മൂന്നാം വര്‍ഷം ഹലീമ കുട്ടിയെ തിരിച്ചേല്‍പ്പിച്ചു. പിന്നെ മൂന്നു വര്‍ഷം ഉമ്മയോടൊപ്പമായിരുന്നു മുഹമ്മദിന്റെ ജീവിതം. ആറാം വയസ്സില്‍ കുട്ടിയെയും കൂട്ടി യസ്‌രിബിലെ ബന്ധുക്കളെ കാണാന്‍ പോയ ആമിന മടക്കയാത്രയില്‍ അബവാഇല്‍ വെച്ച് മരിച്ചു. ഒപ്പമുണ്ടായിരുന്ന ബറക്കയാണ് കുഞ്ഞിനെ അബ്ദുല്‍മുത്തലിബിന് തിരിച്ചെത്തിച്ചത്. രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ പിതാമഹന്റെ തുണയും നീങ്ങി. പിന്നീട് നേര്‍ പിതൃസഹോദരന്‍ അബൂത്വാലിബാണ് മുഹമ്മദിനെ സംരക്ഷിച്ചത്. സ്വന്തം മക്കള്‍ വിശന്നിരിക്കെ തനിക്കാഹാരം തന്നിരുന്ന അബൂത്വാലിബൂം ഭാര്യ ഫാത്വിമയും മുഹമ്മദിന്റെ മനസ്സില്‍ മായാതെ നിന്ന നാമങ്ങളായിരുന്നു.
ബാല്യകാലത്തെ ദാരിദ്ര്യം മുഹമ്മദിനെ ആട്ടിടയനാക്കി. മക്കയുടെ ഹരിത താഴ്‌വരകളില്‍ ആടുകളുടെ പിന്നാലെ നടന്ന് അവന്‍ ദയ, ക്ഷമ, സൗമ്യത, ലാളിത്യം തുടങ്ങിയ പാഠങ്ങള്‍ പഠിച്ചു. എന്നാല്‍ വൈകാതെ പിതൃവ്യന്‍ അവനെ കച്ചവടത്തിലേക്ക് തിരിച്ചുവിട്ടു. സത്യസന്ധതയും വിശ്വസ്തതയും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. ഇതിനിടെ പിതൃവ്യന്‍ സുബൈര്‍ നയിച്ച ഫിജാര്‍ യുദ്ധത്തില്‍ പങ്കെടുത്ത് ധീരതയും തെളിയിച്ചു. ഹില്‍ഫുല്‍ ഫുദൂലില്‍ (ഉടമ്പടി) പങ്കെടുത്ത് നീതിയുടെ കാവലാളുമായി. സത്യസന്ധതയുടെ പ്രതീകമായി മക്കയുടെ മടിത്തട്ടില്‍ 'അല്‍ അമീനാ'യി വളര്‍ന്ന മുഹമ്മദ് ഖുറൈശി പ്രമുഖരുടെ കണ്ണിലുണ്ണിയായി. അവര്‍ അവനെ അല്‍അമീന്‍ (വിശ്വസ്തന്‍) എന്ന് പേരിട്ട് വിളിച്ചു. അവന്‍ നാടിന്റെ അഭിമാനവുമായി.