കടുത്ത ചൂടില്‍ മനുഷ്യര്‍ വിയര്‍പ്പില്‍ മുങ്ങി അങ്ങേയറ്റം ദുരിതവും പ്രയാസവുമായി കഴിയുന്ന വിചാരണക്ക് മുമ്പുള്ള വിഷമഘട്ടത്തില്‍ പരമകാരുണികനായ അല്ലാഹുവിന്റെ പ്രത്യേകമായ തണലും സംരക്ഷണവും ലഭിക്കുന്നത് വളരെയധികം സന്തോഷകരമായ അനുഭവമായിരിക്കും. ഈ സൗഭാഗ്യം സിദ്ധിക്കുന്ന വിശ്വാസികളില്‍പ്പെട്ട ഏഴ്‌വിഭാഗം ആളുകളെ നബി(സ) പരിചയപ്പെടുത്തുന്നു.
''ഏഴ് വിഭാഗമാളുകള്‍! അല്ലാഹു നല്‍കുന്ന തണലല്ലാതെ മറ്റൊരുതണലും ലഭിക്കാത്ത ദിവസത്തില്‍ തണല്‍ ലഭിക്കുന്നവരാണ.് (ഒന്ന്) നീതി നിഷ്ഠനായ നേതാവ്. (രണ്ട്) തന്റെ രക്ഷിതാവിന്നായുള്ള ആരാധനയില്‍ വളര്‍ന്നുവന്ന യുവാവ്. (മൂന്ന്) പള്ളികളില്‍ മനസ്സ് ബന്ധിക്കപ്പെട്ട മനുഷ്യന്‍. (നാല്) അല്ലാഹുവിന്റെ പേരില്‍ പരസ്പരം സ്‌നേഹിക്കുകയും അവന്റെ പേരില്‍ സംഗമിക്കുകയും അവന്റെ പേരില്‍തന്നെ പിരിയുകയും ചെയ്യുന്ന രണ്ടു പേര്‍. (അഞ്ച്) കുലീനയും സുന്ദരിയുമായ സ്ത്രീ അവിഹിത വേഴ്ചക്ക് ക്ഷണിച്ചപ്പോള്‍ ''ഞാന്‍ അല്ലാഹുവിനെ ഭയപ്പെടുന്നു'' വെന്ന് പറഞ്ഞവന്‍. (ആറ്) വലതുകൈ ചെലവഴിക്കുന്നത് ഇടതുകൈ അറിയാതെ രഹസ്യമാക്കി വെച്ചവന്‍. (ഏഴ്) ഏകനായിരുന്ന് അല്ലാഹുവിനെ ഓര്‍ത്ത് കണ്ണീര്‍ വാര്‍ക്കുന്നവന്‍ (ബുഖാരി-മുസ്‌ലിം).
ഈ ഏഴ് കൂട്ടര്‍ക്ക് പുറമെ മറ്റു ചിലരെയും റസൂല്‍(സ) ആ ഗണത്തില്‍പ്പെടുത്തിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞു ''ഞെരുങ്ങുന്നവന് സാവകാശമുണ്ടാക്കുകയോ അവനില്‍നിന്ന് അത് നീക്കുകയോ ചെയ്യുന്നവന് അല്ലാഹു അവന്റെ തണല്‍ ഇട്ടുകൊടുക്കുന്നതാണ് (മുസ്‌ലിം).
''തന്നോട് കടബാധ്യതയുള്ളവന് അതില്‍ സാവകാശം നല്‍കുകയോ അത് ഒഴിവാക്കിക്കൊടുക്കുകയോ ചെയ്യുന്നവന്‍ പുനരുത്ഥാന നാളില്‍ 'അര്‍ശിന്റെ തണലിലായിരിക്കും' (അഹ്മദ്, ദാരിമി). ഒട്ടേറെ പേര്‍ ഈ ഗണത്തില്‍ ഉള്‍പ്പെടുന്നതായി ഇബ്‌നു ഹജര്‍(റ) രേഖപ്പെടുത്തുന്നുണ്ട്.
ഇഹലോകത്ത് പ്രയാസമനുഭവിക്കുന്നവരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാനോ അകറ്റാനോ നടത്തുന്ന പ്രയത്‌നങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ വലിയ പ്രതിഫലം ലഭിക്കുന്ന കാര്യങ്ങളാണ്. സൃഷ്ടികളോടുള്ള കാരുണ്യവും ആര്‍ദ്രതയും സ്രഷ്ടാവിന്റെ കാരുണ്യത്തിന് അവരെ അര്‍ഹരാക്കുമെന്ന് തിരുദൂതര്‍ പഠിപ്പിച്ചിട്ടുണ്ട്. നബി(സ) പറയുന്നു ''ഒരു വിശ്വാസിയുടെ ഐഹിക ജീവിതത്തിലെ പ്രയാസങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നവന് പുനരുത്ഥാന നാളില്‍ അവന്റെ പ്രയാസങ്ങള്‍ക്ക് അല്ലാഹു ആശ്വാസം നല്‍കുന്നതാണ്. ഞെരുക്കമനുഭവിക്കുന്നവന് സൗകര്യം ചെയ്തുകൊടുത്തവന് ഇഹത്തിലും പരത്തിലുമുള്ള പ്രയാസങ്ങള്‍ അല്ലാഹു ലഘൂകരിക്കുന്നതാണ്. ഒരു മുസ്‌ലിമിന്റെ രഹസ്യങ്ങള്‍ മറച്ചുപിടിക്കുന്നവന് അല്ലാഹു ഇഹത്തിലും പരത്തിലും രഹസ്യങ്ങള്‍ മറച്ചു വെക്കുന്നതാണ്. ഒരാള്‍ തന്റെ സഹോദരനെ സഹായിക്കുന്ന കാലത്തോളം അല്ലാഹു അവനെയും സഹായിച്ചു കൊണ്ടിരിക്കും (മുസ്‌ലിം).
പുനരുത്ഥാന നാളില്‍ മനുഷ്യര്‍ക്ക് പരസ്പരം സഹായിക്കാനോ സംരക്ഷണം നല്‍കാനോ കഴിയാതെ വിഷമസന്ധിയില്‍ കഴിഞ്ഞുകൂടുമ്പോള്‍ പരമകാരുണികനായ അല്ലാഹുവിന്റെ സഹായത്തിനും കാരുണ്യത്തിനും അവരെ അര്‍ഹരാക്കുന്നത് ഐഹികജീവിതത്തില്‍ സഹജീവികളോട് കാണിച്ച ആര്‍ദ്രതയോടും വിട്ടുവീഴ്ചയോടും കൂടിയുള്ള പെരുമാറ്റമാണ്.