്‍ വാദിക്കുന്നുണ്ടെങ്കില്‍, അവരൊരിക്കലും അതു ആഗ്രഹിക്കുകയില്ല, അവര്‍ ചെയ്തുകൂട്ടിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി. അക്രമികളെ നന്നായി അറിയുന്നവനാണ് അല്ലാഹു.

ആത്മാവിനെ മലിനമാക്കിയവര്‍ മരണത്തെ സ്വാഗതം ചെയ്യാന്‍ സന്നദ്ധരല്ല എന്ന് അല്ലാഹു സൂചിപ്പിക്കുന്നു. 'നബിയേ പറയുക. തീര്‍ച്ചയായും ഏതൊരു മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടി അകലുന്നുവോ അത് തീര്‍ച്ചയായും നിങ്ങളുമായി കണ്ടുമുട്ടുന്നതാണ്. പിന്നീട് ദൃശ്യവും അദൃശ്യവും അറിയുന്നവന്റെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. അപ്പോള്‍ നിങ്ങള്‍  പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ് (62:8). മരണത്തെ ഭയപ്പെടുകയും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കെ മരണം അവനെ പെട്ടെന്ന് പിടികൂടുകയും ചെയ്യുന്നു. ഐഹിക ജീവിതവുമായി വേര്‍പെടുകയാണെന്ന് ഉറപ്പിച്ച് കാലുകള്‍ തമ്മില്‍ കെട്ടിപ്പിണയുകയും പ്രയാസത്തിന് മേല്‍ പ്രയാസത്തോടെ നാഥന്റെ അടുക്കലേക്ക് യാത്ര തിരിക്കുകയും ചെയ്യുന്നു. മലക്കുകളെ കാണുമ്പോഴേക്കും വിഹ്വലതയോടെ ശരീരത്തിന്റെ ഉള്‍ഭാഗത്തേക്ക് പിന്‍വലിയുന്ന മ്ലേഛാത്മാവിന്റെ വിലാപം ഇങ്ങനെയാണ്. 'നാഥാ കുറഞ്ഞ അവധിക്ക് ഒന്നു പിന്തിച്ചുതരാമോ, ഞാന്‍ ദാനധര്‍മങ്ങള്‍ ചെയ്തുകൊള്ളാം. സജ്ജനങ്ങളില്‍ ചേരുകയും ചെയ്യാം (63:10). പക്ഷേ അത് അവന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന വെറുംവാക്ക് മാത്രമാണെന്ന് അല്ലാഹു പറയുന്നു (23:100).

ആത്മാവിനെ മ്ലേഛമാക്കി സ്വയം അക്രമികളായിത്തീര്‍ന്ന കുറ്റവാളികളായ മനുഷ്യരോട് മലക്കുകള്‍ ഗര്‍ജ്ജിക്കുന്നു ''ആ അക്രമികള്‍ മരണവെപ്രാളത്തില്‍ ആയിരിക്കുന്ന രംഗം നീ കണ്ടിരുന്നെങ്കില്‍! നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിന്‍ എന്ന് പറഞ്ഞുകൊണ്ട് മലക്കുകള്‍ അവരുടെ നേരെ തങ്ങളുടെ കൈകള്‍ നീട്ടിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തത് പറഞ്ഞു കൊണ്ടിരുന്നതിന്റേയും അവന്റെ ദൃഷ്ടാന്തങ്ങളെ അഹങ്കരിച്ച് തള്ളിക്കളഞ്ഞിരുന്നതിന്റേയും ഫലമായി ഇന്ന് നിങ്ങള്‍ക്ക് ഹീനമായ ശിക്ഷ നല്‍കപ്പെടുന്നതാണ്. (എന്ന് മലക്കുകള്‍ പറയും).(6:93). മലക്കുകളുടെ ഈ ഗര്‍ജ്ജനം കേട്ട് ആത്മാവ് പേടിച്ച് വിറച്ച് പിന്നെയും ഉള്‍വലിയാനുള്ള ശ്രമം നടത്തുന്നു. ശരീരമാസകലം അടിച്ചുടച്ചു പാകപ്പെടുത്താന്‍  പരുഷ സ്വഭാവികളായ ആ മലക്കുകള്‍ തയ്യാറാവുന്നു. ചുട്ടുകരിക്കുന്ന ശിക്ഷ അനുഭവിക്കുകയല്ലാതെ അവന് നിവൃത്തിയില്ലാതാവുന്നു. സത്യനിഷേധികളുടെ മുഖങ്ങളിലും പിന്‍വശങ്ങളിലും അടിച്ചുകൊണ്ട് മലക്കുകള്‍ അവരെ മരിപ്പിക്കുന്ന സന്ദര്‍ഭം നീ കണ്ടിരുന്നെങ്കില്‍ അവര്‍ (മലക്കുകള്‍) അവരോട് പറയും 'ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക (8:50). നിങ്ങളുടെ കൈകള്‍ മുന്‍കൂട്ടി ചെയ്തുവെച്ചത് നിമിത്തമത്രെ അത്. അല്ലാഹു അടിമകളോട് ഒട്ടും അനീതി കാണിക്കുന്നവനല്ല എന്നതിനാലും. (8:51).

അവിശ്വാസികളുടെ ഇടയില്‍ ജീവിച്ച് സ്വന്തത്തോട് “അന്യായം'' പ്രവര്‍ത്തിച്ച മ്ലേഛാത്മാക്കളെ അല്ലാഹു മരണവേളയില്‍ പിടിച്ചെടുക്കുമ്പോള്‍ ചോദിക്കുന്ന ചോദ്യവും അവരുടെ മറുപടിയും ഖുര്‍ആന്‍ ഉദ്ധരിക്കുന്നു. 'അവിശ്വാസികളുടെ ഇടയില്‍തന്നെ (ജീവിച്ച്‌കൊണ്ട്) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും. നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും 'ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശംവിട്ട് അതില്‍ (എവിടെയെങ്കിലും) പലായനം ചെയ്ത് പോകാമായിരുന്നില്ലേ? എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതത്രെ ചീത്ത സങ്കേതം (4:97) അല്ലാഹു വീണ്ടും ചോദിക്കും. 'അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ അവന്റെ തെളിവുകളെ നിഷേധിച്ചു തള്ളുകയോ ചെയ്തവരേക്കാള്‍ കടുത്ത അക്രമി ആരാണ്? (അല്ലാഹുവിന്റെ) രേഖയില്‍ തങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ഓഹരി അത്തരക്കാര്‍ക്ക് ലഭിക്കുന്നതാണ്. അവസാനം അവരെ മരിപ്പിക്കാനായി നമ്മുടെ ദൂതന്മാര്‍ (മലക്കുകള്‍) അവരുടെ അടുത്ത് ചെല്ലുമ്പോള്‍ അവര്‍ പറയും, അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചു കൊണ്ടിരുന്നവരൊക്കെ എവിടെ? അവര്‍ പറയും അവരൊക്കെ ഞങ്ങളെ വിട്ടുപോയിക്കളഞ്ഞു. ഞങ്ങള്‍ സത്യനിഷേധികളായിരുന്നു. അവര്‍ക്കെതിരായി അവര്‍തന്നെ സാക്ഷ്യം വഹിക്കുകയും ചെയ്യും. അവന്‍ (അല്ലാഹു) പറയും. ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമായി നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ് പോയിട്ടുള്ള സമൂഹങ്ങളുടെ കൂട്ടത്തില്‍ നരകത്തില്‍ നിങ്ങളും പ്രവേശിച്ചുകൊള്ളുക. (7:37, 38).

മലക്കുകള്‍ അവരുടെ മുഖങ്ങളിലും പിന്‍ഭാഗങ്ങളിലും അടിച്ചുകൊണ്ട് അവരെ മരിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ എന്തായിരിക്കും അവരുടെ സ്ഥിതി? (47:27). ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇബ്‌നു അബ്ബാസ്(റ) ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. പാപികള്‍ മരിക്കുമ്പോള്‍ അവരുടെ മുഖത്തും പുറത്തും മലക്കുകള്‍ ഇരുമ്പ് ദണ്ഡുകൊണ്ട് അടിക്കും.

വിയര്‍പ്പില്‍ കുളിച്ചു കൊണ്ടുള്ള മ്ലേഛാത്മാവിനെ പുറത്തെടുക്കുമ്പോള്‍ ആകാശഭൂമികള്‍ക്കിടയിലും ആകാശങ്ങളിലുമുള്ള എല്ലാ മലക്കുകളും അതിനെ ശപിക്കുകയും ആകാശകവാടങ്ങളെല്ലാം ബന്ധിക്കപ്പെടുകയും ഓരോ കവാടത്തിലുള്ള മലക്കുകള്‍ അതിനെ ഇങ്ങോട്ടടുപ്പിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതാണ് എന്ന് ഹദീസില്‍ നിന്ന് വ്യക്തമാവുന്നു (അഹ്മദ്). ഇങ്ങനെ തിന്മകളില്‍ ജീവിച്ച് അവസാന നിമിഷം വരെ ദൈവകാരുണ്യമായ പാപമോചനത്തിന് അര്‍ഹതയില്ലാതെയുള്ള അന്ത്യമാണ് ചീത്തമരണം.
 

Feedback