ഔദ്യോഗിക ദൈവങ്ങളെയും വിശ്വാസങ്ങളെയും നിരാകരിച്ചും പുതിയ ദൈവവിശ്വാസത്തെ അവതരിപ്പിച്ചും യുവജനങ്ങളെ വഴിപിഴപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് 399 ബി സിയില്‍ സോക്രട്ടീസിന് (ഏകദേശം ബി സി 470-399) ഭരണകൂടം വധശിക്ഷ വിധിക്കുന്നത്. എന്നാല്‍ ബഹുദൈവ വിശ്വാസത്തെ തിരസ്‌കരിക്കാതെ ഒരു നൂതന ഏകദൈവ വിശ്വാസം പുനഃപ്രതിഷ്ഠിക്കാനാണ് സത്യാന്വേഷിയായ സോക്രട്ടീസ് ശ്രമിച്ചിരുന്നത് (വാള്‍ട്ടര്‍ മില്ലര്‍, ഗ്രീസ് ആന്റ് ദി ഗ്രീക്ക്, പേജ് 365). 'ധര്‍മ്മ(സദാചാരം)മാണ് ജ്ഞാനമെന്നാ'യിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനത്തിന്റെ അടിസ്ഥാനം. യുവജനങ്ങളെ ദുഷിപ്പിക്കുവാനായിരുന്നില്ല, ധാര്‍മികതയെ ശുദ്ധീകരിക്കാന്‍ പ്രയത്‌നിച്ചിരുന്ന സോക്രട്ടീസിനെ പക്ഷേ, അരിസ്റ്റോഫൈനസിനെ പോലുള്ളവര്‍ അപകടകാരിയായ പ്രക്ഷോഭകാരിയായാണ് കണ്ടിരുന്നത്. ജനങ്ങള്‍ക്ക് ശരിയായ പാത കാട്ടിക്കൊടുക്കാന്‍ ദൈവനിയുക്തനായ ആളാണ് താനെന്നാണ് അദ്ദേഹം കരുതിയിരുന്നത്.