നാലാം കുരിശു യുദ്ധത്തിനു ശേഷം പതിനേഴു വര്‍ഷം കഴിഞ്ഞ് നേരത്തെ നടക്കാതെപോയ ഈജിപ്ത് അധിനിവേശം, നടത്താമെന്ന തീരുമാനം യൂറോപ്യന്‍ നേതാക്കള്‍ ചേര്‍ന്നെടുത്തു. ഒരു സംഘം കുരിശുപട അക്കായിലെത്തുകയും ചെയ്തു. 1217 നവംബറില്‍ (614 ശഅ്ബാന്‍ ആദ്യനാളുകള്‍) മുമ്പൊന്നും കാഴ്ചവെച്ചിട്ടില്ലാത്ത വിധം ശക്തമായ ഒരു ആക്രമണം ഈജിപ്തിനു മേല്‍ നടത്താനായി കുരിശുകാര്‍ അക്കായില്‍ നിന്നു പുറപ്പെട്ടു. എന്നാല്‍ കാര്യക്ഷമമായ ഒരു നേതൃത്വത്തിന്റെ അഭാവം നിമിത്തം, കുരിശു പടക്ക് എടുത്തുപറയത്തക്ക ഒരു സൈനിക നീക്കവും നടത്താനായില്ല. അക്കാ പട്ടണാതിര്‍ത്തിയില്‍, നിഷ്്ക്രിയരായി സൈന്യം കഴിച്ചു കൂട്ടി. 1218 ഏപ്രില്‍ (615 മുഹര്‍റം) വരെ. തുടര്‍ന്ന് കുരിശുയുദ്ധ കൗണ്‍സില്‍ അക്കായില്‍ സമ്മേളിച്ച് ദിംയാത്വ് (ഡാമിറ്റ) ആക്രമിക്കാന്‍ തീരുമാനിച്ചു.
ക്രി.1218 മെയ് അവസാനത്തി (615 റബീഉല്‍ അവ്വല്‍ ആദ്യ ദിനങ്ങള്‍)ലായിരുന്നു അഞ്ചാം കുരിശുപട നീക്കം. അവര്‍ ഈജിപ്തിലെ നൈല്‍ തീരത്തെ ദിംയാത്വ് (ഡാമിറ്റ) തുറമുഖം പിടിച്ചു, അവിടെ കേന്ദ്രമാക്കിയാണ് കുരിശുപട ഈജിപ്തിനനെ ആക്രമിച്ചത്
ഇതിനിടെയായിരുന്നു ഈജിപ്തിലെ സുല്‍ത്താന്‍ ആദിലിന്റെ മരണം സംഭവിച്ചത്. (1218 ആഗസ്തില്‍) മകന്‍ മലിക്കുല്‍ കാമിലായിരുന്നു പിന്‍ഗാമി. അദ്ദേഹം കുരിശുപടയെ തുരത്താന്‍ ഏറെ ശ്രമിച്ചു. എന്നാല്‍ നാവികപ്പടയില്ലാത്തത് വിനയാവുകയായിരുന്നു.
ഐശ്വര്യം തുളുമ്പിയിരുന്ന ദിംയാത്തിനെ കുരിശു സേനക്കാര്‍ ദുരന്തഭൂമിയാക്കി. 70,000 പേര്‍ അധിവസിച്ചിരുന്ന ഇവിടെ 18 മാസത്തെ കുരിശ് ഉപരോധം കൊണ്ട് 3000 പേര്‍ മാത്രമാണ് ബാക്കിയായതെന്ന് ചരിത്രം പറയുന്നു.
ഒടുവില്‍ മലിക് അല്‍ കാമില്‍ സന്ധിക്കൊരുങ്ങി. ദിംയാത്തില്‍ നിന്ന് പിന്‍വാങ്ങിയാല്‍ സിറിയന്‍ തീരങ്ങള്‍ വിട്ടുതരാമെന്ന് അറിയിച്ചു. എന്നാല്‍ ഈജിപ്ത് വിടുന്ന പ്രശ്‌നമില്ലെന്നായി പോപ്പ്. ജറൂസലമിലേക്കുള്ള വാതിലായിരുന്നു അവര്‍ക്ക് ഈജിപ്ത്.
എന്നാല്‍ ദൈവഹിതമെന്നോണം നൈലിലെ ജലവിതാനം ഉയര്‍ന്നത് പൊടുന്നനെ യായിരുന്നു. തടയണകന്‍ കെട്ടി ഈജിപ്തുകാര്‍ പ്രതിരോധം തീര്‍ത്തു. എന്നാല്‍ കുരിശുപട വെള്ളത്തില്‍ മുങ്ങി. സ്വത്തും പടയാളികളും ഓളങ്ങളില്‍ പൊങ്ങി. ദിംയാത്തില്‍ അവര്‍ ഒറ്റപ്പെട്ടു. വഴിമുട്ടിയ അവര്‍ ഒടുവില്‍ സന്ധിക്ക് തയ്യാറാവുകയായിരുന്നു.
ക്രൈസ്തവര്‍ക്ക് ജറുസലമിലേക്ക് സന്ദര്‍ശനാനുവാദം വേണമെന്ന അവരുടെ ആവശ്യവും എട്ടു വര്‍ഷത്തേക്ക് യുദ്ധം വേണ്ടെന്ന കാമിലലിന്റെ നിര്‍ദ്ദേശവും അംഗീകരിക്കപ്പെട്ടു. ആയിരങ്ങളുടെ ജീവന്‍ പോയി എന്നതൊഴിച്ചാല്‍ കുരിശു സൈന്യത്തിന് യാതൊരു നേട്ടവുമില്ലാതെ ക്രി. 1221 (ഹി. 619)ല്‍ അഞ്ചാം കുരിശു യുദ്ധത്തിനും തിരശ്ശീല താഴ്ന്നു.