യൂറോപ്പിലെ ഭിന്ന ദേശീയതകള്‍ പോപ്പിന്റെ നേതൃത്വത്തില്‍ ഒരു പതാകക്ക് കീഴില്‍ അണിനിരക്കുമ്പോള്‍ ബഗ്ദാദില്‍ സല്‍ജൂക്കുകള്‍ പരസ്പരം വഴക്കടിക്കുകയായിരുന്നു സ്‌പെയിനിലും സിസിലിയിലും അധികാര വടം വലി തകര്‍ത്താടിക്കൊണ്ടിരുന്നു.
തികച്ചും അനുകൂല സാഹചര്യത്തിലാണ് ക്രി. 1096 ആഗസ്തില്‍ (ഹി. 489) കുരിശു പട പ്രയാണമാരംഭിച്ചത്. ഗോഡ് ഫ്രേ (Godfrey de Bouillon), റൈമണ്ട് (Raymand IV), ബോഹിമണ്ട് (Bohemand) എന്നീ നായകരുടെ നേതൃത്വത്തില്‍ മൂന്നു സംഘങ്ങളായിട്ടാണ് പടനീക്കം. കോണ്‍സ്റ്റാന്റിനോപ്പിളില്‍ സംഗമിച്ച ശേഷമാണ് പ്രവാഹം പോലെ അവര്‍ കുതിച്ചത്.
ഏഷ്യാമൈനര്‍ ഒരു മാസം ഉപരോധിച്ചു. സല്‍ജൂക്ക് സുല്‍ത്താന്റെ ഖലീജ് അര്‍സലാന്‍ പരാജയപ്പെട്ടു. തലസ്ഥാന നഗരമായ ഹിക്കാവോ കുരിശുപട പിടിച്ചു. പിന്നെ ഉപരോധങ്ങളുടെയും പിടിച്ചടക്കലുകളുടെയും ആയുധങ്ങളുടെയും ഭയാനക ദിനങ്ങളായിരുന്നു. ഹെ, അന്താക്കിയാ, അനതേലായി നഗരങ്ങളോരോന്നും മുസ്ലിംകള്‍ക്ക് നഷ്ടപ്പെട്ടു.
ശിശുക്കള്‍, സ്ത്രീകള്‍ തുടങ്ങി കണ്ണില്‍ കണ്ടവരെയെല്ലാം കൊന്നൊടുക്കി. കുരിശു പട്ടാളക്കാര്‍ മൃതദേഹങ്ങളെപ്പോലും വെറുതെ വിട്ടില്ല. ഖബറുകള്‍ പോലും മാന്തി തലയോട്ടിയെടുത്ത് പട്ടാള ക്യാമ്പുകള്‍ അലങ്കരിക്കുന്നതുവരെയെത്തി ക്രൈസ്തവ യോദ്ധാക്കളുടെ ക്രൂരത.
ജറുസലമിലേക്കുള്ള കവാടമായ അന്താക്കിയ പിടിക്കാന്‍ 10,000 മുസ്ലിംകളെ കൊന്നൊടുക്കി. അവരുടെ രക്തപുഴയില്‍ നീന്തിയാണ് കുതിരകള്‍ നീങ്ങിയത്. ഒടുവില്‍ 1099 ജൂലൈയില്‍ (ഹി. 492) മുസ്ലിം ലോകം കണ്ണീരണിഞ്ഞു.
41 ദിവസത്തോളം നീണ്ടുനിന്ന മുസ്ലിംകളുടെ ഉപരോധത്തെ തകര്‍ത്ത് കുരിശു സേന ബൈത്തുല്‍ മുഖദ്ദസിലേക്ക് ഇരച്ചു കയറി. അവിടെ കണ്ടവരെ മുഴുവന്‍ വാളിനിരയാക്കി. സ്ത്രീകളും കുട്ടികളും അവരിലുണ്ടായിരുന്നു. ഹൈക്കല്‍ സൂലൈമാനിയില്‍ അഭയം തേടിയവരില്‍ മുസ്ലിംകളെപ്പോലെ ജൂതരും ക്രൈസ്തവരുമുണ്ടായിരുന്നു. അവര്‍ പോലും രക്ഷപ്പെട്ടില്ല. മസ്ജിദ്ദുല്‍ അഖ്‌സായുടെ പൂമുഖം പോലും ചോരയില്‍ കുതിര്‍ന്നു.
ഒന്നാം കുരിശുയുദ്ധം അവസാനിക്കുമ്പോള്‍ ബൈത്തുല്‍ മുഖദ്ദസ് ഒരു രാഷ്ട്രമായി പ്രഖ്യാപിക്കുകയും കുരിശുപടയുടെ തലവന്‍ ഫ്രഞ്ചുകാരന്‍ ഗോഡ് ഫെനി അതിന്റെ ഭരണാധികാരിയായി യേശുവിന്റെ കല്ലറയുടെ സംരക്ഷന്‍ എന്ന സ്ഥാനപ്പേര് സ്വീകരിക്കുകയും ചെയ്തു.