ശസ്ത്രക്രിയക്കു ശേഷം രോഗിക്ക് സ്വബോധം തിരിച്ചുകിട്ടുന്നതുവരെ തരിപ്പിക്കപ്പെട്ട അവസ്ഥയി ലായിരിക്കും; ബോധം തിരിച്ചുകിട്ടിയാല്‍ കുറേ മണിക്കൂറുകള്‍ വേദന അനുഭവിക്കുകയും ഈ അവസ്ഥയില്‍, ശസ്ത്രക്രിയക്കു വിധേയനാകുന്നതിനു മുമ്പുതന്നെ സമയമാകാതെ നമസ്‌കരിക്കാമോ? അതോ സ്വബോധത്തോടു കൂടി നമസ്‌കരിക്കുന്നതിന്-ഒന്നോ രണ്ടോ ദിവസം താമസിച്ചാലും-നമസ്‌കാരം പിന്തിക്കുകയാണോ വേണ്ടത്?
ഉത്തരം: ഒന്നാമതായി വേണ്ടത് ഡോക്ടര്‍ ഈ വിഷയത്തില്‍ ശ്രദ്ധിക്കുകയാണ്. നമസ്‌കാരത്തിനു സമയമായതിനുശേഷം ചികിത്‌സ തുടങ്ങാന്‍ സാധിച്ചാല്‍ അതാണ് ഉത്തമം. ളുഹറിന്റെ സമയമായതിനു ശേഷമാണ് ശസ്ത്രക്രിയ തുടങ്ങുന്നതെങ്കില്‍ രോഗിക്ക് ളുഹറിന്റെ സമയമായ ഉടനെത്തന്നെ ളുഹറും അസറും ഒന്നിച്ച് നമസ്‌കരിക്കാവുന്നതാണ്. വൈകുന്നേരമാണ് ശസ്ത്രക്രിയയെങ്കില്‍ സൂര്യാസ്തമയം കഴിഞ്ഞ ഉടനെ മഗ്‌രിബും ഇശാഉം ഒന്നിച്ചു നമസ്‌കരിച്ചു ശസ്ത്രക്രിയ ആരംഭിക്കാം. എന്നാല്‍ സുബ്ഹി നമസ്‌കാരത്തിനു ശേഷമാണ് ശസ്ത്രക്രിയയെങ്കില്‍ രോഗി നിര്‍ബ്ബന്ധിതാവസ്ഥയിലായിരിക്കും. അയാള്‍ സുബോധം വന്നതിനു ശേഷം നഷ്ടപ്പെട്ട നമസ്‌കാരങ്ങള്‍-ഒന്നോ രണ്ടോ ദിവസത്തിനു ശേഷമാണെങ്കിലും- നിര്‍വഹിച്ചാല്‍ മതി. ഉറങ്ങിപ്പോയ ആളുടെ വിധിയാണ് അയാള്‍ക്ക്. നബി(സ്വ) പറഞ്ഞു: ''ആര്‍ക്കെങ്കിലും ഉറങ്ങിയതിനാലോ മറന്നതിനാലോ നമസ്‌കാരം നഷ്ടപ്പെടുകയാണെങ്കില്‍ ഓര്‍മയായാല്‍ അവ നിര്‍വഹിച്ചുകൊള്ളട്ടെ. അതിനു മറ്റു പ്രായശ്ചിത്തമൊന്നും ആവശ്യമില്ല (ബുഖാരി, മുസ്‌ലിം). രോഗത്താലോ ചികിത്‌സയാലോ സംഭവിക്കാവുന്ന അബോധാവസ്ഥയുടെ വിധി-അത് ദീര്‍ഘിച്ചു പോകുന്നില്ലെങ്കില്‍- ഉറക്കിന്റെ വിധിയാണ്.
മൂന്ന് ദിവസത്തേക്കാള്‍ അത് ദീര്‍ഘിച്ചുപോവുകയാണെങ്കില്‍ നഷ്ടപ്പെട്ട നമസ്‌കാരം ഖദാഅ് വീട്ടേണ്ടതില്ല. സ്വയം ബോധമില്ലാത്തവന്റെ വിധിയായിരിക്കും അപ്പോള്‍ അവന്ന്. അവന്‍ സ്വയം ബോധം തിരിച്ചു കിട്ടിയതു മുതലുള്ള നമസ്‌കാരം നിര്‍വഹിച്ചാല്‍ മതി. നബി(സ്വ)പറഞ്ഞു: ''മൂന്നാളുകള്‍ നിയമപരമായ കാര്യങ്ങളില്‍ നിന്നു മുക്തരാണ്. ഉറങ്ങുന്നവന്‍ ഉണരുന്നതു വരെ, കുട്ടി പ്രായപൂര്‍ത്തിയാകുന്നതു വരെ, ഭ്രാന്തന്‍ സ്വയം ബോധം വരുന്നതു വരെ''. കുട്ടിയുടെയും ഭ്രാന്തന്റെയും കാര്യത്തില്‍ 'ഖദാഅ്' പറഞ്ഞിട്ടില്ല. ഉറങ്ങിയവനും മറന്നവനും 'ഖദാഅ്' വീട്ടണമെന്ന് പ്രവാചക കല്പന സ്ഥിരപ്പെട്ടതാണ്.