Skip to main content

കപടവിശ്വാസികള്‍ പ്രവാചകന്റെ കാലത്ത്

ഹൃദയത്തില്‍ സത്യ നിഷേധവും സത്യത്തോട് പുഛഭാവവും പുലര്‍ത്തുകയും പുറമെ വിശ്വാസം നടിക്കുകയും ചെയ്യുന്ന വിഭാഗമാണ് കപട വിശ്വാസികള്‍. നബി(സ)യുടെ മദീന ജീവിതത്തില്‍ ഇത്തരം കപട വിശ്വാസികള്‍ മുസ്‌ലിംകള്‍ക്ക് പ്രയാസം സൃഷ്ടിച്ചു. മുസ്‌ലിങ്ങളുമായി സന്ധിയിലും രമ്യതയിലും കഴിഞ്ഞു കൂടിയിരുന്ന ഇവരുടെ ഹൃദയത്തില്‍ യഥാര്‍ഥ വിശ്വാസമുണ്ടായിരുന്നില്ല. വിശ്വാസികളുടെ മുന്നില്‍ കപടവേഷം കെട്ടിയാടിയിരുന്ന ഇവര്‍ സത്യനിഷേധത്തെ മനസ്സില്‍ തന്നെ ഒളിപ്പിച്ചു നിര്‍ത്തി. വളരെ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ മാത്രമേ കാപട്യത്തിന്റെ പരസ്യ ശബ്ദം അവരില്‍ നിന്ന് പുറത്ത്‌വന്നുള്ളൂ. അതാകട്ടെ വിശ്വാസികളെ ചികതരാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു. ഇസ്‌ലാമിനെ ഒറ്റുകൊടുക്കാനും മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും പ്രതിലോമകരമായ കുതന്ത്രങ്ങളാവിഷ്‌കരിക്കാനും മാത്രം നിലകൊണ്ട ആളുകളായിട്ടേ കപടവിശ്വാസികള്‍ ചരിത്രത്തില്‍ ഇടം നേടിയിട്ടുള്ളൂ. വഞ്ചനയും കുതന്ത്രവും മുഖമുദ്രയാക്കിയ ഇക്കൂട്ടരാണ് യഥാര്‍ത്ഥത്തില്‍ അവിശ്വാസികളേക്കാള്‍ മുസ്‌ലിം സമൂഹത്തിന് ദോഷം ചെയ്യുന്നത്. 

പ്രവാചകന്‍(സ)യുടെ കാലത്ത് മുസ്‌ലിംങ്ങള്‍ക്ക് വളരെ വിഷമതകള്‍ മുനാഫിക്കുകളെക്കൊണ്ട് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ അവരുടെ തനിനിറം തുറന്നുകാട്ടി വിശ്വാസികള്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട്. അവരെപ്പറ്റിയുള്ള സത്യാവസ്ഥ വിശ്വാസികള്‍ അറിയാതെ പോയാല്‍ അതവര്‍ക്ക് കൂടുതല്‍ അപകടം വരുത്തിവെക്കുകയും ചെയ്യും. യുദ്ധരംഗത്ത് കപടവിശ്വാസികള്‍ വളരെയേറെ വിഷമതകള്‍ ഉണ്ടാക്കിയിട്ടുണ്ട്. പ്രവാചകന്‍(സ)യെ മദീനയില്‍ നിന്ന് പുറത്താക്കണമെന്നു വരെ അവര്‍ രഹസ്യമായി പ്രസ്താവിച്ചു. മദീനയില്‍ പ്രവാചകന്‍(സ)യുടെ പള്ളിക്ക് സമാന്തരമായി ഒരു പള്ളി നിര്‍മിച്ചു. പ്രവാചകപത്‌നി ആഇശ(റ)യെ സംബന്ധിച്ച് അപവാദം പ്രചരിപ്പിച്ചു. അവരുടെ സമൂഹദ്രോഹ നടപടികള്‍ പലപ്പോഴും അവര്‍ ന്യായീകരിച്ചു. ഖുര്‍ആന്‍ അക്കാര്യം ഇങ്ങനെ വ്യക്തമാക്കുന്നു. ''നിങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാതിരിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ ഞങ്ങള്‍ സദ് പ്രവര്‍ത്തനങ്ങള്‍ മാത്രമാണല്ലോ ചെയ്യുന്നത് എന്നായിരിക്കും അവരുടെ മറുപടി. എന്നാല്‍ യഥാര്‍ഥത്തില്‍ അവര്‍ തന്നെയാകുന്നു കുഴപ്പക്കാര്‍. പക്ഷേ അവരത് മനസ്സിലാക്കുന്നില്ല''(2:11,12). 

മനസ്സില്‍ ഒരു വിശ്വാസം പുലര്‍ത്തുകയും പുറത്ത് മറ്റൊന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന കപടവിശ്വാസികളുടെ അടയാളങ്ങളും അവരുടെ നിലപാടുകളും അവര്‍ക്കുണ്ടായ ദുരന്തപരിണതിയും പരലോകത്തെ നിന്ദ്യമായ ശിക്ഷയുമൊക്കെ ഖുര്‍ആനിക സൂക്തങ്ങളിലൂടെയും പ്രവാചക വചനങ്ങളിലൂടെയും നമുക്ക് വ്യക്തമാക്കിതന്നിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ 'മുനാഫിഖൂന്‍' എന്ന പേരില്‍ ഒരു അധ്യായം (63) തന്നെയുണ്ട്. 
 

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446