എന്താണ് ചെലവഴിക്കേണ്ടതെന്ന് അവര്‍നിന്നോട് ചോദിക്കുന്നു. നീ പറയുക: 'ആവശ്യം കഴിച്ച് ബാക്കിയുള്ളത്' (സൂറ: അല്‍ബഖറ: 219) ചെലവ് കഴിച്ച് സകാത്ത് നല്‍കിയാല്‍ മതി എന്നതിന് ഈ സൂക്തം തെളിവാണോ?
മറുപടി: തെളിവല്ല. തെളിവാണെങ്കില്‍ കര്‍ഷകനും ഒരു വര്‍ഷത്തെ ചെലവ് കഴിച്ചിട്ട് സകാത്ത് നല്‍കിയാല്‍ മതിയെന്ന് പറയേണ്ടിവരും. കാരണം ഈ ചോദിച്ചവരുടെ കൂട്ടത്തില്‍ കര്‍ഷകരും ഉണ്ടായിരുന്നു. സൂക്തത്തില്‍ കര്‍ഷകനെ അല്ലാഹു ഒഴിവാക്കുന്നുമില്ല. ഇസ്‌ലാമിന്റെ ആരംഭ കാലത്ത് മുസ്‌ലിംകളുടെ നിലനില്‍പിന്റെ പ്രശ്‌നമുണ്ടായിരുന്നു. നിരന്തരം യുദ്ധം ചെയ്യേണ്ടി വന്നകാലം. അതിനാല്‍ സകാത്ത് കൊടുത്ത് ശുദ്ധിയാക്കിയ ധനം ദിവസചെലവ് കഴിച്ച് ബാക്കിയുള്ളതെല്ലാം യുദ്ധത്തിലേക്കും മറ്റും ചെലവ് ചെയ്യുവാന്‍ കല്പിക്കപ്പെട്ടു. എന്താണ് ബാക്കിയാക്കിയതെന്ന് നബി(സ്വ) ചോദിക്കുമ്പോള്‍ അവര്‍ക്കുള്ള മറുപടി അല്ലാഹുവിനെയും ദൂതനെയും എന്നായിരുന്നു. നബി(സ്വ) എന്നിട്ടും അതിനെ വിരോധിച്ചില്ല. ഇന്നും മുസ്‌ലിംകളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന പ്രശ്‌നം ഉണ്ടായാല്‍ ധനം മുഴുവന്‍ ഈ സൂക്തത്തില്‍ പറഞ്ഞതുപോലെ ചെലവ് ചെയ്യണം. സകാത്ത് മാത്രം നല്‍കികൊണ്ട് രക്ഷപ്പെടുവാന്‍ സാധിക്കുകയില്ല. 'അഫ്‌വ്' എന്നാണ് അല്ലാഹു സൂക്തത്തില്‍ പ്രയോഗിക്കുന്നതും. ഇതിലെ ശരിയായ അര്‍ഥം ഏതു സാധനത്തിന്റെയും നല്ല ഭാഗം എന്നാണ്. അതായത് നാം ചെലവ് ചെയ്യേണ്ടത് നമുക്ക് ഏറ്റവും നല്ലതും ആവശ്യമുള്ളതുമായിരിക്കണം. ഒരു വര്‍ഷം തിന്നു സുഖിച്ച ശേഷം ബാക്കി നല്‍കിയാല്‍ മതിയാവുകയില്ല.