Skip to main content

സ്വീകാര്യമായ ശിപാര്‍ശ

സ്വന്തം കര്‍മഫലം മാത്രം പ്രയോജനപ്പെടുന്ന ലോകമാണ് പരലോകം. ശിപാര്‍ശകള്‍ക്കും പ്രായശ്ചിത്തങ്ങള്‍ക്കും കൈക്കൂലികള്‍ക്കും നഷ്ടപരിഹാരങ്ങള്‍ക്കും ഇടമില്ലാത്ത നീതിയുടെ നേര്‍വിധി നടക്കുന്ന ലോകമാണത്. കരളിന്റെ കഷ്ണമെന്ന് നബി(സ) വിശേഷിപ്പിച്ച സ്വന്തം മകള്‍ ഫാത്വിമ(റ)യെ പോലും അല്ലാഹു ശിക്ഷിക്കുകയാണെങ്കില്‍ ശിപാര്‍ശചെയ്ത് രക്ഷിക്കാന്‍ മുഹമ്മദ് നബി(സ)ക്ക് പോലും കഴിയില്ലെന്ന് വ്യക്തമാക്കപ്പെട്ട ലോകമാണത്. എന്നാല്‍ ചില പ്രത്യേക ആളുകള്‍ക്കും കാര്യങ്ങള്‍ക്കും ശിപാര്‍ശചെയ്യാനും മറ്റു ചില വിശിഷ്ട വ്യക്തികള്‍ക്ക് ശിപാര്‍ശ വാങ്ങാനും അവിടെ അര്‍ഹതയുണ്ടെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. 

പരലോകത്ത് നടക്കാനിരിക്കുന്ന ഈ ശിപാര്‍ശയെ ഇഹലോകത്ത് നമുക്ക് പരിചയമുള്ള ശിപാര്‍ശയുമായി താരതമ്യപ്പെടുത്തി ഒരിക്കലും മനസ്സിലാക്കാവതല്ല. അല്ലാഹുവിന് മാത്രം  അധികാരമുള്ള പരലോകത്ത് ശിപാര്‍ശക്കുള്ള അവസരവും അനുവാദവും മുഹമ്മദ് നബി(സ)ക്ക് പോലും നല്‍കുന്നത് അവന്റെ ഉദ്ദേശ്യങ്ങള്‍ക്കും തീരുമാനത്തിനും അനുസരിച്ച് മാത്രമാണ്. പരലോകത്ത് നടക്കാനിരിക്കുന്ന ശിപാര്‍ശയുടെ സ്വഭാവമെന്തായിരിക്കണമെന്നും അതിനുള്ള നിബന്ധനകള്‍ എന്തൊക്കെയാണെന്നും പരിശുദ്ധ ഖുര്‍ആനില്‍ നിന്ന് മനസ്സിലാക്കാം. മലക്കുകള്‍, പ്രവാചകന്‍, മഹാത്മാക്കള്‍ തുടങ്ങി അല്ലാഹുവിന്റെ സാമീപ്യം നേടിയ ആരുടേയും ശിപാര്‍ശ പ്രകാരം പരലോകത്ത് രക്ഷപ്പെടാന്‍ കഴിയുമെന്ന മിഥ്യാധാരണ വെച്ചു പുലര്‍ത്തുന്നവരെ വിശ്വാസികള്‍ക്കിടയില്‍ ധാരാളമായി കാണാന്‍ കഴിയും. അവര്‍ ശിര്‍ക്കിലേക്ക് വഴിമാറി പോകുകയും പരലോകത്തെക്കുറിച്ച് തന്നെയുള്ള വിശ്വാസം നഷ്ടപ്പെട്ട് വഞ്ചിതരായി കഴിയുകയും ചെയ്യുന്നുണ്ട്. ശിപാര്‍ശയുമായി ബന്ധപ്പെട്ട് നാം മനസ്സിലാക്കേണ്ട അടിസ്ഥാനപരമായ ഏതാനും കാര്യങ്ങള്‍ ഇവിടെ പരാമര്‍ശിക്കുന്നു.

1) അല്ലാഹുവിങ്കല്‍ നിന്ന് അനുമതി ലഭിച്ചവര്‍ക്കല്ലാതെ ശിപാര്‍ശ നിര്‍വ്വഹിക്കാന്‍ കഴിയില്ല. അല്ലാഹുവിന്റെ സന്നിധിയിലേക്ക് സ്വമേധയാ ഒരാള്‍ക്ക് വന്ന് ശിപാര്‍ശ പറയാന്‍ സാധ്യമല്ല. അല്ലാഹു ചോദിക്കുന്നു ''അവന്റെ അനുവാദ പ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശിപാര്‍ശ നടത്താനാരുണ്ട്?'' (2:255).

അന്ന് പരമകാരുണികനായുള്ളവന്റെ അടുക്കല്‍ വല്ല കരാറും ഉണ്ടാക്കിവെച്ചിട്ടുള്ളവനല്ലാതെ ശിപാര്‍ശക്ക് അധികാരമുണ്ടായിരിക്കുന്നതല്ല.

സത്യവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും വഴി അല്ലാഹുവിങ്കല്‍ നല്ല നില സമ്പാദിച്ചവര്‍ക്കു മാത്രമേ അവിടെ ശിപാര്‍ശയുടെ അനുവാദമുള്ളൂ. ശിപാര്‍ശചെയ്യാനും ശിപാര്‍ശ അനുഭവിക്കാനുമുള്ള അനുവാദം അവര്‍ക്ക് മാത്രമേ നല്‍കപ്പെട്ടിട്ടുള്ളൂ. ശിപാര്‍ശ ചെയ്യാനായി അല്ലാഹു ചിലര്‍ക്ക് അനുവാദം നല്‍കുന്നതിലൂടെ അല്ലാഹു അവരെ ആദരിക്കുകയാണ് ഉദ്ദേശിക്കുന്നത്.

2) അല്ലാഹു ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി മാത്രമേ ശിപാര്‍ശ പറയാന്‍ അവിടെ സാധിക്കുകയുള്ളൂ. അപ്പോള്‍ മുശ്‌രിക്കുകള്‍ക്കോ അല്ലാഹു ഇഷ്ടപ്പെടാത്ത മറ്റുള്ളവര്‍ക്കോ ശിപാര്‍ശയുടെ ഫലം ലഭ്യമല്ല. അല്ലാഹു പറയുന്നു ''അന്നേ ദിവസം പരമകാരുണികനായുള്ളവന്‍ ഏതൊരുവന് അനുവാദം നല്‍കുകയും അവന് വേണ്ടി (വല്ലതും) പറയുവാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നുവോ അങ്ങിനെയുള്ളവനല്ലാതെ ശുപാര്‍ശ ഫലംചെയ്യുകയില്ല (20:109).

''അവന്‍ തൃപ്തിപ്പെട്ടവര്‍ക്ക് വേണ്ടിയല്ലാതെ അവര്‍ ശിപാര്‍ശ ചെയ്യുകയില്ല. അവരാകട്ടെ അവനെ സംബന്ധിച്ച് ഭയം നിമിത്തം പേടിച്ചുകൊണ്ടിരിക്കുന്നവരുമാണ് (21:28).

ആകാശങ്ങളില്‍ എത്രയോ മലക്കുകള്‍ ഉണ്ട്, അവരുടെ ശിപാര്‍ശ ഒട്ടും തന്നെ ഉപകരിക്കുകയില്ല. അല്ലാഹു ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക് (ശിപാര്‍ശ ചെയ്യുവാന്‍) അവന്‍ അനുവാദം നല്‍കിയതിന് ശേഷമല്ലാതെ (53:26).

അല്ലാഹുവിന്റെ ആദരണീയരായ അടിമകളായ മലക്കുകള്‍ക്ക് പോലും അല്ലാഹു തൃപ്തിപ്പെടുകയും ഉദ്ദേശിക്കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടിയല്ലാതെ ശിപാര്‍ശ ചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ലെന്നാണ് ഉപരിസുചിത ഖുര്‍ആന്‍ സൂക്തങ്ങള്‍ പഠിപ്പിക്കുന്നത്.

3) ശിപാര്‍ശ ചെയ്യാന്‍ അനുവാദം ലഭിച്ചവര്‍ക്ക് തന്നെ ശരിക്ക് അറിയാവുന്നതും അല്ലാഹു അനുവാദം നല്‍കന്നതുമായ കാര്യത്തില്‍ മാത്രമേ ശിപാര്‍ശക്ക് അനുമതിയുള്ളൂ. അല്ലാഹു പറയുന്നു ''അവന് പുറമെ അവര്‍ വിളിച്ചു (പ്രാര്‍ഥിച്ചുകൊണ്ട്) കൊണ്ടിരിക്കുന്നവര്‍ക്ക് ശിപാര്‍ശ ചെയ്യാന്‍ അധികാരം (കഴിവ്) ഉണ്ടാകുന്നതല്ല. അറിഞ്ഞുകൊണ്ട് സത്യത്തിന് സാക്ഷ്യം വഹിച്ചതാരോ അവര്‍ക്കല്ലാതെ'' (43:86).

റൂഹൂം (ആത്മാവും) മലക്കുകളും അണിയായി നില്‍ക്കുന്ന ദിവസം (അന്ന്) പരമകാരുണികനായുള്ളവന്‍ ഏതൊരുവന്‍ അനുമതി നല്‍കുകയും സത്യം പറയുകയും ചെയ്തിരിക്കുന്നുവോ അവനല്ലാതെ (ആരുംതന്നെ) അന്ന് സംസാരിക്കുകയില്ല '' (78:38).

4)  ശുദ്ധമായ ഏക ദൈവാരാധന ജീവിതത്തില്‍ പുലര്‍ത്തിയവര്‍ക്ക് മാത്രമേ ശിപാര്‍ശ ലഭിക്കാന്‍ അര്‍ഹതയുണ്ടാവുകയുള്ളൂ എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്.

നബി (സ)യോട് അബൂഹുറയ്‌റ(റ) ഒരിക്കല്‍ ചോദിച്ചു. ''താങ്കളുടെ ശിപാര്‍ശകൊണ്ട് സൗഭാഗ്യവാന്മാരാകുന്നത് ആരാണ്? അവിടുന്ന് പറഞ്ഞു. ആരാണോ ലാഇലാഹ ഇല്ലല്ലാഹ്  (അല്ലാഹു അല്ലാതെ ആരാധ്യനില്ല) എന്ന് മന:ശുദ്ധിയോടുകൂടി പറയുന്നത് അവര്‍ക്കാണ് അതുള്ളത് (ബുഖാരി).

ഇത്തരം നിബന്ധനകള്‍ക്ക് വിധേയവും, അല്ലാഹു തന്റെ പൂര്‍ണാധികാരത്തില്‍ ഒതുക്കിയതും അനര്‍ഹമായി ലഭിക്കാത്തതുമായതുകൊണ്ടാണ് വിശ്വാസികളെ ഇങ്ങനെ ഉദ്‌ബോധിപ്പിക്കാന്‍ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നത്.

''താങ്കളുടെ രക്ഷിതാവിങ്കലേക്ക് ഒരുമിച്ചു കൂട്ടപ്പെടുമെന്ന് ഭയപ്പെടുന്നവര്‍ക്ക് ഇത് (ദിവ്യബോധനം) മുഖേന നീ താക്കീത് നല്‍കുക. അവന് പുറമെ യാതൊരു രക്ഷാധികാരിയും ശിപാര്‍ശകനും അവര്‍ക്കില്ല. ഇതുവഴി അവര്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം (6:51).
 

Feedback
  • Thursday Apr 3, 2025
  • Shawwal 4 1446