തീ തുപ്പുന്ന വെയില്‍. മക്കാ തെരുവീഥികള്‍ ശൂന്യം. ഭയാനകമായ നിശ്ശബ്ദത. അതിനെ കീറിമുറിച്ചുകൊണ്ട് രണ്ടുമൂന്നു വീടുകളില്‍ നിന്നുയരുന്ന ദീനരോദനം. മേല്‍ക്കൂരയില്ലാത്ത ആ വീടുകളില്‍ ചില മനുഷ്യാത്മാക്കളുടെ കൈകാലുകള്‍ ഇരുമ്പുചങ്ങലകളില്‍ ബന്ധിച്ചിരിക്കുന്നു. ദേഹമാസകലം മര്‍ദനത്തിന്റെ ആഴത്തിലുള്ള പാടുകള്‍. പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ പോലും അവര്‍ക്ക് ഹനിക്കപ്പെട്ടു. മുഹമ്മദ് നബിയില്‍ വിശ്വസിച്ചതാണ് അവര്‍ ചെയ്ത തെറ്റ്. ഹിശാമുബ്നു ആസ്വ്, അയ്യാശുബ്നു റബീഅ, വലീദുബ്‌നുല്‍ വലീദ്, സലമതുബ്നു ഹിശാമിബ്നി മുഗീറ എന്നീ സ്വാഹാബികളാണ് മര്‍ദനത്തിന്റെയും ചൂടിന്റെയും തീക്ഷ്ണതയാല്‍ ദീനരോദനം മുഴക്കുന്നത്.
മക്കയില്‍ മുസ്ലിം മര്‍ദനത്തിന് നേതൃത്വം നല്‍കിയിരുന്നത് ഹിശാമിന്റെ പിതാവ് ആസ്വുബ്‌നുല്‍ വാഇല്‍ ആയിരുന്നു. എന്നാല്‍ ആസ്വിന്റെ രണ്ട് പുത്രന്‍മാരും സത്യവിശ്വാസികളായിരുന്നു. ഹിശാമും അംറും. അംറിന്റെ ഇളയ സഹോദരനായിരുന്നു ഹിശാം. ആദ്യം ഇസ്‌ലാമിലേക്ക് വന്നത് അദ്ദേഹമായിരുന്നു. ഉമറുബ്നുല്‍ ഖത്ത്വാബ്, അയ്യാശുബ്‌നു റബീഅ എന്നിവരോടൊപ്പമാണ് ഹിശാം മദീനയിലേക്ക് ഹിജ്‌റ പോകാന്‍ തീരുമാനിച്ചത്. രഹസ്യമായാണ് യാത്ര. ഒത്തുകൂടാന്‍ നിശ്ചയിച്ച സ്ഥലത്ത് ഒരാള്‍ എത്തിയില്ലെങ്കില്‍ മറ്റു രണ്ടുപേര്‍ യാത്ര തുടരാനായിരുന്നു തീരുമാനം.
മകന്‍ മദീനയിലേക്ക് രക്ഷപ്പെടാന്‍ തീരുമാനിച്ച വിവരമറിഞ്ഞ പിതാവ് കിങ്കരന്‍മാരെ നിയോഗിച്ച് പിടികൂടുകയായിരുന്നു. അതിനാല്‍ ഹിശാമിന് മദീനയിലേക്ക് പോകാന്‍ സാധിച്ചില്ല. ഇരുമ്പുചങ്ങലയാല്‍ ഹിശാം ബന്ധനസ്ഥാനക്കപ്പെടുകയാണ്. പിന്നീട് ക്രൂരമായ ശിക്ഷകളായിരുന്നു. മര്‍ദനത്തിന്റെ കാഠിന്യം മൂലം മുശ്‌രിക്കുകള്‍ ചൊല്ലിക്കൊടുത്ത കുഫ്‌റിന്റെ വാക്കുകള്‍ അബോധാവസ്ഥയില്‍ അദ്ദേഹം ഏറ്റുചൊല്ലി.
മക്കയിലെ ശാരീരിക പീഡനത്തേക്കാള്‍ അദ്ദേഹത്തെ വിഷമിപ്പിച്ചത് അബോധാവസ്ഥയില്‍ പറഞ്ഞ കുഫ്‌റിന്റെ വാക്കുകളായിരുന്നു. മനസ്സറിയാതെ ഉച്ചരിച്ച ഇസ്‌ലാമിന്നെതിരിലുള്ള വാക്കുകള്‍ അല്ലാഹു പൊറുക്കുമോയെന്നറിയാതെ ഹിശാമിന്റെ ഹൃദയം വേദനകൊണ്ട് നീറി. ആയിടക്ക് നബി തിരുമേനി മദീനയിലെത്തിയ സമയത്താണ് മര്‍ദിതര്‍ക്ക് ആശ്വാസമാകുന്ന രൂപത്തില്‍ വചനമിറങ്ങിയത്. 'പറയുക, സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും'(അസ്സുമര്‍: 53).
ഈ വചനം ഉമര്‍ സ്വന്തം കൈപ്പടയില്‍ എഴുതി തന്റെ കൂട്ടുകാരന്‍ ഹിശാമിന് കൊടുത്തയച്ചു. അത് കിട്ടിയ ഉടനെ മദീനയില്‍ നബിയുടെയും സഹചാരികളുടെയും അരികത്ത് എത്തണമെന്നായി അദ്ദേഹത്തിന്റെ ചിന്ത. ഒരു രാത്രി കൂരിരുട്ടില്‍ തടവുചാടി, ഏകനായി മലകളും മലയോരങ്ങളും താണ്ടി ഹിശാമുബ്നു ആസ്വ് പ്രവാചകന്റെടുത്ത് എത്തി.
ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ ഭരണകാലത്ത് അംറുബ്‌നുല്‍ ആസ്വിന്റെ നേതൃത്വത്തില്‍ മുസ്ലിം സൈന്യം യര്‍മൂക്കില്‍ റോമക്കാരുമായി യുദ്ധത്തിന് പുറപ്പെട്ടു. ഈ സൈന്യത്തില്‍ ഹിശാമും ഒരംഗമായിരുന്നു. അജ്‌നാദൈന്‍ എന്ന സ്ഥലത്ത് ഇരുസൈന്യവും ഏറ്റുമുട്ടി. മുസ്‌ലിംകളുടെ ഭാഗത്ത് അല്‍പം ക്ഷീണം കണ്ട ഹിശാം മുഖകവചം വലിച്ചെറിഞ്ഞു. മുസ്‌ലിംകളേ, ഈ ഭീരുക്കള്‍ക്ക് വാളിനെ ഭയമാണ്. എന്നിട്ട് ഞാന്‍ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്യുക. എന്ന് പറഞ്ഞ് ഹിശാം ശത്രുപാളയത്തിലേക്ക് ഓടിയടുത്തു. മുസ്‌ലിംകളേ, ഓടിവരൂ...ഞാന്‍ ഹിശാമാണ്. സ്വര്‍ഗത്തില്‍ നിന്ന് നിങ്ങള്‍ ഓടിപ്പോവുകയാണോയെന്ന ചോദ്യം കേട്ട മുസ്‌ലിംകള്‍ നിരന്തര ആക്രമണം തന്നെ നടത്തി. ശത്രുക്കള്‍ ഒരു മതിലിന്റെ പിന്നില്‍ അഭയം തേടി. അതിന്റെ പഴുതിലൂടെ നുഴഞ്ഞുകയറുന്ന മുസ്ലിംകളെ വകവരുത്തിക്കൊണ്ടിരുന്നു. റോമക്കാരുടെ രക്ഷാസങ്കേതം തകര്‍ക്കാനുള്ള ആവേശത്താല്‍ ഓടിയെത്തിയ ഹിശാമിനെ ഒളിച്ചിരുന്ന ശത്രുക്കള്‍ വാളിന്നിരയാക്കി. മതില്‍പഴുതിലാണ് അദ്ദേഹം രക്തസാക്ഷിയായി വീണത്. അത് പ്രവേശനദ്വാരത്തെ അടച്ചുകളഞ്ഞു. അവിടേക്ക് ഓടിയെത്തിയ മുസ്ലിംകള്‍ അവരുടെ കുതിരകള്‍ മൃതദേഹത്തില്‍ ചവിട്ടുമെന്ന ഭയത്താല്‍ ശങ്കിച്ചുനിന്നു. അപ്പോള്‍ ജ്യേഷ്ഠന്‍ അംറ് പറഞ്ഞു: 'ജനങ്ങളേ, അല്ലാഹു ഇദ്ദേഹത്തിന് രക്തസാക്ഷിത്വം നല്‍കി ആത്മാവിനെ ഉയര്‍ത്തിക്കഴിഞ്ഞു. അദ്ദേഹം ജഡം മാത്രമാണിപ്പോള്‍. അതിനാല്‍ കുതിരകള്‍ ചവിട്ടിക്കടക്കട്ടെ'. ആദ്യം അദ്ദേഹവും പിന്നാലെ മറ്റുള്ളവരും കുതിരകളെ മൃതദേഹത്തിന് മുകളിലൂടെ ഓടിച്ചുകടന്നുപോയി. റോമക്കാര്‍ തോല്‍ക്കുകയും മുസ്ലിംകള്‍ വിജയിക്കുകയും ചെയ്തു. സഹോദരന്‍ അംറ് ഹിശാമിന്റെ ചിതറിയ മാംസവും അസ്ഥികളും പെറുക്കിയെടുത്ത് ഖബറടക്കി.
ഒരിക്കല്‍ അംറുബ്‌നുല്‍ ആസ്വ് ത്വവാഫ് ചെയ്യുകയായിരുന്നു. അപ്പോള്‍ ഒരു സംഘം ഖുറൈശികള്‍ കഅ്ബയുടെ പരിസരത്ത് സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു. ഹിശാമാണോ സഹോദരന്‍ അംറ് ആണോ കുടുതല്‍ ശ്രേഷ്ഠന്‍ എന്നതായിരുന്നു അവരുടെ സംസാര വിഷയം. ത്വവാഫ് പൂര്‍ത്തിയാക്കി ശേഷം അംറ് അവരുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു. എന്താണ് നിങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നത്'. അവര്‍ പറഞ്ഞു: 'ഞങ്ങള്‍ താങ്കളെയും സഹോദരന്‍ ഹിശാമിനെയും അനുസ്മരിക്കുകയായിരുന്നു, നിങ്ങളില്‍ ആരാണ് ഏറ്റവും ഉത്തമന്‍ എന്ന്'. അംറ് പറഞ്ഞു: 'ഇക്കാര്യത്തില്‍ വിദഗ്ധ അഭിപ്രായം പറയാന്‍ പറ്റുന്ന വ്യക്തിയെയാണ് നിങ്ങള്‍ക്ക് കിട്ടിയത്. ഞാനും ഹിശാമും യര്‍മൂക്ക് യുദ്ധത്തില്‍ പങ്കെടുത്തു. രക്തസാക്ഷിത്വം നല്‍കി അനുഗ്രഹിക്കേണമേ എന്ന് ഞാനും അവനും കൂടി രാത്രിയില്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചു. നേരം വെളുത്തപ്പോള്‍ അദ്ദേഹം രക്തസാക്ഷിയായി. എനിക്ക് ആ ഭാഗ്യം നിഷേധിക്കപ്പെട്ടു. അദ്ദേഹം എന്നെക്കാള്‍ ഉത്തമനാണെന്നതിന് നിങ്ങള്‍ക്ക് ഈ തെളിവ് പോരേ?'
ഖുറൈശികളിലെ ബനുസഹ്മ് ഗോത്രക്കാരനായിരുന്നു ഹിശാമുബ്‌നുല്‍ ആസ്വ്. യര്‍മൂക്ക് യുദ്ധക്കളത്തില്‍ ഹിജ്റ 15ന് കൊല്ലപ്പെടുകയായിരുന്നു.