'തോറ' എന്ന ഹിബ്രുപദത്തിന്റെ സാരം അധ്യാപനം, നിര്‍ദേശം എന്നൊക്കെയാണ്. ഈ പദത്തെ പുരാതന യഹൂദ യവന പരിഭാഷയായ സെപ്റ്റജന്റില്‍ നിയമം എന്ന് അര്‍ഥം വരുന്ന നോമോസ് എന്നാണ് ഭാഷാന്തരം ചെയ്തിരിക്കുന്നത്. അതിനുശേഷം ഈ പദം നിയമം എന്നാണ് പൊതുവായി പരിഭാഷപ്പെടുത്തുന്നത്. അഞ്ചുപുസ്തകങ്ങളാണ് തോറയില്‍ ഉള്ളതായി യഹൂദന്മാര്‍ കണക്കാക്കുന്നത്. ഈ അഞ്ചു പുസ്തകങ്ങളും മോശെ പ്രവാചകന്‍ എഴുതിയതാണെന്നാണ് യഹൂദ വിശ്വാസം. ക്രൈസ്തവരും പൊതുവില്‍ ഈ വിശ്വാസമാണ് വെച്ചുപുലര്‍ത്തുന്നത്. എങ്കിലും പില്‍ക്കാലത്ത് ബൈബിള്‍ പഠനത്തില്‍ പുരോഗതിയുണ്ടായപ്പോള്‍ പഞ്ചപുസ്തകങ്ങളുടെ കര്‍ത്താവ് മോശയോ മറ്റേതെങ്കിലും വ്യക്തിയോ അല്ലെന്ന അഭിപ്രായത്തില്‍ അവര്‍ എത്തിച്ചേര്‍ന്നു.
പഞ്ചപുസ്തകത്തില്‍ പലതവണ 'തോറ' എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. വിവിധ അര്‍ഥങ്ങളുള്ള ഈ പദത്തിന് പൊതുവായി നിയമമെന്നും അനുശാസനയെന്നും കല്പനയെന്നുമാണ് അര്‍ഥം കല്പിക്കാറുള്ളത്. പാരമ്പര്യനിയമങ്ങളെയും ദൈവിക കല്പനകളെയുമെല്ലാം കുറിക്കാന്‍ ഈ പദം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ചില സ്ഥലങ്ങളില്‍ ഒരു ഗ്രന്ഥത്തെയോ ഗ്രന്ഥഭാഗത്തെയോ കുറിക്കുന്നതിന് വേണ്ടി ഈ പദം പ്രയോഗിക്കപ്പെട്ടിട്ടുണ്ടെന്നുള്ളത് വ്യക്തമാണ്. ഉദാഹരണമായി ''മോശെ ഇസ്മാഈല്‍ സന്തതികള്‍ക്ക് നിശ്ചയിച്ചുകൊടുത്ത നിയമം (തോറ) ഇതാകുന്നു'' (ആവര്‍ത്തനം 4:44). ഈ നിയമ സംഹിത (തോറ) യിലെ വചനങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാത്തവന് ശാപം (ആവര്‍ത്തനം 27:26). 'നിന്റെ ദൈവമായ കര്‍ത്താവ് എന്ന മഹത്വപൂര്‍ണവും ഭീതിദവുമായ നാം നിനക്ക് ഭയഹേതുവാകേണ്ടതിന് ഈ ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്ന നിയമ(തോറ)ങ്ങളിലെ എല്ലാ വചനങ്ങളും അനുസരിച്ച് ആചരിക്കുന്നതില്‍ ശ്രദ്ധിക്കണം (ആവര്‍ത്തനം 28:58).
ഈ വചനങ്ങളില്‍ 'തോറ' എന്ന് പ്രയോഗിച്ചിരിക്കുന്നത് ഒരു ഗ്രന്ഥത്തെയോ ഗ്രന്ഥത്തിലെ നിയമങ്ങളെയോ സൂചിപ്പിക്കുന്നതാണെന്ന കാര്യം സ്പഷ്ടമാണ്. മോശെ പ്രവാചകന് (മൂസാ നബിക്ക്) അല്ലാഹു അവതരിപ്പിച്ചു കൊടുത്തതായി ഖുര്‍ആനില്‍ പ്രതിപാദിച്ചിരിക്കുന്ന (തൗറാത്ത്) ആണ് ഈ ഗ്രന്ഥം എന്ന കാര്യത്തില്‍ സംശയത്തിനിടയില്ല. അതല്ലാതെ അല്ലാഹു അവതരിപ്പിച്ച തൗറാത്തിന്റെ പൂര്‍ണ രൂപം പഞ്ചഗ്രന്ഥത്തില്‍ നിന്ന് ലഭിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. മോശെക്ക് സിനായ് പര്‍വതത്തില്‍ വെച്ച് ദൈവത്താല്‍ രേഖപ്പെടുത്തപ്പെട്ട ചില രേഖകള്‍ ലഭിച്ചുവെന്ന് പഞ്ചപുസ്തകം തന്നെ രേഖപ്പെടുത്തുന്നുണ്ട്. 'സീനായ് പര്‍വതത്തില്‍ വെച്ച് മോശെയോട് അരുള്‍ ചെയ്തത് കഴിഞ്ഞ്, ദൈവം തന്റെ വിരലുകള്‍ കൊണ്ട് എഴുതിയ രണ്ട് സാക്ഷ്യപലകകള്‍ മോശെക്ക് കൊടുത്തു (പുറപ്പാട് 31:18). മോശെ 40 രാവും 40 പകലും ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും അവിടെ കര്‍ത്താവിനൊപ്പം കഴിഞ്ഞു. മോശെ കല്‍പലകകളില്‍ ഉടമ്പടി വാക്യങ്ങള്‍ അതായത് പത്ത് കല്പനകള്‍ എഴുതി. മോശെ സീനായ് പര്‍വതത്തില്‍ നിന്നും സാക്ഷ്യപ്പലകക്കെട്ടും കൈയിലേന്തി ഇറങ്ങിവന്നു. (പുറപ്പാട് 34:28, 29). മൂസാ നബി(അ)ക്ക് ലഭിച്ച നിയമങ്ങളെല്ലാം കല്‍പലകകളില്‍ എഴുതപ്പെട്ടുകൊണ്ടായിരുന്നുവെന്നാണ് ഖുര്‍ആന്‍ നല്‍കുന്ന സൂചന.
'അല്ലാഹു പറയുന്നു' എല്ലാ കാര്യങ്ങളെപ്പറ്റിയും നാം അദ്ദേഹത്തിന് (മൂസക്ക്) പലകകളില്‍ എഴുതികൊടുക്കുകയും ചെയ്തു. അതായത് സദുപദേശവും എല്ലാ കാര്യത്തെപ്പറ്റിയുള്ള വിശദീകരണവും. (നാം പറഞ്ഞു) അവയെ മുറുകെ പിടിക്കുകയും അവയിലെ വളരെ നല്ലതായ കാര്യങ്ങള്‍ സ്വീകരിക്കാന്‍ നിന്റെ ജനതയോട് കല്പിക്കുകയും ചെയ്യുക. ധിക്കാരികളുടെ പാര്‍പ്പിടം വഴിയെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നതാണ് (7:145).
മോശെയുടെ കാലത്ത് അവതരിപ്പിക്കപ്പെട്ട നിയമപുസ്തകം അദ്ദേഹത്തിന് ശേഷവും ഇസ്‌റാഈല്യര്‍ പാരായണം ചെയ്യുകയും പിന്തുടരുകയും ചെയ്തിരുന്നുവെന്ന സത്യം വ്യക്തമാണ്. ഇങ്ങനെ പാരായണം ചെയ്യപ്പെട്ടിരുന്ന പുസ്തകം ഇന്നുള്ള പഞ്ചപുസ്തകമല്ലെന്നും ഇതിനേക്കാള്‍ ചെറിയ ഒരു ഗ്രന്ഥമായിരുന്നുവെന്നുമുള്ള വസ്തുത ബൈബിള്‍ പണ്ഡിതന്മാരും അംഗീകരിക്കുന്നു. അല്ലാഹു പറയുന്നു 'തീര്‍ച്ചയായും നാം തന്നെയാണ് തൗറാത്ത് അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവും ഉണ്ട്. (അല്ലാഹുവിന്) കീഴ്‌പ്പെട്ട പ്രവാചകര്‍ യഹൂദമതക്കാര്‍ക്ക് അതനുസരിച്ച് വിധികല്പിച്ച് പോന്നു. പുണ്യവാന്മാരും മതപണ്ഡിതന്മാരും കാരണം, അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ സംരക്ഷണം അവര്‍ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്നു. അവരതിന് സാക്ഷികളുമായിരുന്നു. അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കാതെ എന്നെ മാത്രം ഭയപ്പെടുക. എന്റെ വചനങ്ങള്‍ നിങ്ങള്‍ തുഛമായ വിലക്ക് വിറ്റുകളയാതിരിക്കുക. അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആര്‍ വിധിക്കുന്നില്ലയോ അവര്‍ തന്നെയാകുന്നു അവിശ്വാസികള്‍ (5:44).
മോശെ പ്രവാചകന് ദൈവം നല്‍കിയ നിയമപുസ്തകം ഇടക്കാലത്ത് നഷ്ടപ്പെട്ടിരുന്നുവെന്നും അത് വിസ്മൃതിയിലാണ്ടു പോയിരുന്നെന്നുമുള്ള സൂചനകള്‍ പഴയ നിയമത്തില്‍ തന്നെ കാണുന്നു. മൂസാ നബിക്ക് അല്ലാഹു അവതരിപ്പിച്ച തൗറാത്തിനെ സത്യപ്പെടുത്തിക്കൊണ്ടാണ് ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത്. ''അവരെ (ആ പ്രവാചകന്മാരെ) തുടര്‍ന്ന്, അവരുടെ കല്പനകളിലായിക്കൊണ്ട് മര്‍യമിന്റെ മകന്‍ ഈസായെ തന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നവനായിക്കൊണ്ട് നാം നിയോഗിച്ചു. സന്മാര്‍ഗനിര്‍ദേശവും സത്യപ്രകാശവുമടങ്ങിയ ഇന്‍ജീലും അദ്ദേഹത്തിന് നാം നല്‍കി. അതിന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നതും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും സദുപദേശവുമത്രെ അത് (5:46).
അല്ലാഹു യഥാവിധി അവതരിപ്പിച്ചിരിക്കുന്ന തൗറാത്തിനെ ബൈബിളിലെ പഞ്ചപുസ്തകങ്ങളില്‍നിന്ന് കണ്ടെടുക്കാന്‍ കഴിയില്ല. തൗറാത്തിലെ ആശയങ്ങള്‍ പഞ്ചപുസ്തകങ്ങളില്‍ പലയിടത്തായി ഉദ്ധരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം. പുരോഹിതന്മാരുടെ വചനങ്ങള്‍ അധികവും ഉള്‍ക്കൊള്ളുന്ന പഞ്ചപുസ്തകങ്ങള്‍ ഖുര്‍ആന്‍ ശരിവെക്കുന്ന തൗറാത്താണെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. തൗറാത്തിലെ ചില ഭാഗങ്ങള്‍ മറച്ചുവെക്കുകയും മറ്റു ചിലവ വെളിപ്പെടുത്തുകയും ചെയ്തുകൊണ്ട് കടലാസുതുണ്ടുകള്‍ നിര്‍മിച്ച് അവ ദൈവിക ഗ്രന്ഥമാണെന്ന് പറയുന്നവരെ ഖുര്‍ആന്‍ ശക്തമായി വിമര്‍ശിക്കുന്നു.
'ഒരു മനുഷ്യനും അല്ലാഹു യാതൊന്നും അവതരിപ്പിച്ചുകൊടുത്തിട്ടില്ല എന്നു പറഞ്ഞ സന്ദര്‍ഭത്തില്‍ അല്ലാഹുവിനെ വിലയിരുത്തേണ്ട മുറപ്രകാരം വിലയിരുത്താതിരിക്കുകയാണ് അവര്‍ ചെയ്തത്. പറയുക എന്നാല്‍ സത്യ പ്രകാശമായിക്കൊണ്ടും മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശകമായിക്കൊണ്ടും മൂസാ കൊണ്ടുവന്ന ഗ്രന്ഥം ആരാണ് അവതരിപ്പിച്ചത്. നിങ്ങള്‍ അതിനെ കടലാസു തുണ്ടുകളാക്കി ചില ഭാഗങ്ങള്‍ വെളിപ്പെടുത്തുകയും പലതും ഒളിച്ചു വെക്കുകയും ചെയ്യുന്നുണ്ടല്ലോ? നിങ്ങള്‍ക്കോ നിങ്ങളുടെ പിതാക്കന്മാര്‍ക്കോ അറിവില്ലാതിരുന്ന പലതും (ആ ഗ്രന്ഥത്തിലൂടെ) നിങ്ങള്‍ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹുവാണ് (അത് അവതരിപ്പിച്ചത്) എന്ന് പറയുക. പിന്നീട് അവരുടെ കുതര്‍ക്കങ്ങളുമായി വിളയാടാന്‍ അവരെ വിട്ടേക്കുക (6:91).