ഹദീസുകള്‍ മൂന്നായി വിഭജിക്കപ്പെട്ടിരിക്കുന്നു. (1) ഖൗലി (പ്രവാചകന്റെ വചനങ്ങള്‍). (2) ഫിഅ്‌ലി (പ്രവാചകന്‍ (സ്വ) ചെയ്തിട്ടുള്ളതും അനുചരര്‍ അവരുടെ ഭാഷയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും). (3) തഖ്‌രീരി (തന്റെ സന്നിധിയില്‍ വെച്ച് ചെയ്യുകയോ മറ്റുള്ളവര്‍ ചെയ്തതായി പറഞ്ഞറിയിക്കുകയോ ചെയ്തതായ ഒരു കാര്യം പ്രവാചകന്‍(സ്വ) വിരോധിക്കുകയോ വിസമ്മതം പ്രകടിപ്പിക്കുകയോ ചെയ്യാത്തത്). ഈ മൂന്ന് വകുപ്പില്‍പ്പെട്ടതിനും ഹദീസ് എന്ന സംജ്ഞയാണ് ഉപയോഗിക്കുന്നത്.
ഏതൊരു ഹദീസിന്റെയും നിവേദകരുടെ (സനദ്) സ്വീകാര്യതയും ആ പരമ്പര നബി(സ്വ)യിലേക്കെത്തുന്ന രീതിയും ഹദീസിലെ വചനങ്ങളും (മത്‌ന്) വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചതിന് ശേഷം ഹദീസ് സ്വീകാര്യമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നു. നിവേദകപരമ്പര(സനദ്)യും ഹദീസ് വചനങ്ങളുമായി (മത്‌ന്) ബന്ധപ്പെട്ട്, ഹദീസിന്റെ സ്വീകാര്യതക്കും നിരാകരണത്തിനും നിദാനമായ നിയമങ്ങളും തത്ത്വങ്ങളും അവലംബമാക്കി പരിശോധിക്കുകയാണ് ഹദീസ് നിദാനശാസ്ത്രത്തി(ഉസ്വൂലുല്‍ ഹദീസ്)ന്റെ ലക്ഷ്യം.
നിവേദകരുടെ സ്വഭാവവും യോഗ്യതയും നിവേദനത്തിന്റെ രീതിയും മറ്റും പരിശോധിച്ചുകൊണ്ട് പണ്ഡിതന്മാര്‍ ഹദീസുകളെ പൊതുവില്‍ രണ്ട് വിഭാഗമാക്കി. (ഒന്ന്) സ്വീകാര്യമായവ-സ്വഹീഹ്. (രണ്ട്) സ്വീകാര്യമല്ലാത്തവ-ദ്വഈഫ്. ഈ നിയമ പ്രകാരം സ്വീകാര്യമായ ഹദീസുകള്‍ മാത്രമാണ് പ്രമാണയോഗ്യം. പ്രാമാണികതയുടെ ഏറ്റക്കുറച്ചിലനുസരിച്ച് വിവിധ സാങ്കേതിക പേരുകളില്‍ മുഹദ്ദിസുകള്‍ അവയെ തരം തിരിച്ചിട്ടുമുണ്ട്.
നിവേദകരുടെ സംഖ്യാബലത്തെ ആസ്പദമാക്കി മുതവാതിര്‍, ഖബര്‍ ആഹാദ് എന്നിങ്ങനെ രണ്ടു വിഭാഗമായി വേര്‍തിരിച്ചിട്ടുണ്ട്.