Skip to main content

ചില സംഭവങ്ങള്‍ (8-17)

പരസ്യപ്രബോധനം മുതല്‍ മദീന ഹിജ്‌റ വരെയുള്ള ഏഴ് വര്‍ഷത്തിനിടെ സന്തോഷദായകവും ദു:ഖകരവുമായ നിരവധി സംഭവങ്ങള്‍ നടന്നു. മര്‍ദനം കൊടുമ്പിരികൊണ്ടപ്പോള്‍ ചിലരോട് നബി(സ്വ) എത്യോപപ്യയിലേക്ക് പലായനംചെയ്യാന്‍ (ഹിജ്‌റ) പറഞ്ഞു. അന്ന് ആ രാജ്യം അറിയപ്പെട്ടിരുന്നത് ഹബ്ശ എന്നായിരുന്നു. ഉസ്മാനുബ്‌നു അഫ്ഫാന്റെ നേതൃത്വത്തില്‍ 10 പുരുഷന്മാരും അഞ്ചു സ്ത്രീകളുമടങ്ങുന്ന സംഘമാണ് ആദ്യം പോയത്. ഇവര്‍ക്ക് ക്രിസ്ത്യാനിയായ നേഗസ് (നജ്ജാശി) രാജാവ് അഭയം നല്‍കി. വൈകാതെ മറ്റൊരു സംഘവും പോയി.

പ്രബോധനം ശക്തമായി നടന്നിരുന്ന നാളുകളില്‍ മക്കയിലേക്ക് തീര്‍ഥാടനത്തിന് വന്ന ചിലര്‍ നബി (സ്വ)യെക്കുറിച്ചു കേട്ടറിഞ്ഞിരുന്നു. ഇതില്‍ ഗിഫാര്‍ ഗോത്രത്തിലെ അബൂദര്‍റും ഔസ്  ഗോത്രത്തിലെ തുഫൈലും നബി(സ്വ)യുമായി കൂടിക്കാഴ്ച നടത്തുകയും അവരവരുടെ ഗോത്രങ്ങളില്‍ ഇസ്‌ലാമിക സന്ദേശമെത്തിക്കുകയും ചെയ്തു. മദീനയിലെ രണ്ട് പ്രബല ഗോത്രങ്ങളായ ഔസിലും ഖസ്‌റജിലും ഇസ്‌ലാം ചര്‍ച്ചയാവുകയും ചെയ്തു.

തിരുനബിയെയും അനുചരന്മാരെയും ഏറെ സന്തോഷിപ്പിച്ച സംഭവങ്ങളായിരുന്നു നബിയുടെ പിതൃവ്യന്‍ ഹംസയുടെയും ഇസ്‌ലാമിന്റെ പ്രത്യക്ഷ ശത്രുവായിരുന്ന ഉമറുബ്‌നുല്‍ ഖത്താബിന്റെയും ഇസ്‌ലാം സ്വീകരണം. അബൂജഹ്ല്‍ നബി(സ്വ)യെ നീചമായി പരിഹസിച്ചതിനെ തുടര്‍ന്നായിരുന്നു ഹംസ(റ)യുടെ മനം മാറ്റം. സഹോദരി ഫാത്വിമ മുസ്‌ലിമായതിനാല്‍ രോഷം പൂണ്ട് അവരെ ശരിപ്പെടുത്താനിറങ്ങിയ ഉമര്‍(റ) ഒടുവില്‍ എത്തിച്ചേര്‍ന്നത് തിരുനബിയുടെ സന്നിധിയില്‍. ഇവര്‍ക്ക് പിന്നാലെ ഇസ്‌ലാമിലേക്കുള്ള ഒഴുക്കിന് വേഗത കൂടി.

ഉപരോധത്തിലൂടെ ഹാശിം കുടുംബത്തെ തകര്‍ത്ത് മുസ്‌ലിംകളെ തോല്പിക്കാനും ഈ കാലയളവില്‍ നീക്കമുണ്ടായി. അബൂലഹബിന്റെ കുടുംബത്തെ മാറ്റി നിര്‍ത്തി ബനൂഹാശിം, മുത്തലിബ് കുടുംബങ്ങള്‍ക്കാണ് ബഹിഷ്‌കരണം ബാധകമാക്കിയത്. ഇവര്‍ മൂന്ന്് വര്‍ഷത്തോളം മലഞ്ചെരുവില്‍ താമസിക്കേണ്ടിവന്നു. നബി(സ്വ)യും ഭാര്യ ഖദീജയും ഉള്‍പ്പെടെയുള്ളവര്‍ ഏറെ ദുരിതമനുഭവിച്ചു ഇക്കാലയളവില്‍.

തിരുദൂതരെ അങ്ങേയറ്റം വേദനിപ്പിച്ച രണ്ട് വേര്‍പാടുകള്‍ ഉണ്ടായതും ഇക്കാലത്ത് തന്നെ. ഒന്ന്, 25 വര്‍ഷം ധന്യമായ ദാമ്പത്യത്തിലൂടെ തണലും കുളിരുമേകിയ ഖദീജയുടേത്. രണ്ട് ഖുറൈശി ഹുങ്കിന് മുന്നില്‍ നബി(സ്വ)ക്ക് സംരക്ഷണമായി നിന്നിരുന്ന അബൂത്വാലിബിന്റേത്. ഈ വിയോഗങ്ങളുണ്ടാക്കിയ ക്രിസ്താബ്ദം 619നെ ദു:ഖവര്‍ഷം എന്നാണ് നബി(സ്വ) വിളിച്ചത്. അബൂത്വാലിബിനെ ഇസ്‌ലാമിന്റെ സാക്ഷ്യവാക്യം ചൊല്ലാന്‍ തിരുനബി പ്രേരിപ്പിച്ചെങ്കിലും അദ്ദേഹം വിസമ്മതിച്ചു.

തണലുകള്‍ നഷ്ടപ്പെട്ടതോടെ പീഡനം വര്‍ധിച്ചു. സംരക്ഷണം തേടി നബി(സ്വ) താഇഫിലെ സഖീഫ് ഗോത്രത്തെ സമീപിച്ചു. എന്നാല്‍ അംറുബ്‌നു ഉമയ്യയുടെ മൂന്ന് പുത്രന്മാരും ദൂതരെ പരിഹസിച്ചു മടക്കിവിട്ടു. തെരുവ് കുട്ടികളെയും അടിമകളെയും വിട്ട് ദൂതരെ അപമാനിക്കുകയും ചെയ്തു. മറ്റു ചില വാതിലുകളും മുട്ടി നോക്കി. പക്ഷേ, തുറന്നില്ല. ഒടുവില്‍ നൗഫല്‍ ഗോത്ര മുഖ്യനായ മുത്ഇമിന്റെ സംരക്ഷണത്തിലാണ് നബി(സ്വ) മക്കയില്‍ തിരിച്ചെത്തിയത്.

ഇതിനിടെ, എത്യോപ്യയിലേക്ക് ഹിജ്‌റ പോയവരെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമവും ഖുറൈശികള്‍ നടത്തി. അബ്ദുല്ലാഹിബ്‌നു അബീ റബീഅയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ നേഗസ് രാജാവിന്റെ അടുത്തേക്ക്  അവര്‍ അയച്ചു. എന്നാല്‍ ജ്അഫറി(റ)ല്‍ നിന്ന് സത്യാവസ്ഥ ചോദിച്ചറിഞ്ഞ നേഗസ് ഖുറൈശി സംഘത്തെ നിരാശരാക്കി മടക്കി വിടുകയായിരുന്നു.

ഇസ്‌റാഉം മിഅ്‌റാജുമാണ് (നിശാ പ്രയാണവും ആകാശ യാത്രയും) മറ്റൊരു സുപ്രധാന സംഭവം. നബി(സ്വ)യെ ജിബ്‌രീല്‍(അ) ഒറ്റ രാത്രികൊണ്ട് മസ്ജിദുല്‍ ഹറമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സ്വയിലേക്കും തുടര്‍ന്ന് ഏഴാം ആകാശത്തേക്കും കൊണ്ടുപോയി തിരിച്ചുകൊണ്ടു വന്നു. മദീനയും ജറുസലമും തമ്മില്‍ രണ്ടു മാസത്തെ യാത്രാ ദൂരമുണ്ട്. ഈ യാത്ര (ഇസ്‌റാഅ്) ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട് (17:1).

വാനലോകത്തുവെച്ച് പൂര്‍വ്വ പ്രവാചകന്മാരെ നബി(സ്വ) കാണുകയും മുസ്‌ലിംകള്‍ക്ക് അഞ്ചു നേരത്തെ നമസ്‌കാരം അല്ലാഹു നിര്‍ബന്ധമാക്കുകയും ചെയ്തു. ഈ യാത്രയില്‍ നിശാ പ്രയാണം ഖുറൈശികള്‍ വിവാദമാക്കിയെങ്കിലും നബി(സ്വ)യുടെ തെളിവുകള്‍ക്ക് മുമ്പില്‍ അവര്‍ നിശ്ശബ്ദരായി. യാത്ര പോയ വിവരം കേട്ടമാത്രയില്‍ തന്നെ വിശ്വസിച്ച അബൂബക്‌റി(റ)ന് തിരുനബി(സ്വ) 'സിദ്ദീഖ്' എന്ന വിശേഷണം നല്‍കി. (അത് അംഗീകരിച്ചവന്‍ എന്നര്‍ഥം)ഹദീസ് ഗ്രന്ഥങ്ങളില്‍ ഈ സംഭവങ്ങള്‍ വിശദീകരിക്കുന്നുണ്ട്. (ബുഖാരി 1513).

Feedback