Skip to main content

സത്യവിശ്വാസികള്‍ പുനരുത്ഥാന നാളില്‍

ഖബറിടത്തില്‍ വെച്ച് സുഖനിദ്രയും കഴിഞ്ഞ് തങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്വര്‍ഗീയ സൗഭാഗ്യത്തെക്കുറിച്ചുള്ള സന്തോഷവാര്‍ത്തയും ലഭിച്ച് സന്തോഷഭരിതരും സമാധാനചിത്തരുമായി മഹ്ശറില്‍ അവര്‍ ഒരുമിച്ചു കൂട്ടപ്പെടുന്നു. സജ്ജനങ്ങളായ ഭയഭക്തന്മാരെ അതിഥികളെപ്പോലെ ആദരിച്ചും നിവേദക സംഘത്തെപ്പോലെ ബഹുമാനിച്ചുംകൊണ്ടായിരിക്കും ഖിയാമത്തുനാളില്‍ ഒരുമിച്ചു കൂട്ടുന്നത്. ''ഭയഭക്തന്മാരെ പരമകാരുണികനായുള്ളവന്റെ അടുക്കലേക്ക് വിശിഷ്ടാതിഥികളെന്ന നിലയില്‍ നാം ഒരുമിച്ചുകൂട്ടുന്ന ദിവസം'' (19:85). അവരുടെ മുഖങ്ങളില്‍ ആ സന്തോഷം തെളിഞ്ഞു കാണുമെന്നും അല്ലാഹു പറയുന്നു. ''അന്ന് ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും. ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയുമായിരിക്കും'' (80:38,39). ദു:ഖമോ ഭയമോ അവരുടെ മുഖങ്ങളില്‍ പ്രകടമാവില്ല. മലക്കുകള്‍ ആശ്വാസവാക്കുകള്‍കൊണ്ട് അവരെ വരവേല്‍ക്കും. മഹാവിഭ്രമം അവരെ വ്യസനിപ്പിക്കുകയില്ല. ഏതൊരു ദിവസത്തെക്കുറിച്ച് നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവോ ഇതാണ് നിങ്ങളുടെ ആ ദിവസം എന്ന് പറഞ്ഞുകൊണ്ട്(21:103), എന്റെ ദാസന്മാരേ ഇന്ന് നിങ്ങള്‍ക്ക് യാതൊരു ഭയവുമില്ല, നിങ്ങള്‍ ദു:ഖിക്കേണ്ടതുമില്ല (43:68) എന്ന് അവരോട് പറയപ്പെടും.

അല്ലാഹു ഇഷ്ടപ്പെടുന്ന കര്‍മങ്ങള്‍ അവന്റെ തൃപ്തിയാഗ്രഹിച്ചുചെയ്തുകൊണ്ടിരിക്കെ ഈ ദുനിയാവില്‍നിന്ന് വേര്‍പെട്ട് പോകുന്ന വിശ്വാസികളുടെ പുനരുത്ഥാനവുമായി ബന്ധപ്പെട്ട് പ്രവാചകന്‍(സ) ചിലകാര്യങ്ങള്‍ പറഞ്ഞ്തന്നിട്ടുണ്ട്. ഹജ്ജിലോ ഉംറയിലോ പ്രവേശിച്ച് ഇഹ്‌റാമിലായിരിക്കെ മൃതിയടയുന്നവര്‍ 'തല്‍ബിയഃ' ചൊല്ലിക്കൊണ്ടായിരിക്കും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്. എന്നതാണതിലൊന്ന്. നബി(സ)യോടൊപ്പം ഹജ്ജിനുണ്ടായിരുന്ന ഒരാള്‍ ഒട്ടകപ്പുറത്ത് നിന്ന് വീണ് മരിക്കുകയുണ്ടായി. അപ്പോള്‍ നബി(സ) പറഞ്ഞു. അവനെ താളിയും വെള്ളവുമപയോഗിച്ച് കുളിപ്പിക്കുക. അവന്റെ വസ്ത്രത്തില്‍തന്നെ കഫന്‍ ചെയ്യുക. സുഗന്ധം പൂശുകയോ തലമറയ്ക്കുകയോ അരുത്. കാരണം അവന്‍ അന്ത്യനാളില്‍ പുനരുജ്ജീവിപ്പിക്കപ്പെടുന്നത് തല്‍ബിയഃ ചൊല്ലിക്കൊണ്ടായിരിക്കും (ബുഖാരി, മുസ്‌ലിം).

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിച്ചവര്‍ പരലോകത്ത് വരുമ്പോള്‍ അവന്റെ മുറിവുകളില്‍ രക്തമൊലിച്ചുകൊണ്ടിരിക്കും.  അതിന്റെ വാസന കസ്തൂരിയുടേതുമായിരിക്കുമെന്ന് നബി വചനങ്ങളില്‍ വന്നിരിക്കുന്നു.

മഹ്ശറിലുള്ള അനിശ്ചിതത്വവും പ്രയാസങ്ങളും വിശ്വാസികളെയും വിഷമിപ്പിക്കാതിരിക്കില്ല. വളരെ അന്തസ്സോടുകൂടി അവരവിടെ ഉപചരിക്കപ്പെടുന്നതാണ്. അന്നത്തെ എല്ലാ വിഷമങ്ങളും ദുര്‍ഘടങ്ങളും സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം വളരെ നിസ്സാരമായിരിക്കും. ദുന്‍യാവില്‍ വെച്ച് ഒരു നേരത്തെ നിര്‍ബന്ധ നമസ്‌കാരം നിര്‍വഹിക്കുന്നതിനേക്കാള്‍ ലഘുവായി മാത്രമേ മൊത്തത്തില്‍ അതനുഭവിപ്പിക്കപ്പെടുകയുള്ളൂവെന്ന് റസൂല്‍(സ) പറഞ്ഞിട്ടുണ്ട് (അഹ്മദ്).

വിചാരണയും വിധിനിര്‍ണയവുമൊക്കെ നടക്കാനിരിക്കുന്ന കാര്യങ്ങളായതുകൊണ്ട് അല്പം അസ്വസ്ഥത സ്വാഭാവികമായി വിശ്വാസികള്‍ക്ക് അതുണ്ടാക്കുന്നുണ്ട്. മഹ്ശറിലുള്ള നിറുത്തം അനിശ്ചിതമായി മുന്നോട്ട് പോകുന്നതില്‍ വിഷമിച്ചുകൊണ്ട് വിചാരണയെ കാത്തുകഴിയുകയാണ് വിശ്വാസികളും. സത്യവിശ്വാസികളില്‍ പ്രത്യേക സത്കര്‍മങ്ങള്‍കൊണ്ട് ശ്രേഷ്ഠരായിട്ടുള്ളവരെ പുനരുത്ഥാന നാളില്‍ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നതിനെക്കുറിച്ച് റസൂല്‍(സ) പറഞ്ഞു തന്നിട്ടുണ്ട്. ''തനിക്ക് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നവനായിരിക്കെ തന്റെ കോപം അടക്കിവെക്കുന്നവനെ പുനരുത്ഥാന നാളില്‍ അല്ലാഹു സൃഷ്ടികളുടെ മുന്നിലേക്ക് ക്ഷണിക്കുന്നതാണ്. തുടര്‍ന്ന് അവനുദ്ദേശിക്കുന്ന ഹുറൂല്‍ഈനെ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നതാണ് (തുര്‍മുദി). 

പുനരുത്ഥാന നാളില്‍ പ്രത്യേക മഹത്വം ലഭിക്കുന്നവരില്‍ ഉള്‍പ്പെടുന്നവരാണ് ബാങ്ക് വിളിക്കുന്നവന്‍. ''ബാങ്ക്‌വിളിക്കുന്നവന്‍ പുനരുത്ഥാന നാളില്‍ നീണ്ട കഴുത്തുള്ളവനായിരിക്കും' (മുസ്‌ലിം). നീണ്ട കഴുത്തുളളവന്‍ എന്ന പ്രയോഗം അവരുടെ കര്‍മത്തിന്റെ മഹത്വത്തെ സൂചിപ്പിക്കുന്നു. ബാങ്ക് വിളിക്കുന്നവന്റെ ശബ്ദം കേള്‍ക്കുന്ന ജിന്നും മനുഷ്യനും മറ്റെല്ലാ വസ്തുക്കളും അവന്ന്‌വേണ്ടി പുനരുത്ഥാന നാളില്‍ സാക്ഷ്യം വഹിക്കുന്നതാണ് (ബുഖാരി).

പരലോകത്ത് ആദ്യന്തം മുഴുവന്‍ മനുഷ്യരും കൊണ്ടുവരപ്പെടുമ്പോള്‍ അവര്‍ക്കിടയില്‍ വുദുവിന്റെ കാരണത്താല്‍ കൈകാലുകളും മുഖവും പ്രകാശിക്കുന്നവരായിട്ടാണ് എന്റെ അനുയായികളു ണ്ടാവുകയെന്ന് നബി(സ) പറഞ്ഞിട്ടുണ്ട് (മുസ്‌ലിം).
 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446