വലീദിന്റെ പിന്‍ഗാമിയായി 715ല്‍ (ഹി.98) സഹോദരന്‍ സുലൈമാനുബ്‌നു അബ്ദില്‍ മലിക് (715-717) ഭരണത്തിലേറി. മകന്‍ അബ്ദുല്‍ അസീസിനെ കിരീടാവകാശിയാക്കാനുള്ള വലീദിന്റെ ശ്രമം വിജയിച്ചില്ല.
രണ്ടുവര്‍ഷം മാത്രമാണ് സുലൈമാന്‍ രാജ്യം ഭരിച്ചത്. കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിക്കാന്‍ തീവ്രശ്രമം നടന്നെങ്കിലും വിജയിച്ചില്ല. സുലൈമാന്‍ തന്നെയാണ് ഇതിന് നേതൃത്വം നല്‍കിയത്. അദ്ദേഹത്തിന്റെ മരണവും ഇതിനിടെ തന്നെയായിരുന്നു. ക്രി. 717ല്‍.
ഭക്തനും നന്മകളുടെ കൂട്ടുകാരനുമായാണ് ചരിത്രം സുലൈമാനെ പരിചയപ്പെടുത്തുന്നത്. മിഫ്താഫുല്‍ ഖൈര്‍ (നന്മകളുടെ താക്കോല്‍) എന്ന പേരില്‍ അറിയപ്പെടുന്നു. രണ്ടാം ഉമറെന്ന പേരില്‍ വിശ്രുതനായ ഉമറുബ്‌നു അബ്ദില്‍ അസീസ് എന്ന മഹാനായ പിന്‍ഗാമിയെ മുസ്‌ലിം സമൂഹത്തിന് നല്കി എന്നതായിരുന്നു അദ്ദേഹം ചെയ്ത ഏറ്റവും വലിയ സേവനം.
വലീദിന്റെ കാലത്ത് ദിഗ്വിജയങ്ങള്‍ക്ക് നായകത്വം വഹിച്ച ഹജ്ജാജുബ്‌നു യൂസുഫ്, മുഹമ്മദുബ്‌നു ഖാസിം, ഖുതൈ്വബതുബ്‌നു മുസ്‌ലിം, മൂസബ്‌നു നുസൈര്‍ എന്നിവരുടെ മരണം ഇക്കാലത്തായിരുന്നു. ജയിലില്‍ കിടന്നായിരുന്നു പലരുടെയും അന്ത്യം.