വിശ്വസംസ്‌കാരത്തിന്റെ പിറവിയില്‍ നിര്‍ണായക കൈയൊപ്പ് ചാര്‍ത്തിയ ഈജിപ്ഷ്യന്‍ നാഗരികതയ്ക്ക് ക്രിസ്തുവിന് മുമ്പ് പതിനായിരം വര്‍ഷത്തോളം പഴക്കമുണ്ടെന്ന് അഭിപ്രായപ്പെടുന്ന ചരിത്രകാരന്‍മാരുണ്ട്. ബിസി 3055നോടടുത്ത കാലഘട്ടത്തിലാണ് ഈജിപ്തില്‍ നാഗരികത രൂപം കൊള്ളുന്നത്. ഈജിപ്തില്‍ നിന്നുള്ള ധാന്യവും ചണവും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂറോപ്പില്‍ എത്തിയിരുന്നുവെന്നും പഠനങ്ങള്‍ പറയുന്നു.
നൈലിന്റെ ദാനമായി കരുതപ്പെടുന്ന പത്തു മുതല്‍ ഇരുപതു നാഴിക വരെ വീതിയിലുള്ള ഭൂപ്രദേശമാണ് ഈജിപ്ഷ്യന്‍ നാഗരികതയുടെ കേന്ദ്രം. കാര്‍ഷിക വൃത്തിയില്‍ നൂതനമാര്‍ഗങ്ങള്‍ കണ്ടെത്തിയിരുന്ന അവര്‍ കനാല്‍ വഴി വെള്ളം തിരിച്ചുവിട്ട് വിളവു മെച്ചപ്പെടുത്തി. നൂബിയ, സുഡാന്‍ എന്നിവിടങ്ങളുമായി വാണിജ്യ ബന്ധം പുലര്‍ത്തിയിരുന്ന ഈജിപ്തുകാര്‍ സ്വര്‍ണാഭരണം, ഗ്ലാസ്, പാത്രങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവ നിര്‍മിക്കുന്നതില്‍ നിപുണരായിരുന്നു. വര്‍ഷത്തില്‍ 365 ദിവസം അടങ്ങിയ ഒരു കലണ്ടര്‍ രൂപപ്പെടുത്തിയെടുത്ത അവര്‍ തന്നെയാണ് ഹൈറോഗ്ലഫിക്‌സ് എന്നറിയപ്പെടുന്ന ചിത്രലിപിയിലൂടെ ലോകത്ത് ആദ്യമായി ഒരു എഴുത്തുകലയ്ക്ക് രൂപം കൊടുത്തതും. പെപ്പിറസ് ചെടിയുടെ തണ്ടു കൊണ്ട് നിര്‍മിച്ച ചുരുളുകളിലാണ് അവര്‍ എഴുതിയിരുന്നത്. ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു പെപ്പിറസ് ചുരുളിന് 135 അടി നീളവും 17 ഇഞ്ച് വീതിയുമുണ്ട് (H.A. Davies, Outline History of the World - 1959 page 18). ഗിസഹിലുള്ള വലിയ പിരമിഡും സ്ഫിന്‍ക്‌സും ഈജിപ്ഷ്യന്‍ വാസ്തുകലയുടെ മകുടോദാഹരണങ്ങളാണ്.
ദൈവവിശ്വാസികളും മരണാനന്തരജീവിത വിശ്വാസികളുമായിരുന്നു പുരാതന ഈജിപ്തുകാര്‍. ബിംബങ്ങളെ കുടിയിരുത്തിയിരുന്ന ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട 'കര്‍ണക് ക്ഷേത്രം' രണ്ടായിരം വര്‍ഷം കൊണ്ടാണ് പണികഴിപ്പിച്ചതത്രെ. ബഹുദൈവ വിശ്വാസത്തിനു പകരം ഏകദൈവ വിശ്വാസം നടപ്പിലാക്കിക്കൊണ്ട് ഈജിപ്തുകാരുടെ മതസങ്കല്പത്തിന് കാതലായ മാറ്റം വന്നത് അമന്‍ ഹോതപ് ഫറോവ(1375-1358)യുടെ സ്ഥാനാരോഹണത്തോടെയാണ്. ഏകദൈവമായ 'ആറ്റനി'ലുള്ള വിശ്വാസം പ്രചരിപ്പിച്ച അദ്ദേഹം കര്‍ണക് ക്ഷേത്രം അടച്ചുപൂട്ടുകയും 'ആറ്റന്‍ സംതൃപ്തനായിരിക്കുന്നു' എന്നര്‍ഥം വരുന്ന അഖ്‌നാറ്റന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. അഖ്‌നാറ്റന്റെ മരണത്തോടെ ഏകദൈവസങ്കല്പം ശിഥിലമായി. പിന്നീട് അറിയരും കാല്‍ദിയക്കാരും പേര്‍ഷ്യക്കാരും ഈജിപ്ത് ആക്രമിച്ചു കൈവശപ്പെടുത്തി. വിദേശാധിപത്യത്തില്‍ നിന്ന് മുക്തയാകാന്‍ ഈജിപ്തിന് വളരെയധികം കാത്തിരിക്കേണ്ടി വന്നു.