അല്‍ മലികുസ്സ്വാലിഹ് എന്ന സ്ഥാനപ്പേരിലറിയപ്പെട്ട ധീരനായ സുല്‍ത്താന്‍ നജ്മുദ്ദീന്‍ അയ്യൂബ് വിശുദ്ധ കേന്ദ്രങ്ങള്‍, ക്രൈസ്തവരില്‍ നിന്ന് മോചിപ്പിക്കാന്‍ അധ്വാനിച്ച മഹദ് വ്യക്തിയാണ്. തന്റെ ഖുവാറ സമുദായക്കാരായ സൈനികര്‍ക്കൊപ്പം നിന്ന് 1244 ജൂലൈയില്‍ (ഹി.642) മസ്ജിദുല്‍ അഖ്‌സാ ക്രൈസ്തവരില്‍ നിന്ന് തിരിച്ചു പിടിച്ചു. പിന്നീട് 1914ല്‍ ഒന്നാം ലോക മഹായുദ്ധ സമയത്ത് ഇംഗ്ലീഷുകാര്‍ അങ്ങോട്ട് കടന്നു ചെല്ലും വരെ ഏഴു നൂറ്റാണ്ടുകാലം ഒരു കുരിശുപടയും അങ്ങോട്ട് കടക്കുകയുണ്ടായില്ല. കുരിശുയുദ്ധത്തില്‍ അടിക്കടിയുണ്ടായ പരാജയം ക്രൈസ്തവരെയും പോപ്പിനെയും ഒരു പോലെ അലോസരപ്പെടുത്തി. വിശുദ്ധ നഗരം അവര്‍ക്ക് അന്യമാവുകയും ചെയ്തു.
ഏഴാം കുരിശു യുദ്ധത്തിനിറങ്ങിയത് ഫ്രഞ്ച് ചക്രവര്‍ത്തി ലൂയീസ് ഒമ്പതാമനായിരുന്നു പോപ്പ് ഏണസ്റ്റ് നാലാമനുമായി ചേര്‍ന്നുണ്ടാക്കിയ പദ്ധതിപ്രകാരം ബൈത്തുല്‍ മുഖദ്ദസ് മുസ്ലിംകളില്‍ നിന്നു തിരിച്ചു പിടിക്കുക മാത്രമല്ല, ഇസ്ലാമിക ലോകത്തെ വിഴുങ്ങുവാനായി ഒരു മുഗിള-ക്രൈസ്തവ സഖ്യം രൂപപ്പെടുത്തിയെടുക്കുക എന്നതു കൂടി ലക്ഷ്യമാക്കിയായിരുന്നു ഈ പ്രയാണം. നയതന്ത്ര ബന്ധം പരസ്പരം നടക്കുമ്പോഴും, മുഗിളര്‍ക്ക് സ്വന്തമായ സ്വപ്‌നങ്ങളുണ്ടായിരുന്നതിനാല്‍ ഈ സഖ്യ രൂപീകരണം പരാജയത്തില്‍ കലാശിച്ചു. ആദ്യം ഈജിപ്ത്, പിന്നീട് ജറുസലം എന്ന ലക്ഷ്യവുമായി അവര്‍ നീങ്ങി. 36 കപ്പലുകളും 15000 ത്തോളം ഭടന്‍മാരുമായി ക്രി. 1248ല്‍ ഈജിപ്തി ലേക്കു നീങ്ങിയ അവര്‍ പോരാട്ടങ്ങളില്ലാതെ ദിംയാത്ത് പിടിച്ചു. നൈലിന്റെ തീരത്തെ ഈ തുറമുഖ നഗരം അഞ്ചാം കുരിശു യുദ്ധത്തിലും പിടിക്കപ്പെട്ടിരുന്നു.
ഈ സമയത്താണ് അയ്യൂബി സുല്‍ത്താന്‍ മലിക് സ്വാലിഹിന്റെ മരണവും (1249 നവംബര്‍ 20-647 ശഅ്ബാന്‍ 14) പുത്രന്‍ തുറാന്‍ ഷായുടെ അധികാരാരോഹണവും നടന്നത്. എന്നാല്‍ സൈന്യത്തിന്റെ മനോവീര്യം നഷ്ടപ്പെടാതിരിക്കാനായി സ്വാലിഹിന്റെ പത്‌നി ശജറതുദ്ദുര്‍റ്, അദ്ദേഹത്തിന്റെ മരണ വിവരം പുറത്തുവിട്ടില്ല.
ദിംയാത്തില്‍ നിന്ന് കെയ്‌റോവിലേക്കുള്ള കുരിശുപടയുടെ അധിനിവേശം യുദ്ധതന്ത്രജ്ഞനായ തുറാന്‍ ഷാ തടഞ്ഞില്ല. മറിച്ച് അവര്‍ തീരത്തുനിന്ന് ഏറെ ഉള്ളിലേക്കുവന്ന തക്കം നോക്കി. നൈല്‍ തീരങ്ങളില്‍ വെള്ളപ്പൊക്കം തടഞ്ഞു നിര്‍ത്താന്‍ നിര്‍മിച്ചിരുന്ന ഭിത്തികള്‍ ഭാഗികമായി പൊളിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ഇതോടെ കുരിശുപട വെള്ളത്തിലായി. കുറേ സൈനികരും സന്നാഹങ്ങളും നൈലില്‍ ഒലിച്ചുപോയി. ഇതിനിടയില്‍ അയ്യൂബി സേനയുടെ പ്രത്യാക്രമണവും കൂടിയുണ്ടായതോടെ ലൂയിയുടെ പട ഛിന്നഭിന്നമായി. ലൂയി പിടിയിലാവുകയും ചെയ്തു. വര്‍ഷങ്ങളോളം തടവില്‍ കഴിഞ്ഞ അദ്ദേഹം എട്ടു ലക്ഷം സ്വര്‍ണനാണയം നല്‍കിയാണത്രെ മോചനം നേടിയത്.
ഏഴാം കുരിശുയുദ്ധവും നിഷ്പ്രയോജനമായതോടെ യൂറോപ്യന്‍ പട തിരിച്ചുപോയി. ക്രി. 1249ല്‍.
1270 ല്‍ ലൂയി ഒമ്പതാമന്‍ വീണ്ടും ഒരു ശ്രമം നടത്തി. തുണീഷ്യക്ക്് നേരെ നടത്തിയ ഈ പടനീക്കമാണ് എട്ടാം കുരിശു യുദ്ധം (1270-71). ഇംഗ്ലണ്ടിലെ എഡ്വേര്‍ഡ് രാജകുമാരനും ലൂയിയുടെ സഹായത്തിനുണ്ടായിരുന്നു. എന്നാല്‍ തുണീഷ്യയിലെ ദുക്‌നുദ്ദീന്‍ സൈബറസിന്റെ പ്രതിരോധത്തിനു മുന്നില്‍ ആ നീക്കവും തകര്‍ന്നു. ലൂയി ഒമ്പതാമന്‍ അവിടെ വെച്ച് മരണ മടയുകയും ചെയ്തു.
അവസാന കുരിശു യുദ്ധമായിരുന്നു എട്ടാമത്തേത്.