Skip to main content

വിടവാങ്ങല്‍ ഹജ്ജും വിയോഗവും (17-17)

ഹിജ്‌റ വര്‍ഷം 10ല്‍ നബി(സ്വ) തന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ഹജ്ജിന് പുറപ്പെട്ടു. നബി(സ്വ)യാണ് ഹജ്ജിന് നേതൃത്വം നല്‍കുന്നത് എന്നറിഞ്ഞപ്പോള്‍ ആയിരക്കണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തിയത്. ഭാര്യമാരെയും കുട്ടികളെയും ഒപ്പം കൂട്ടിയിരുന്നു നബി(സ്വ). ദുല്‍ഖഅ്ദ 25ന്് ആണ് യാത്ര പുറപ്പെട്ടത്.

ദുല്‍ഹുലൈഫയില്‍ താമസിച്ച് ഹജ്ജിനും ഉംറക്കുമായി ഇഹ്‌റാം ചെയ്തു. ദുല്‍ഹിജ്ജ നാലിന് മക്കയിലെത്തി ത്വവാഹ്, സഅ്‌യ് എന്നിവ നടത്തി. ദുല്‍ഹിജ്ജ എട്ടിന് ഹജ്ജ് കര്‍മങ്ങളിലേക്ക് പ്രവേശിച്ചു.

ഹജ്ജ് കര്‍മം ചെയ്ത് മടങ്ങുമ്പോള്‍ സ്വഹാബികളില്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. പ്രത്യേകിച്ച് അബൂബക്‌റി(റ)ന്റേത്. നബി(സ്വ) തന്റെ അറഫ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഒരു വിടവാങ്ങലിന്റെ സൂചന നിറഞ്ഞതായിരുന്നു. അതോര്‍ത്താണ് അബൂബക്ര്‍(റ) കരഞ്ഞത്.

മദീനയിലെത്തിയ തിരുനബി ഒരിക്കല്‍ ഉറക്കത്തില്‍ നിന്നുണര്‍ന്ന് ബഖീഅ് ശ്മശാനത്തിലേക്ക് പോയി. അബൂമുഖയ്ഹിബിനെയും കൂടെ കൂട്ടി. ശ്മാശനത്തില്‍ മറമാടപ്പെട്ടവര്‍ക്കു വേണ്ടി ഏറെ നേരം നബി(സ്വ) പ്രാര്‍ഥനാനിരതനായി.

അടുത്ത ദിവസം നബി(സ്വ)ക്ക് പനി തുടങ്ങി. എന്നാലും പള്ളിയിലേക്ക് നമസ്‌കാരത്തിന് പോയി. നമസ്‌കാര ശേഷം സ്വഹാബികളോടായി സംസാരിച്ചു. അവിടെ നിന്ന് മൈമൂനയുടെ മുറിയിലേക്കാണ് ദൂതര്‍ പോയത്. 

അടുത്ത ദിവസമായപ്പോഴേക്കും പനി കൂടി. നമസ്‌കാരം ഇരുന്ന് നിര്‍വ്വഹിച്ചു. അബ്ബാസിന്റെയും അലി(റ)യുടെയും സഹായത്തോടെയാണ് പള്ളിയില്‍ നിന്ന് മടങ്ങിയത്.

അടുത്ത ദിവസം പള്ളിയിലേക്ക് പോവാന്‍ നബി(സ്വ)ക്ക് കഴിഞ്ഞില്ല. ''നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ അബൂബക്‌റിനോട് പറയൂ'' നബി(സ്വ) ആവശ്യപ്പെട്ടു. ''ദൂതരേ പിതാവ് ലോലഹൃദയനാണ്, ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ കരയും'' ആയിശ(റ) പറഞ്ഞു. നബി(സ്വ) വീണ്ടും അതുതന്നെ ആവര്‍ത്തിച്ചു. അബൂബക്ര്‍(റ) നമസ്‌കാരത്തിന് നേതൃത്വം നല്‍കി.

നേരം പുലര്‍ന്നു. സുബ്ഹ് നമസ്‌കാരത്തിന് പരസഹായത്തോടെ പള്ളിയിലെത്തിയ നബി(സ്വ) അബൂബക്‌റിന്റെ നേതൃത്വത്തില്‍ നടക്കുന്ന നമസ്‌കാരം കണ്ട് സന്തോഷിച്ചു. നബി(സ്വ)യുടെ ആഗമനമറിഞ്ഞ അബൂബക്ര്‍(റ) നമസ്‌കാരത്തില്‍ പിന്നിലേക്ക് മാറാന്‍ ശ്രമിച്ചു. നബി(സ്വ) തടഞ്ഞു. പ്രിയ തോഴന്റെ അരിക് പറ്റ് നബിയും നമസ്‌കരിച്ചു.

നമസ്‌കാരശേഷം വീട്ടിലെത്തിയ നബി(സ്വ)യുടെ അവസ്ഥ മാറി. രോഗം മൂര്‍ഛിച്ചുകൊണ്ടിരുന്നു. ശേഷമുള്ള ദിവസങ്ങളില്‍ ആഇശയുടെ വീട്ടിലായിരുന്നു. തിങ്കളാഴ്ച പ്രഭാതം. നബി(സ്വ) പത്‌നി ആഇശ(റ)യുടെ മടിയില്‍ തലവെച്ച് കിടന്നു. അവര്‍ നബി(സ്വ)ക്ക് പല്ല് തേച്ചു കൊടുത്തു. അടുത്ത നിമിഷം അവിടെന്ന് ബോധരഹിതനായി. അല്പസമയം കഴിഞ്ഞപ്പോള്‍ കണ്ണുതുറന്നെങ്കിലും കൃഷ്ണമണികള്‍ മേല്‌പോട്ടുയര്‍ന്നു.

''സ്വര്‍ഗത്തിലെ ഉന്നതരായ കൂട്ടുകാരോടൊപ്പം ചേര്‍ക്കേണമേ'' തിരുനബിയുടെ ചുണ്ടുകള്‍ അവസാനമായി ചലിച്ചു. ക്രമേണ തലഭാഗം കനത്തു. ശ്വാസം നിലച്ചു. പ്രിയതമന്റെ തലഭാഗം മടിത്തട്ടില്‍നിന്ന് ആഇശ(റ) തലയിണയിലേക്ക് ഇറക്കി വെച്ചു. അവരുടെ കണ്ണുകള്‍ അപ്പോള്‍ നിറഞ്ഞൊഴുകിയിരുന്നു. അന്ന് ഹിജ്‌റ 11 റബീഉല്‍ അവ്വല്‍ 13 (എ.ഡി 632 ജൂണ്‍ 8) ആയിരുന്നു.

Feedback