മതവും സദാചാരവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് പ്ലേറ്റോവിന് (ബി സി 427-347). ദുഷ്‌കൃത്യങ്ങളാല്‍ നിറഞ്ഞ ഈ ലോകത്ത്, സത്കര്‍മങ്ങള്‍ ചെയ്തും വിജ്ഞാനം കൈവരിച്ചും സ്വയം ദൈവതുല്യരാക്കി നമ്മള്‍ എത്രയും വേഗം ദൈവത്തിലേക്ക് മടങ്ങുക (എന്‍സൈക്ലോപീഡിയ ഓഫ് വേള്‍ഡ് റിലീജിയന്‍, പേജ് 413) എന്നതായിരുന്നു സോക്രട്ടീസിന്റെ ശിഷ്യനും സുഹൃത്തുമായിരുന്ന പ്ലേറ്റോവിന്റെ ദര്‍ശനം. മനുഷ്യന്റെ ലക്ഷ്യം രാഷ്ട്രമാണെന്ന് റിപ്പബ്ലിക് എന്ന വിഖ്യാതഗ്രന്ഥത്തില്‍ (Republic) പ്ലേറ്റോ വാദിക്കുന്നു. ഉത്തമപൗരന്‍മാരെ സൃഷ്ടിക്കുന്നതിനായി സ്വത്ത്, ഭാര്യമാര്‍, സന്താനങ്ങള്‍ എന്നിവയുടെ കൂട്ടായ അവകാശം അത്യന്താപേക്ഷിതമാണെന്നും അഭിപ്രായപ്പെടുന്നു (അതേ പുസ്തകം പേജ് 414). അനശ്വരനും അദൃശ്യനുമായ ഏകദൈവത്തില്‍ പ്ലേറ്റോ വിശ്വസിച്ചിരുന്നു.