Skip to main content

ആദ്, സമൂദ് നാഗരികത

സെമിറ്റിക് വര്‍ഗക്കാരുടെ ആദികാല ഗേഹം അറേബ്യ ആണെന്ന വസ്തുത ഏറെക്കുറെ അംഗീകരിക്കപ്പെട്ടതാണ്. നൂഹ് നബിയുടെ കാലഘട്ടത്തെ തുടര്‍ന്ന് അധികാരം കൈയാളാന്‍ തുടങ്ങിയ ശക്തരായ ഒരു സെമിറ്റിക് ജനതയാണ് ആദ് വര്‍ഗക്കാര്‍ (എന്‍സൈക്ലോപീഡിയ ഓഫ് ഇസ്‌ലാം വാള്യം-1, പേജ് 169). ആദ്, സമൂദ്, ജുര്‍ഹമിയ്യ, ലക്മിയ്യ തുടങ്ങി സെമിറ്റിക് വര്‍ഗം എന്ന് യൂറോപ്യന്‍ പണ്ഡിതര്‍ പരാമര്‍ശിച്ചിരുന്ന അറബ് വംശജരില്‍ ഏറ്റവും പ്രബലരായിരുന്നു ആദുകള്‍.

ആദ് വംശജരുടെ ഉത്ഭവം ആരമില്‍ നിന്നാണ്. നൂഹ് നബിയുടെ മകന്‍ ശമുവാണ് ആരമിന്റെ പിതാവ്.  യെമന്‍ ആണ് ആദുകളുടെ ഉത്ഭവ കേന്ദ്രമെന്ന കാര്യത്തില്‍ ഏകാഭിപ്രായമില്ല. പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ മുതല്‍ മെസപ്പൊട്ടേമിയ വരെ അവര്‍ വ്യാപിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. ജലദൗര്‍ലഭ്യവും വരണ്ട ഭൂപ്രകൃതിയും മൂലം അറേബ്യന്‍ ഗോത്രങ്ങള്‍ അയല്‍ നാടുകളായ അസീറിയ, ബാബിലോണിയ, ഈജിപ്ത്, ഫിനീഷ്യ എന്നിവിടങ്ങളില്‍ കുടിയേറിപ്പാര്‍ത്തിരുന്നു. ബാബിലോണിയയിലും ഈജിപ്തിലും ഇവര്‍ ഭരണം നടത്തിയിട്ടുണ്ട്. ഹൈക്‌സോസുകള്‍ അഥവാ ആട്ടിടയന്‍ രാജാക്കന്‍മാര്‍ എന്ന പേരിലാണ് ഈജിപ്തില്‍ ഇവര്‍ അറിയപ്പെട്ടിരുന്നത്.

ആദ്-ആരമുകളുടെ സുവര്‍ണകാലം ബി സി 2200നും 1700നും ഇടയിലായിരുന്നു. ആദുകള്‍ മൂസാ നബിയുടെ കാലത്തിന് (1500 ബി സി) മുമ്പ് തന്നെ നാശോന്‍മുഖമായിരുന്നുവെന്ന് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു (വി.ഖു. 40:30,31). അറേബ്യയില്‍ അവര്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തായിരുന്നു വസിച്ചിരുന്നതെന്ന് ടോളമി അഭിപ്രായപ്പെടുന്നു (എന്‍സൈക്ലോപീഡിയ ഓഫ് ഇസ്‌ലാം വാള്യം-1, പേജ് 169 ബി). നഗരങ്ങളും ഗോപുരങ്ങളും അംബരചുംബികളായ സൗധങ്ങളും നിര്‍മിച്ച അവര്‍ സ്തംഭങ്ങളുടെ ഉടമകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുമായിരുന്നു. ഉയര്‍ന്ന കെട്ടിടങ്ങളുണ്ടാക്കിയിരുന്നെങ്കിലും ചിന്തയുടെ കാര്യത്തില്‍ അവര്‍ പടുകുഴിയിലാ യിരുന്നു.

ആദുകളെ ദുര്‍മാര്‍ഗത്തില്‍ നിന്നും ദൈവനിഷേധത്തില്‍ നിന്നും പിന്തിരിപ്പിക്കാനായി നിയുക്തനായ ഹൂദ് നബിയെ അവര്‍ പുച്ഛിച്ചു തള്ളി. സമ്പത്തില്‍ അഹങ്കരിച്ച്, എല്ലാ നൈതിക മൂല്യങ്ങളെയും തിരസ്‌കരിച്ച് ദുര്‍ബലരെ പീഡനത്തിന് വിധേയമാക്കിയിരുന്ന ആദ് സമൂഹത്തെ പ്രകൃതിക്ഷോഭം ഉന്‍മൂലനം ചെയ്തു. അത്യുഗ്രമായ കൊടുങ്കാറ്റ് അവരെയും അവരുടെ മഹാസൗധങ്ങളെയും കട പുഴകി വീണ ഈത്തപ്പനത്തടികള്‍ പോലെ ആക്കിത്തീര്‍ത്തുവെന്ന് വിശുദ്ധ ഖുര്‍ആന്‍ (69: 6-8)  പറയുന്നു.

ആദ് സമുദായത്തിന്റെ സഹോദര സമുദായമാണ് സമൂദ് വംശം. ആരമിന്റെ സഹോദരനായ ആബിറിന്റെ മകനാണ് സമൂദ്. ടോളമിയും പ്ലിനിയും സമൂദ് വംശജരെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. സമുദാനി(Thamudani), സമൂദിയാറ്റിക് (Thamudiatic) എന്നീ പേരുകളായിരുന്നു ക്ലാസിക് പണ്ഡിതന്‍മാര്‍ ഉപയോഗിച്ചിരുന്നത്. സമൂദ് വംശജരുടെ സങ്കേതങ്ങളായി പ്ലിനി പരാമര്‍ശിക്കുന്ന ഡെമേതിയ, ഹെജറ എന്നീ സ്ഥലങ്ങള്‍ ദൂമത്തുല്‍ ജന്‍തലും അല്‍ഹിജാറുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് (എന്‍സൈക്ലോപീഡിയ ഓഫ് ഇസ്‌ലാം, വാള്യം 4, പേജ് 436). ഹിജാസില്‍ നിന്ന് സിറിയയിലേക്കുള്ള പഴയ പാതയോടു ചേര്‍ന്നുള്ള ഹിജ്ര്‍ നഗരമായിരുന്നു സമൂദ് ഗോത്രത്തിന്റെ ആസ്ഥാനം. ഈ പട്ടണം പിന്നീട് മദാഇന്‍ സ്വാലിഹ് (സ്വാലിഹ് നബിയുടെ പട്ടണം) എന്നാണ് അറിയപ്പെട്ടത്. തബൂക്ക് യുദ്ധാവസരത്തില്‍ നബിയും അനുയായികളും സമൂദുകളുടെ കാലത്തെ ചരിത്രാവശിഷ്ടങ്ങള്‍ കാണാനിടയായി (അബ്ദുല്ല യുസുഫ് അലി, ഖുര്‍ആന്‍ വിവര്‍ത്തനം, ഫൂട്ട്‌നോട്ട് 1043).

പാറക്കെട്ടുകള്‍ തുരന്ന് വീടുകളും കൊട്ടാരങ്ങളും ശവകുടീരങ്ങളും നിര്‍മിക്കുന്നതില്‍ പ്രാവീണ്യമുള്ളവരായിരുന്നു അവര്‍. സമ്പന്നരെങ്കിലും അവര്‍ പാവങ്ങളെ ദ്രോഹിച്ചു. വെള്ളവും മേച്ചില്‍ സ്ഥലങ്ങളും സ്വന്തമാക്കി വച്ചു. വിവേകത്തിന്റെ പാതയിലേക്ക് അവരെ കൊണ്ടുവരാന്‍ ഒരു പരീക്ഷണമെന്നോണം ഒരു ഒട്ടകത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട്, അല്ലാഹുവിന്റെ ദൃഷ്ടാന്തമായ ഒട്ടകത്തെ മേയാന്‍ അനുവദിക്കണമെന്നും അതിനെ ഉപദ്രവിക്കരുതെന്നും അദ്ദേഹം (സ്വാലിഹ് നബി) അപേക്ഷിച്ചു. വിവേകപൂര്‍വം പ്രവര്‍ത്തിക്കുന്നതിനു പകരം അവരില്‍പ്പെട്ട ചില മുഷ്‌കന്‍മാര്‍ രഹസ്യമായി അതിനെ കൊന്നുകളഞ്ഞു. ഭൂമിയില്‍ അക്രമം പ്രവര്‍ത്തിക്കുകയും ദുര്‍ബലരോട് ക്രൂരമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നവര്‍ക്ക് ജീവിക്കാനുള്ള അവകാശം തന്നെ നിഷിദ്ധമാണ്. ഘോരനാദം അവരെ പിടികൂടി; രക്ഷാനടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പു തന്നെ അവരുടെ വീടും കൊട്ടാരവും ദ്രവിച്ച തുരുമ്പു പോലെയായിത്തീര്‍ന്നു (വി.ഖു.51:43-45). അസീറിയന്‍ ലിഖിതങ്ങളിലും റോമാചരിത്രഗ്രന്ഥങ്ങളിലും സമൂദ് വംശജരെക്കുറിച്ച് പരാമര്‍ശമുണ്ട്. 
 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446