Skip to main content

കുരിശുയുദ്ധം: കാരണങ്ങള്‍

യേശു ക്രിസ്തുവിന്റെ ജന്മഗ്രഹം എന്നു വിശ്വസിക്കപ്പെടുന്ന നസ്റത്ത് ഉള്‍പ്പെടെയുള്ള ജറൂസലം, ഫലസ്തീന്‍ എന്നിവ ഉമറിന്റെ(റ) ഭരണകാലം മുതല്‍ (ക്രി. 634-644) തന്നെ മുസ്്‌ലിംകളുടെ ഭരണത്തില്‍ കീഴിലാണ്.  അബ്ബാസികളും സല്‍ജൂക്കുകളും ഇടക്ക് ഫാത്വിമികളും  ഈ മുസ്ലിം-ജൂത-ക്രിസ്തീയ വിശുദ്ധ ഭൂമി പരിപാലിച്ചുകൊണ്ടിരുന്നു.

ബൈത്തുല്‍ മുഖദ്ദസും മസ്ജിദുല്‍ അഖ്സ്വായും മുസ്ലിംകളുടെ ആരാധനാ ഗേഹങ്ങളാണെങ്കിലും ഏത് മതസ്ഥര്‍ക്കും അങ്ങോട്ട് തീര്‍ഥയാത്രയും സന്ദര്‍ശനവും നടത്താനുള്ള സ്വാതന്ത്ര്യം നല്‍കപ്പെട്ടു.  ഇത് മുസ്ലിം ഭരണാധികാരികള്‍ കൃത്യമായി പാലിക്കുകയും ചെയ്തു.

എന്നാല്‍ ജറുസലം തീര്‍ഥാടകരെയും മക്ക, മദീന എന്നിവിടങ്ങളിലേക്കുള്ള ഹജ്ജാജിമാരെയും ബദവികളായ കൊള്ള സംഘങ്ങള്‍ അക്രമിച്ചിരുന്നു.  മരുഭൂമികളിലെ വനങ്ങളില്‍ താവളമടിക്കുന്ന ഇവര്‍ക്കെതിരില്‍ സൈനികരെ പലപ്പോഴും അയച്ചെങ്കിലും അവരെ തുരുത്തല്‍ അസാധ്യമായിരുന്നു.
  
ഇവരുടെ അക്രമണത്തെ പ്രതിരോധിക്കാനാവാം ക്രൈസ്തവ തീര്‍ഥാടകര്‍ ആയുധങ്ങളും തീപ്പന്തങ്ങളുമേന്തിയാണ് ജറുസലമിലേക്ക് വന്നിരുന്നത്.  കാലം ചെന്നപ്പോള്‍ മുസ്ലിംകളായ ഗ്രാമീണര്‍ക്കും വഴിപോക്കര്‍ക്കും ക്രൈസതവ തീര്‍ഥാടകര്‍ പേടി സ്വപ്‌നമായി.  ഇതോടെ 1080ല്‍ സല്‍ജൂക്ക് ഖലീഫ് ആയുധമേന്തിയുള്ള തീര്‍ഥാടനം നിരോധിച്ചു.

ഇത് ക്രൈസ്തവ യൂറോപ്പ് ഏറ്റെടുത്തു.  തീര്‍ഥാടനം മുടക്കി എന്ന പേരില്‍ അവര്‍ പ്രചാരണം നടത്തി.  ക്രൈസ്തവ വികാരം ആളിക്കത്തിച്ചു.  മധ്യേഷ്യയും ആഫ്രിക്കയും സ്‌പെയിന്‍ വഴി യൂറോപ്പും കൈവശമുള്ള ഇസ്‌ലാമിന്റെ പ്രവാഹത്തെ തടയാനും അവരുടെ എണ്ണമറ്റ സമ്പത്ത് കൈക്കലാക്കാനും പഴുത് തേടി നടന്ന യൂറോപ്യര്‍ ഈ സംഭവം പിടിവള്ളിയാക്കി.

പോപ്പ് അര്‍ബര്‍ 1095 മാര്‍ച്ചില്‍ യൂറോപ്പിലെ മതാധ്യക്ഷരുടെയും യോദ്ധാക്കളുടെയും കൗണ്‍സില്‍ വിളിച്ചു കൂട്ടി ക്രിസ്തുവിന്റെ കല്ലറയും പുണ്യസ്ഥലങ്ങളുള്‍പ്പെടുന്ന ജറുസലമും മുസ്ലിംകളില്‍ നിന്ന് മോചിപ്പിക്കാനുള്ള വിശുദ്ധ യുദ്ധത്തിന് സമയമായെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.  ദൈവരാജ്യത്തിനുവേണ്ടിയുള്ള ഈ യുദ്ധത്തില്‍ പങ്കെടുത്താല്‍ പാപങ്ങള്‍ പൊറുക്കപ്പെടുമെന്നും ഇതില്‍ മരിച്ചാല്‍ സ്വര്‍ഗം ഉറപ്പാണെന്നും പോപ്പ് വാഗ്ദാനം ചെയ്തു.  ഭരണകൂടങ്ങളും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു.  കുരിശേന്തി വിശുദ്ധ യുദ്ധത്തില്‍ അണിചേരുന്ന അടിമകള്‍ക്ക് മോചനവും കര്‍ഷകര്‍ക്ക് കടാശ്വാസവും അടിയാന്‍മാര്‍ക്ക് ഭൂമിയില്‍ സ്ഥിരാവകാശവുമായിരുന്നു വാഗ്ദാനങ്ങള്‍.

ഫ്രാന്‍സ് ജര്‍മ്മനി, ഇറ്റലി, ഡച്ച് തെരുവുകളിലും ദേവാലയങ്ങളിലും പോപ്പിന്റെ വാഗ്ദാനങ്ങളുമായി പുരോഹിതന്മാര്‍ ചുറ്റി നടന്നു.  ജറൂസലമിലെ മുസ്ലിംകളുടെ 'ഇല്ലാത്ത ക്രൂരതകള്‍' അവര്‍ ക്രൈസ്തവ വിശ്വാസികള്‍ക്കു മുന്നില്‍ നിരത്തി.

ക്രൈസ്തവ ജാഗരണത്തില്‍ സമരോല്‍സുകരായ ജനം വലതു കൈയില്‍ കുരിശും ആയുധങ്ങളുമേന്തി വിശുദ്ധ യുദ്ധത്തിനിറങ്ങി.  പതാകയുമായി പോപ്പും നായകരായി പ്രഭുക്കളും. അവരുടെ മുന്നിലുള്ള വിരുന്നും ഇവരില്‍ സൈനികര്‍ മാത്രം മൂന്നു ലക്ഷത്തോളം വരുമെന്ന് ഡോ. ഹസന്‍ ഇബ്റാഹീം ഹസന്‍ തന്റെ 'താരിഖുല്‍ ഇസ്ലാമി'ല്‍ പറയുന്നു.
 

Feedback