Skip to main content

കപടവിശ്വാസികള്‍: ഖുര്‍ആനിലെ ഉപമകള്‍

കപടവിശ്വാസികളെക്കുറിച്ച് അവരുടെ കാപട്യത്തിന്റെ തനിനിറം ബോധ്യപ്പെടുത്താനായി ചില ലക്ഷണങ്ങളും അടയാളങ്ങളും എടുത്തു പറഞ്ഞുകൊണ്ട് അല്ലാഹു ഉപമയിലൂടെ വ്യക്തിമാക്കിത്തരുന്നുണ്ട്.

1) ഹൃദയത്തില്‍ രോഗമുള്ളവര്‍
''അതല്ല, ഹൃദയങ്ങളില്‍ രോഗമുള്ള ആളുകള്‍, അല്ലാഹു അവരുടെ ഉള്ളിലെ പക വെളിപ്പെടുത്തുകയേയില്ല എന്നാണോ വിചാരിച്ചത്? നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ നിനക്ക് അവരെ നാം കാട്ടിത്തരുമായിരുന്നു. അങ്ങനെ അവരുടെ ലക്ഷണം കൊണ്ട് നിനക്ക് അവരെ മനസ്സിലാക്കാമായിരുന്നു. സംസാര ശൈലിയിലൂടെയും നിനക്ക് അവരെ മനസ്സിലാക്കാവുന്നതാണ്. അല്ലാഹു നിങ്ങളുടെ പ്രവൃത്തികള്‍ അിറയുന്നവനാണ്'' (47:29,30).

2) വഞ്ചകന്മാര്‍
''ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്ന ചില ആളുകളുണ്ട്.  (യഥാര്‍ഥത്തില്‍) അവര്‍ വിശ്വാസികളല്ല. അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്. (വാസ്തവത്തില്‍) അവര്‍ ആത്മവഞ്ചന മാത്രമാണ് ചെയ്യുന്നത്. അവരത് മനസ്സിലാക്കുന്നില്ല''(2:8,9).

3) ബധിരര്‍, ഊമകള്‍, അന്ധര്‍
''അവരെ ഉപമിക്കാവുന്നത് ഒരാളോടാകുന്നു. അയാള്‍ തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ ഇരുട്ടില്‍(തപ്പുവാന്‍) അവരെ വിടുകയും ചെയ്തു(2:17). ബധിരരും ഊമകളും അന്ധന്മാരുമാകുന്നു അവര്‍. അതിനാല്‍ അവര്‍ (സത്യത്തിലേക്ക്) മടങ്ങുകയില്ല''(2:18).

4) സുന്ദരസ്വരൂപമുള്ളവര്‍, വാഗ്ചാതുരിയുള്ളവര്‍
നീ അവരെ കാണുകയാണെങ്കില്‍ അവരുടെ ശരീരങ്ങള്‍ നിന്നെ അത്ഭുതപ്പെടുത്തും. അവര്‍ സംസാരിക്കുന്ന പക്ഷം നീ അവരുടെ വാക്ക് കേട്ടിരുന്നു പോകും. അവര്‍ ചാരിവെച്ച മരത്തടികള്‍ പോലെയാകുന്നു. എല്ലാ ഒച്ചയും തങ്ങള്‍ക്കെതിരാണെന്ന് അവര്‍ വിചാരിക്കും. അവരാകുന്നു ശത്രു; അവരെ സൂക്ഷിച്ചുകൊള്ളുക. അല്ലാഹു അവരെ നശിപ്പിക്കട്ടെ. എങ്ങനെയാണ് അവര്‍ വഴിതെറ്റിക്കപ്പെടുന്നത്(63:4).
 

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446