മൂന്നാം ഖലീഫ ഉസ്മാന്റെ(റ) ബന്ധുവാണ് മര്‍വാനുബ്നു ഹകം (684-685). നബി(സ്വ) ഇദ്ദേഹത്തെ മദീനയില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ഉസ്മാന്(റ) ഖലീഫയായപ്പോള്‍ തിരിച്ചു വിളിക്കുകയും സെക്രട്ടറി പദവിയില്‍ നിയമിക്കുകയും ചെയ്തു. യസീദിന്റെ ഭരണത്തില്‍ മദീനയിലെ ഗവര്ണറായിരുന്നിട്ടുമുണ്ട് മര്വാന്.
യസീദിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ പുത്രന് മുആവിയയെ പിന്‍ഗാമിയായി വാഴിച്ചെങ്കിലും 40 ദിവസം മാത്രം ഭരിച്ച് അദ്ദേഹം ഭരണം വിട്ടൊഴിഞ്ഞു. ഇതിനെതുടര്‍ന്ന് നാട്ടില്‍ കലാപങ്ങളും അഭ്യന്തര സംഘര്‍ഷങ്ങളും തലപൊക്കി. ഈ സാഹചര്യത്തിലാണ് ക്രി. 684 (ഹി: 64)ല്‍ മര്വാന് ഭരണമേറ്റെടുത്തത്.
യസീദ് മരിച്ചതിനു പിന്നാലെ അബ്ദുല്ലാഹിബ്നു സുബൈര്‍(റ) സിറിയയിലും ഈജിപ്തിലും ഭരണം സ്ഥാപിക്കാന്‍ ശ്രമിച്ചു. ഇത് മര്വാന് അടിച്ചമര്‍ത്തി. എന്നാല്‍ മദീനയില്‍ അബ്ദുല്ലാഹിബ്നു സുബൈറിനു തന്നെയായിരുന്നു വിജയം. ഒരു വര്‍ഷത്തെ ഭരണത്തിനുശേഷം ഹി. 65ല്‍ മര്വാന് മരിച്ചു.