അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളിലെല്ലാം വിശ്വസിക്കേണ്ടത് മുസ്‌ലിമിന്റെ നിര്‍ബന്ധ ബാധ്യതയാണ്. അന്തിമവേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിന്റെ അവതരണത്തോടുകൂടി മുന്‍വേദഗ്രന്ഥങ്ങളിലെ നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തപ്പെട്ടു. എന്നാല്‍ എല്ലാ വേദഗ്രന്ഥങ്ങളും അല്ലാഹുവില്‍നിന്ന് അവതീര്‍ണമായതാണെന്ന് വിശ്വസിക്കേണ്ടത് മുസ്‌ലിമിന്റെ കടമയാണ്. മുഹമ്മദ് നബി(സ)ക്ക് അവതരിപ്പിച്ച ഖുര്‍ആന്‍, മൂസാ നബിക്ക്(അ) നല്‍കിയ തൗറാത്ത്, ദാവൂദ് നബിക്ക് അവതരിപ്പിച്ച സബൂര്‍, ഈസാ നബിക്ക്(അ) അവതരിപ്പിച്ച ഇന്‍ജീല്‍ എന്നീ അറിയപ്പെട്ട വേദഗ്രന്ഥങ്ങളിലും അറിയപ്പെടാത്ത വേദഗ്രന്ഥങ്ങളിലും വിശ്വസിക്കേണ്ടതുണ്ട്. മുന്‍ വേദഗ്രന്ഥങ്ങള്‍ ദൈവികമല്ലെന്ന് വിശ്വസിക്കുന്നവന്‍ വിദൂരമായ വഴി പിഴവിലായിരിക്കുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
''സത്യവിശ്വാസികളേ, അല്ലാഹുവിലും അവന്റെ ദൂതനിലും അവന്റെ ദൂതന് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും അവന് മുമ്പ് അവതരിപ്പിച്ച ഗ്രന്ഥങ്ങളിലും നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്നപക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു (4:136).
തൗറാത്തിന്റെയും സബൂറിന്റെയും ഇന്‍ജീലിന്റെയും സത്യതയാണ് ഖുര്‍ആന്‍ സാക്ഷ്യം വഹിക്കുന്നത്.
''തീര്‍ച്ചയായും നാം തന്നെയാണ് തൗറാത്ത് അവതരിപ്പിച്ചിരിക്കുന്നത് അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്'' (5:44).
ദാവൂദിന് നാം സബൂര്‍ എന്ന വേദം നല്‍കുകയും ചെയ്തിരിക്കുന്നു (17:55). അവരെതുടര്‍ന്ന് അവരുടെ കാല്‍പാടുകളിലായിക്കൊണ്ട് മര്‍യമിന്റെ മകന്‍ ഈസായെ തന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നവനായിക്കൊണ്ട് നാം നിയോഗിച്ചു. സന്മാര്‍ഗനിര്‍ദേശവും സത്യപ്രകാശവുമടങ്ങിയ ഇന്‍ജീലും നാം അദ്ദേഹത്തിന് നല്‍കുകയുണ്ടായി. അതിന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നതും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും സദുപദേശവുമത്രെ അത് (5:46).
മുന്‍വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത്. വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടതുപോലെ ദൈവികബോധനം വഴി പ്രവാചകന്മാര്‍ക്ക് അവതരിപ്പിക്കപ്പെട്ടവയാണ് മുന്‍ വേദങ്ങളെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു.
''അവന്‍ മുന്‍വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട് സത്യവുമായി ഈ വേദഗ്രന്ഥം നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനത്തിനായി ഇതിന്ന് മുമ്പ് അവന്‍ തൗറാത്തും ഇന്‍ജീലും അവതരിപ്പിച്ചു. സത്യാസത്യ വിവേചനത്തിനുള്ള പ്രമാണവും അവന്‍ അവതരിപ്പിച്ചിരിക്കുന്നു (3:3,4).
വിശുദ്ധ ഖുര്‍ആന്‍ ഒഴികെയുള്ള മറ്റു വേദഗ്രന്ഥങ്ങള്‍ യഥാര്‍ത്ഥ രൂപത്തില്‍ ഇന്ന് നിലവിലില്ല. അവയില്‍ മനുഷ്യന്റെ കൈകടത്തലുകള്‍ സംഭവിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനാണ് ലോകാവസാനം വരെയുള്ള മനുഷ്യര്‍ ജീവിത പ്രമാണമാക്കേണ്ടത്. അല്ലാഹു പറയുന്നു: (നബിയേ) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നു. അതിന്റെ മുമ്പുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുസംരക്ഷിക്കുന്നതുമത്രെ അത്. ആകയാല്‍ അല്ലാഹു അവതരിപ്പിച്ചത് പ്രകാരം അവര്‍ക്കിടയില്‍ നീ വിധിച്ചുകൊള്ളുക. നിനക്ക് വന്നിട്ടുള്ള യഥാര്‍ഥത്തെ വിട്ട് അവരുടെ ഇഛകളെ നീ പിന്‍പറ്റുകയും ചെയ്യരുത്. നിങ്ങളില്‍ എല്ലാവര്‍ക്കും (തന്നെ) ഓരോ (നിയമ) നടപടിക്രമവും ഓരോ തുറന്ന (കര്‍മ്മ) മാര്‍ഗവും നാം ഏര്‍പ്പെടുത്തിയിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെയെല്ലാം അവന്‍ ഒരേ സമുദായമാക്കുകതന്നെ ചെയ്യുമായിരുന്നു. എങ്കിലും നിങ്ങള്‍ക്ക് അവന്‍ നല്‍കിയിട്ടുള്ളതില്‍ നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയത്രെ (അങ്ങനെ ചെയ്യാതിരുന്നത്). അതിനാല്‍ നല്ല കാര്യങ്ങള്‍ക്ക് (മത്സരപൂര്‍വ്വം) മുന്‍കടന്നുവരുവിന്‍. അല്ലാഹുവിങ്കലേക്കാണ് നിങ്ങളുടെയെല്ലാം മടക്കം. അപ്പോള്‍ നിങ്ങള്‍ (തമ്മില്‍) ഏതൊന്നില്‍ ഭിന്നാഭിപ്രായത്തിലായിരുന്നുവോ അതിനെപ്പറ്റി അവന്‍ നിങ്ങളെ ബോധ്യപ്പെടുത്തുന്നതാണ് (5:48).
മുന്‍ വേദഗ്രന്ഥങ്ങളെയെല്ലാം സത്യപ്പെടുത്തിക്കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടതോടുകൂടി എല്ലാ കാര്യത്തിലും വിധി കല്പിക്കുന്നതും തീരുമാനം നിശ്ചയിക്കുന്നതും ആ ഗ്രന്ഥം അനുസരിച്ച് മാത്രമായിരിക്കണമെന്നും ആ വിഷയത്തില്‍ വേദക്കാരുടെയോ മറ്റോ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത് എന്നും അല്ലാഹു ഓര്‍മിപ്പിക്കുന്നു.