ഒരാള്‍ പള്ളിയില്‍ വന്നപ്പോള്‍ അവിടെ ജമാഅത്തായി തറാവീഹ് നമസ്‌കാരം നടന്നുകൊണ്ടിരിക്കുകയാണ്. അയാള്‍ക്ക് ഇശാഇന്റെ നിയ്യത്തോടു കൂടി അവരുടെ കൂടെ നമസ്‌കരിക്കാമോ? അതോ ഇശാ തനിച്ചു നമസ്‌കരിക്കണമോ ?
മറുപടി : പണ്ഡിതന്‍മാരുടെ പ്രബലമായ അഭിപ്രായമനുസരിച്ച് അയാള്‍ ഇശാഇന്റെ നിയ്യത്തോടു കൂടി അവരുടെ കൂടെ നമസ്‌കരിക്കുന്നതിനു വിരോധമില്ല. ഇമാം സലാം വീട്ടിയാല്‍ അയാള്‍ എഴുന്നേറ്റു നിന്ന് തന്റെ നമസ്‌കാരം പൂര്‍ത്തിയാക്കിക്കൊള്ളട്ടെ. ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഒരു ഹദീസാണ് അതിന് തെളിവ്. മുആദ്ബ്‌നു ജബല്‍(റ) നബി(സ്വ)യുടെ കൂടെ ഇശാഅ് നമസ്‌കരിക്കും. പിന്നീട് തന്റെ ജനങ്ങളിലേക്കു തിരിച്ചു പോയി അതേ നമസ്‌കാരം അവരുടെ ഇമാമായി നിര്‍വഹിക്കും. നബി(സ്വ) അത് വിലക്കുകയുണ്ടായില്ല. സുന്നത്ത് നമസ്‌കരിക്കുന്ന ആളുടെ പിന്നില്‍ ഫര്‍ദ് നമസ്‌കരിക്കുന്ന ആള്‍ക്ക് നമസ്‌കരിക്കാം എന്ന് ഇത് തെളിയിക്കുന്നു. യുദ്ധവേളയിലെ ചില നമസ്‌കാരങ്ങളില്‍ നബി(സ്വ) ഒരു വിഭാഗത്തിന്റെ ഇമാമായി രണ്ടു റക്അത്തും പിന്നീട് മറ്റൊരു വിഭാഗത്തിന്റെ ഇമാമായി രണ്ടു റക്അത്തും നമസ്‌കരിച്ചതായും വന്നിട്ടുണ്ട്. ആദ്യത്തേത് നബി(സ്വ)ക്ക് ഫര്‍ദും രണ്ടാമത്തേത് സുന്നത്തുമായിരുന്നു. കൂടെയുള്ളവരാണെങ്കില്‍ ഫര്‍ദാണ് നമസ്‌കരിച്ചിരുന്നത്.