ഒരു വ്യക്തി തന്റെ ഒരു വര്‍ഷത്തെ ജീവിതച്ചെലവ് കഴിഞ്ഞശേഷം ബാക്കിയുണ്ടെങ്കില്‍ ആ ബാക്കി സംഖ്യക്ക് സകാത്ത് നല്‍കിയാല്‍ മതിയെന്ന് ചിലര്‍ എഴുതിയതായും പ്രസംഗിക്കുന്നതായും അറിയുവാന്‍ സാധിച്ചു. ഈ അഭിപ്രായം ശരിയാണോ? നാം ഭക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ധനമാണോ സകാത്ത് നല്‍കി ശുദ്ധീകരിക്കേണ്ടത്? അതല്ല നാം ഒരു വര്‍ഷക്കാലത്തോളം തിന്നുകയും ഉപയോഗിക്കുകയും ചെയ്തശേഷം ബാക്കിയാകുന്ന സമ്പത്തിനാണോ സകാത്ത് നല്‍കി ശുദ്ധിയാക്കേണ്ടത്?
മറുപടി: പ്രമാണങ്ങളുടെയും ബുദ്ധിയുടെയും നീതിയുടെയും അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യേണ്ടതായ ഒരു പ്രശ്‌നമാണിത്. വിശുദ്ധ ഖുര്‍ആന്‍, നാം ഭക്ഷിക്കുന്ന ധനത്തെ സകാത്ത് കൊടുത്ത് ശുദ്ധിയാക്കുവാനാണ് നിര്‍ദേശിക്കുന്നത്. അതായത് ഒരു മുസ്‌ലിം തന്റെ വയറ്റിലേക്ക് ഇറക്കുന്ന ഭക്ഷണം സകാത്ത് നല്‍കി ശുദ്ധീകരിച്ചതായിരിക്കണം. ഒരു വര്‍ഷത്തെ ജീവിതച്ചെലവ് കഴിച്ച് സകാത്ത് നല്‍കിയാല്‍ മതി എന്നു പറയുന്ന പക്ഷം നാം ഭക്ഷിക്കുന്ന ധനം സകാത്ത് നല്‍കി ശുദ്ധിയാക്കേണ്ടതില്ല. പ്രത്യുത ഒരു വര്‍ഷം ഭക്ഷിച്ചശേഷം വല്ലതും ബാക്കി ഉണ്ടെങ്കില്‍ അതിനെയാണ് സകാത്ത് നല്‍കി ശുദ്ധീകരിക്കേണ്ടതെന്നാണ് സ്ഥിരപ്പെടുക. ഒരു കര്‍ഷകന്‍ ഭക്ഷിക്കുന്നതു തന്നെയാണ് സകാത്ത് നല്‍കി ശുദ്ധീകരിക്കേണ്ടത്. എന്നാല്‍ ഉദ്യോഗസ്ഥന്‍മാരും ശമ്പളക്കാരും വ്യാപാരി വ്യവസായികളും, തൊഴിലാളികളും ഒരു വര്‍ഷക്കാലം ഭക്ഷിച്ച ശേഷമുണ്ടാകുന്നതിനെയാണ് സകാത്ത് കൊടുത്ത് ശുദ്ധിയാക്കേണ്ടതെന്നാണ് ചിലരുടെ പക്ഷം. ഇതു ശരിയായ വിധിയല്ല.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''അല്ലാഹു നിങ്ങള്‍ക്ക് ഉപജീവനം നല്‍കിയതില്‍നിന്ന് അനുവദനീയവും ശുദ്ധിയുള്ളതും ആയത് നിങ്ങള്‍ തിന്നുവിന്‍'' (5 : 88, 2 : 168). നാം നമ്മുടെ സമ്പത്തില്‍ നിന്ന് തിന്നു തീര്‍ക്കുന്നതിന്നു മുമ്പു തന്നെ അനുവദനീയവും ശുദ്ധീകരിച്ചതുമാക്കിയിരിക്കണമെന്ന് അല്ലാഹു ഇവിടെ ഉണര്‍ത്തുന്നു.
വിശുദ്ധ ഖുര്‍ആനില്‍ വീണ്ടും ഉണര്‍ത്തുന്നു: ''അവയോരോന്നും കായ്ക്കുമ്പോള്‍ അതിന്റെ ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ചു കൊള്ളൂവിന്‍. അതിലെ വിളവെടുപ്പ് ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുക്കുകയും ചെയ്യുവിന്‍'' (6 : 141). വയറ്റിലേക്ക് ഇറക്കുന്നതിന്റെ മുമ്പ് തന്നെ ധനം കരസ്ഥമാക്കുന്ന സന്ദര്‍ഭത്തില്‍ സകാത്ത് നല്‍കി ശുദ്ധീകരിക്കുവാനാണ് അല്ലാഹു ഇവിടെ നിര്‍ദേശിക്കുന്നത്. ഒരു വര്‍ഷം തിന്നശേഷം ബാക്കി ഉണ്ടാകുന്നതിന്ന് സകാത്ത് നല്‍കുവാനല്ല. അത് 6 ക്വിന്റല്‍ ഉണ്ടാവുകയും വേണമെന്നും അല്ലാഹു കല്‍പിക്കുന്നില്ല. ''അല്ലയോ വിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ച നല്ലതില്‍ നിന്നും ഭൂമിയില്‍ നിന്ന് നിങ്ങള്‍ക്ക് നാം ഉത്പാദിപ്പിച്ചു തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍'' (2:267).
ഇസ്‌ലാം അനുവദിച്ച ഉദ്യോഗങ്ങളിലൂടെയും തൊഴിലിലൂടെയും വ്യവസായങ്ങളിലൂടെയും കച്ചവടത്തിലൂടെയും സമ്പാദിച്ച ധനത്തിന്ന് സകാത്ത് നല്‍കുവാനാണ് അല്ലാഹു ഇവിടെ നിര്‍ദേശിക്കുന്നത്. ഒരു വര്‍ഷം തിന്ന് ബാക്കിയാകുന്നതിന്‍ സകാത്ത് നല്‍കുവാനല്ല. അതുപോലെ ഭൂമിയില്‍നിന്ന് പുറത്തു വരുന്ന കൃഷികള്‍ക്ക് സകാത്ത് നല്‍കുവാനും കല്‍പിക്കുന്നു. ഒരു വര്‍ഷം തിന്ന ശേഷം ഉണ്ടാകുന്നതിന്‍ സകാത്ത് നല്‍കുവാനല്ല.
മേല്‍സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ ഇമാം അബൂ ഹനീഫ(റ) കൃഷിയുടെ ഉത്പാദനം വളരെ തുച്ഛമായതാണെങ്കില്‍ പോലും അതിനെ സകാത്ത് നല്‍കി ശുദ്ധിയാക്കുവാന്‍ കല്‍പിക്കുന്നു. പ്രഗല്‍ഭ ഖുര്‍ആന്‍ വ്യാഖ്യാതാവും ഇബ്‌നു അബ്ബാസിന്റെ(റ) ശിഷ്യനുമായ ഇമാം മുജാഹിദും ഇപ്രകാരം പറയുന്നു. ഇബ്രാഹീമുന്നഖ്ഈ(റ), ഹി: 160ല്‍ മരണപ്പെട്ട അഹ്മദ്(റ), നബിചര്യ ക്രോഡീകരിക്കുവാന്‍ ആദ്യമായി രംഗത്തു വന്ന ഖലീഫാ ഉമറുബ്‌നു അബ്ദില്‍ അസീസും(റ) ഇബ്‌നു ഉമറി(റ)നെ കാണുകയും ഹി: 50ല്‍ ജനിച്ച് 123ല്‍ മരണപ്പെടുകയും ചെയ്ത ഇമാം സുഹ്‌രി(റ)യും (ഹദീസ് പണ്ഡിതന്‍മാരുടെ ഇമാം എന്ന് ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.) ഇരുനൂറിലധികം സ്വഹാബിമാരെ കണ്ടു മതം ഗ്രഹിച്ച അത്വാഅ്ബ്‌നു അബീറവാഹ(റ)യും ഉത്പാദനം തുച്ഛമാണെങ്കില്‍ അത് വയറ്റിലേക്ക് ഇറക്കുന്നതിന്റെ മുമ്പായി സകാത്ത് നല്‍കുവാന്‍ നിര്‍ദേശിക്കുന്നുണ്ട്.
ഇസ്‌ലാം നീതിയുടെ മതമാണ്. പ്രായോഗിക മതമാണ്. അതിനാല്‍ സകാത്തില്‍നിന്നും ജീവിത ചെലവായി ഒഴിവാക്കപ്പെടുന്ന ധനം എല്ലാവര്‍ക്കും (കര്‍ഷകന്‍ഉള്‍പ്പടെ) ഇസ്‌ലാം തന്നെ നിര്‍ണയിച്ചു തരുന്നുണ്ട്. സകാത്ത് നിര്‍ബന്ധമാക്കുവാന്‍ ഇസ്‌ലാം നിശ്ചയിച്ച നിസ്വാബിലെ താഴെയുള്ളതാണ് ജീവിതച്ചെലവിന്ന് ഇസ്‌ലാം കാണുന്നത്. നിസ്വാബ് പൂര്‍ത്തിയായാല്‍ സകാത്ത് കൊടുക്കണം. സകാത്ത് കൊടുത്തു എന്നത് അവന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയില്ല. കാരണം തുച്ഛമായ വിഹിതമാണ് സകാത്തായി നല്‍കുവാന്‍ പറയുന്നത്.
ശാഹ് വലിയുല്ലാഹി ദഹ്‌ലവി(റ) ഹുജ്ജതുല്ലാഹില്‍ബാലിഗ എന്ന പ്രസിദ്ധ ഗ്രന്ഥത്തില്‍ ജീവിതച്ചെലവിനെ ഇപ്രകാരമാണ് വ്യാഖ്യാനിക്കുന്നത്. അദ്ദേഹം എഴുതുന്നു: ഞാന്‍ പറയുന്നു: ''ധാന്യങ്ങള്‍ക്കും പഴങ്ങള്‍ക്കും 300 സ്വാഅ് നിസ്വാബ് നിശ്ചയിച്ചത് ഒരു കുടുംബത്തിന്‍ ഒരു വര്‍ഷത്തേക്കുള്ള ചുരുങ്ങിയ ജീവിതച്ചെലവിനു അത് മതിയാകുമെന്നതിനാലാണ്. വെള്ളിയുടെ നിസ്വാബ് 590 ഗ്രാം നിര്‍ണയിച്ചത് ഒരു കൊല്ലത്തെ ജീവിതച്ചെലവിനു ചുരുങ്ങിയ നിലക്ക് അതു മതിയാകും എന്നത് കൊണ്ടാണ്' (ഹുജ്ജുതുല്ലാഹില്‍ബാലിഗ: 243). ഈ വിവരണമാണ് ഏറ്റവും യോജിച്ചത്.