ക്രിറ്റ് ദ്വീപായിരുന്നു ഗ്രീക്ക് നാഗരികതയുടെ ഈറ്റില്ലം. ബി സി 3000ത്തിനും 2000ത്തിനും ഇടയില്‍ വികസിച്ച ഈ നാഗരികത മിനോയന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. മെസപ്പൊട്ടേമിയന്‍, ഈജിപ്ത് നാഗരികതകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ക്രിറ്റുകള്‍ ഒരു നാഗരികത പടുത്തുയര്‍ത്തിയത്. മിസിനിയന്‍ നാഗരികത എന്ന പേരിലറിയപ്പെട്ട നാഗരികത ബി സി 1600നും 1100നും ഇടയിലാണ് പൂര്‍ണതയിലെത്തിയത്. മലയിടുക്കുകളും പാറക്കെട്ടുകളും താഴ്‌വരകളും തിങ്ങി നിറഞ്ഞ ഗ്രീസ് അര്‍ധദ്വീപില്‍ വിശാലമായ സാമ്രാജ്യം പടുത്തുയര്‍ത്താനുള്ള സാഹചര്യമുണ്ടായിരുന്നില്ല. സ്പാര്‍ട്ട, ആതന്‍സ്, കൊറിന്ത്, സേബസ്, മിലിറ്റസ്, സമോസ് എന്നിങ്ങനെ ചെറുതും വലുതുമായി ഒട്ടേറെ നഗരറിപ്പബ്ലിക്കുകള്‍ ഉയര്‍ന്നുവന്നു. കാസ്പിയന്‍ കടല്‍ത്തീരത്തും ഇറ്റലിയിലും സിസിലിയിലും വളരെയധികം ഗ്രീക്ക് കോളനികളും സ്ഥാപിക്കപ്പെട്ടു.
നഗരറിപ്പബ്ലിക്കുകളിലെ ഭരണത്തിന് ഏകീകൃത രൂപമൊന്നും ഉണ്ടായിരുന്നില്ല. ആതന്‍സില്‍ ജനാധിപത്യം നിലവില്‍ വന്നെങ്കില്‍ സ്പാര്‍ട്ടയില്‍ സൈനിക ഏകാധിപത്യമാണ് ഉടലെടുത്തത്. പേര്‍ഷ്യന്‍ സാമ്രാജ്യത്തിനെതിരായ ആതന്‍സിന്റെ സൈനിക നീക്കങ്ങള്‍ (പ്യൂനിക് യുദ്ധങ്ങള്‍) ജനാധിപത്യത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സമായി. പേര്‍ഷ്യക്കാരില്‍ നിന്നുള്ള ആക്രമണഭീഷണി നേരിടാനായാണ് ഗ്രീസിലെ നഗരറിപ്പബ്ലിക്കുകള്‍ ആതന്‍സിന്റെ നേതൃത്വത്തില്‍ 'കോണ്‍ഫെഡറസി' രൂപീകരിച്ചത്. പിന്നീടത് കോണ്‍ഫെഡറേഷന്‍ സാമ്രാജ്യമായി മാറുകയും ചെയ്തു.