അല്ലാഹുവിനെയും അല്ലാഹുവിന്റെ റസൂലിനെയും വഞ്ചിക്കാനും മുസ്‌ലിം സമൂഹത്തിന്റെ ഐക്യം ശിഥിലമാക്കാനും ഇസ്‌ലാമിനെ ശത്രുക്കള്‍ക്ക് ഒറ്റുകൊടുക്കാനും ആവന്നതെല്ലാം ചെയ്ത കപടവിശ്വാസികളോട് എന്തു നിലപാട് സ്വീകരിക്കണമെന്ന വിഷയത്തില്‍ വിശുദ്ധഖുര്‍ആന്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നമുക്ക് നല്‍കിയിട്ടുണ്ട്. കപട വേഷധാരികള്‍ എക്കാലത്തും അവരുടെ കുതന്ത്രങ്ങളും വഞ്ചനാപരമായ നിലപാടുകളും തുടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ഖുര്‍ആന്‍ നല്‍കുന്ന ഈ നിര്‍ദ്ദേശങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്.
1) അവരോട് സമരം ചെയ്യുക, കര്‍ക്കശ നിലപാട് സ്വീകരിക്കുക
സത്യവിശ്വാസികള്‍ക്ക് എളിമയുടെ ചിറക് താഴ്ത്തി അവരോട് വിനയപൂര്‍വം പെരുമാറാന്‍ കല്‍പ്പിച്ച വിശുദ്ധ ഖുര്‍ആനില്‍ മുനാഫിഖുകളോട് മൃദുലസമീപനം പാടില്ല എന്നും വളരെ കാര്‍ക്കശ്യത്തോടെയാണ് പെരുമാറേണ്ടത് എന്നും ഉണര്‍ത്തുന്നു. '' നബിയേ, സത്യനിഷേധികളോടും കപട വിശ്വാസികളോടും സമരം ചെയ്യുകയും അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്ത തന്നെ(9:73).
2) അവര്‍ക്ക് പാപമോചനത്തിന് പ്രാര്‍ഥിക്കാതിരിക്കുക
മുനാഫിഖുകള്‍ അല്ലാഹുവിന്റെ മാപ്പിനും കനിവിനും അര്‍ഹരല്ല. അത് കൊണ്ട് തന്നെ അവര്‍ക്ക് വേണ്ടി പാപമോചനത്തിനായി പ്രാര്‍ഥിക്കാന്‍ പാടില്ല. അല്ലാഹു പറയുന്നു:
''നബിയേ, നീ അവര്‍ക്ക് വേണ്ടി പാപമോചനം തേടിക്കൊള്ളുക. അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടി പാപമോചനം തേടാതിരിക്കുക. നീ അവര്‍ക്ക് വേണ്ടി എഴുപത് പ്രാവശ്യം പാപമോചനം തേടിയാലും അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കകയില്ല. അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിച്ചതു കൊണ്ടത്രെ അത്. ധിക്കാരികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല'' (9:80).
3) അവരുടെ ജനാസ നമസ്‌കരിക്കരുത്
''അവരുടെ കൂട്ടത്തില്‍ നിന്ന് മരണപ്പെട്ട യാതൊരാളുടെ പേരിലും നീ ഒരിക്കലും നമസ്‌കരിക്കരുത്. അവന്റെ ഖബ്‌റിന്നരികില്‍ നില്‍ക്കുകയും ചെയ്യരുത്. തീര്‍ച്ചയായും അവര്‍ അല്ലാഹുവിലും അവന്റെ ദൂതരിലും അവിശ്വസിക്കുകയും ധിക്കാരികളായിക്കൊണ്ട് മരിക്കുകയും ചെയ്തിരിക്കുന്നു''(9:84).