സബൂര്‍ എന്ന വാക്കിന് ഗ്രന്ഥം അഥവാ ഏട് എന്നര്‍ഥം. ദാവൂദ് (അ) നബിക്ക് നല്‍കപ്പെട്ട വേദഗ്രന്ഥത്തെ വിശുദ്ധ ഖുര്‍ആന്‍ സബൂര്‍ എന്നാണ് വിശേഷിപ്പിച്ചത്. അല്ലാഹു പറയുന്നു. നിന്റെ റബ്ബ് ആകാശങ്ങളിലും ഭൂമിയിലുമുള്ളവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനുമത്രെ. നബിമാരില്‍ ചിലരെ ചിലരേക്കാള്‍ നാം ശ്രേഷ്ഠരാക്കുകയും ചെയ്തിട്ടുണ്ട്. ദാവൂദിന് നാം 'സബൂര്‍' (ഏട്) നല്‍കുകയും ചെയ്തിരിക്കുന്നു. (17:55).
സങ്കീര്‍ത്തനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന പുസ്തകമാണ് സബൂറെന്നാണ് സാധാരണയായി പറയപ്പെടുന്നത്. എങ്കിലും ബൈബിളില്‍ ഇന്ന് നിലവിലുള്ള സങ്കീര്‍ത്തന പുസ്തകത്തില്‍ അതിന്റെ ഏതാനും ഭാഗങ്ങള്‍ അടങ്ങിയിരിക്കാമെങ്കിലും അതു തന്നെയാണ് യഥാര്‍ഥ സബൂര്‍ എന്ന് പറയാന്‍ സാധ്യമല്ല. കാരണം അതിലും പലതരത്തിലുള്ള കൈകടത്തലുകള്‍ നടന്നിട്ടുണ്ട് എന്നത് വാസ്തവമാണ്.
ദാവൂദ്(അ) പര്‍വ്വതങ്ങളുടെ മുകളില്‍കയറി ദൈവിക സ്‌ത്രോത്രങ്ങള്‍ ഉരുവിടുകയും കീര്‍ത്തന ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിരുന്നു എന്നും അദ്ദേഹത്തിന്റെ സ്വരമാധുരിയുടെ സവിശേഷത നിമിത്തം വൃക്ഷങ്ങളും പാറക്കല്ലുകളും ചാഞ്ചാടുമായിരുന്നുവെന്നും ബൈബിളില്‍ കാണാം. ''ദാവൂദിനോടൊപ്പം തസ്ബിഹ്' (സ്‌ത്രോത്ര കീര്‍ത്തനം) ചെയ്യുന്ന നിലയില്‍ പര്‍വ്വതങ്ങളെയും പറവകളെയും നാം കീഴ്‌പ്പെടുത്തുകയും ചെയ്തു. നാം (ഇങ്ങനെയെല്ലാം) ചെയ്യുന്നവരാകുന്നു (21:79) എന്ന സൂക്തത്തിന്റെ വിശദീകരണമായി ദാവൂദ് നബി(അ)യുടെ ഗാനാലാപനത്തില്‍ ആകൃഷ്ടരായി എല്ലാതരത്തിലുള്ള പക്ഷികളും അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ സന്നിഹിതരായി അവ അവയുടെ തസ്ബീഹ് നടത്താറുണ്ടായിരുന്നെന്നും അവ്വിധം പക്ഷികളെ ദാവുദ് നബിക്ക് കീഴ്‌പ്പെടുത്തി കൊടുത്തുവെന്നും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നു. ദാവൂദ്(അ) നബിക്ക് ലഭിച്ച ദിവ്യബോധനമനുസരിച്ച് കോര്‍വ ചെയ്യപ്പെട്ട സംഗീത കീര്‍ത്തനങ്ങളുടെ സമാഹാരമാണ് സബൂര്‍. ശബ്ദമാധുരികൊണ്ട് അനുഗൃഹീതനായ പ്രവാചകനായിരുന്നു ദാവൂദ് നബി(അ) എന്ന കാര്യത്തില്‍ സംശയമില്ല. ബുഖാരി(റ) ഉദ്ധരിച്ച ഒരു നബിവചനത്തില്‍ ഇപ്രകാരം കാണാം. ''ദാവൂദിന് ഖുര്‍ആന്‍ (പാരായണ ഗ്രന്ഥം) ലഘുവാക്കപ്പെട്ടിരുന്നു. തന്റെ മൃഗത്തിന് ജീനി ഇടുവാന്‍ കല്പിച്ചിട്ട് അതു തീരും മുമ്പായി അദ്ദേഹം അത് ഓതിത്തീര്‍ക്കുമായിരുന്നു.'' ഈ ഹദീസില്‍ ഖുര്‍ആന്‍ എന്നു പറഞ്ഞിരിക്കുന്നത് സബൂറിനെ ഉദ്ദേശിച്ചാകുന്നു എന്ന് ഹദീസ് വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഖുര്‍ആന്‍ എന്ന വാക്കിന് പാരായണം എന്നും പാരായണ ഗ്രന്ഥം എന്നും അര്‍ഥമുണ്ടെന്നും ഈ അര്‍ഥത്തില്‍ ഏറ്റവും അധികം പാരായണം ചെയ്യപ്പെടുന്നതും ചെയ്യപ്പെടേണ്ടതുമായതുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ ആ പേര്‍ 'അല്‍' എന്ന അവ്യയം ചേര്‍ത്തി പ്രത്യേകപ്പെടുത്തി പ്രയോഗിക്കുകയാണ് ചെയ്യുന്നതെന്നും സൂറത്തു യൂസുഫിലെ രണ്ടാം സൂക്തത്തിന്റെ വിശദീകരണത്തില്‍ നിന്ന് ഗ്രഹിക്കാന്‍ കഴിയും.