ഫിത്വ്‌ർ സക്കാത്ത് കൊണ്ട് എന്താണ് വിവക്ഷിക്കുന്നത്? ഇത് നിര്‍ബന്ധമാണോ?
മറുപടി: റമദാന്‍ മാസത്തില്‍ ഇസ്‌ലാം പുണ്യകര്‍മം ആക്കിയ ഒരു ദാനധര്‍മമാണ് ഇത്. ധനത്തെ പരിഗണിച്ചല്ല പ്രത്യുത വ്യക്തികളുടെ എണ്ണത്തെ പരിഗണിച്ചാണ് ഈ ധര്‍മം നല്‌കേണ്ടത്. നമ്മുടെ ശരീരത്തിനുള്ള ദാനധര്‍മമാണിത്. ഇതുകൊണ്ടാണ് സക്കാത്തുല്‍ ഫിത്വ്‌ർ എന്ന പേരില്‍ ഇത് അറിയപ്പെടുന്നത്. ഒരു കോടീശ്വരനായ വ്യക്തിക്ക് രണ്ടു സന്താനങ്ങള്‍ ഉണ്ടെങ്കില്‍ അയാള്‍ അവര്‍ക്കുള്ളതു നല്കിയാല്‍ മതി. എന്നാല്‍ അയാളുടെ അത്ര സമ്പത്തില്ലാത്ത മറ്റൊരു വ്യക്തിക്ക് പത്ത് സന്താനങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ പേരില്‍ എല്ലാം തന്നെ ഈ ധര്‍മം നല്കണം. അപ്പോള്‍ ഈ വ്യക്തിക്കായിരിക്കും ആദ്യ വ്യക്തിയെക്കാള്‍ കൂടുതല്‍ നല്‌കേണ്ടി വരിക. സാധാരണ സക്കാത്തില്‍ ആദ്യ വ്യക്തിയും. കാരണം സാധാരണ സക്കാത്തു ധനത്തിനുള്ള സക്കാത്താണ്. ധനം കൂടുതലുള്ളത് ആദ്യത്തെ വ്യക്തിക്കാണല്ലോ.
ഫിത്വ്‌ർ സക്കാത്ത് നിര്‍ബന്ധം ആണോ അല്ലയോ എന്ന പ്രശ്‌നത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. ഇബ്രാഹിമ്ബ്‌നു ഇല്ലിയ്യ, അസ്വമ്മ്, മാലികീ മദ്ഹബിലെ അശ്ഹബ് പോലെയുള്ള പില്ക്കാല പണ്ഡിതന്‍മാര്‍, ദാവൂദ്, ശാഫിഈ മദ്ഹബിലെ ഇബ്‌നുലുബാന പോലെയുള്ളവര്‍ പറയുന്നത് ഇത് ധനത്തിലെ സകാത്ത് നിര്‍ബന്ധമാക്കുന്നതിനു മുമ്പായിരുന്നു നിര്‍ബന്ധമാക്കിയിരുന്നത്. ശേഷം സുന്നത്താക്കപ്പെട്ടുവെന്ന് അഭിപ്രായപ്പെടുന്നു. (മുഗ്‌നി 2645, നെലുല്‍ ഔത്വാര്‍ 4250). ശാഫിഈ മദ്ഹബിലെ ഇബ്‌നു ലുബാന്റെ അഭിപ്രായം നിര്‍ബന്ധമില്ലെന്നാണെന്ന് ഫത്ഹുല്‍ മുഈനിലും ഉദ്ധരിക്കുന്നു. (പേജ് 215 പരിഭാഷ, പുത്തൂര്‍ ഫൈസി). ഇമാം നസ്സാഈയും മറ്റും ഖൈസ്ബ്‌നു സഅ്ദില്‍ നിന്ന് ഉദ്ധരിക്കുന്ന താഴെ പറയുന്ന ഹദീസ് ആണ് ഇവര്‍ തെളിവ് പിടിക്കുന്നത്. അദ്ദേഹം പറയുന്നു.
“നബി(സ്വ) സകാത്തുല്‍ ഫിത്വര്‍ ധനത്തിന്റെ സക്കാത്തു നിര്‍ബന്ധമാക്കുന്നതിന്റെ മുമ്പാണ് നിര്‍ബന്ധമാക്കിയിരുന്നത്. ധനത്തിന്റെ സകാത്ത് നിര്‍ബന്ധമാക്കിയപ്പോള്‍ നബി(സ്വ) തങ്ങളോട് ഈ സകാത്ത് നല്കുവാന്‍ കല്പിക്കുകയോ വിരോധിക്കുകയോ ചെയ്തിരുന്നില്ല. ഞങ്ങള്‍ അത് നല്കാറുണ്ടെന്ന് മാത്രം. (നസ്സാഈ). ഫറള് (നിര്‍ബന്ധമാക്കി) എന്ന പദത്തെ ഇവര്‍ രണ്ടു രീതിയില്‍ വ്യാഖ്യാനിക്കുന്നു. ധനത്തിലെ സകാത്ത് നിര്‍ബന്ധമാകുന്നതിന്നു മുമ്പത്തെ സ്ഥിതി വിവരിച്ചതാണ്. 2. ഒരു സ്വാഅ് വീതം കണക്കാക്കി എന്നതാണ് ഈ പദത്തിലെ അര്‍ഥം.
എന്നാല്‍ ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും ഇമാമുകളുടെയും അഭിപ്രായം ധനത്തിലെ സകാത്ത് നിര്‍ബന്ധമാക്കിയ ശേഷവും ഈ സകാത്ത് നിര്‍ബന്ധമാണെന്നതാണ്. മുകളില്‍ പറഞ്ഞ നസാഈ ഉദ്ധരിച്ച ഖൈസി(റ)ന്റെ ഹദീസ് ദുര്‍ബലമാണെന്നും ഇവര്‍ പറയുന്നു.
പരിശുദ്ധ ഖുര്‍ആനിന്റെയും ഹദീസിന്റെയും പിന്‍ബലം ഈ സകാത്ത് നിര്‍ബന്ധമാണെന്ന ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനാണ്. 87:14,15 ലെ “നിശ്ചയമായും സംശുദ്ധമായും തന്റെ നാഥന്റെ നാമത്തെ അനുസ്മരിക്കുകയും നമസ്‌കരിക്കുകയും ചെയ്തവന്‍ വിജയിച്ചു” എന്ന പ്രസ്താവന ഫിത്‌റ് സക്കാത്തിനെ സംബന്ധിച്ചാണെന്ന് ഇബ്‌നു ഉമര്‍ (റ), ഇബ്‌നുസിറിന്‍(റ), മുതലായവര്‍ അഭിപ്രായപ്പെടുന്നു. അബൂസഈദുല്‍ ഖുദ്‌രി(റ)യും ഇക്‌രിമ(റ)യും ഇപ്രകാരം തന്നെ ആയത്തിനെ വ്യാഖ്യാനിക്കുന്നു. മാത്രമല്ല ധനത്തിന്റെ സകാത്ത് ഈ സകാത്തിന്റെ നിര്‍ബന്ധത്തെ ദുര്‍ബലപ്പെടുത്തേണ്ടതായ അനിവാര്യതയും ഉത്ഭവിക്കുന്നില്ല. കാരണം ഇത് ശരീരത്തിന്റെ സകാത്താണ്.