Skip to main content

മുതവാതിര്‍

നിവേദകരുടെ ആധിക്യത്താല്‍ നിവേദനത്തിന്റെ വിശ്വാസ്യതയിലോ സത്യസന്ധതയിലോ യാതൊരു സംശയത്തിനും സാധ്യതയില്ലാത്ത ഹദീസാണ് മുതവാതിര്‍. നിവേദകശ്രേണിയുടെ തുടക്കത്തിലും മധ്യത്തിലും അവസാനത്തിലും എണ്ണം ക്ലിപ്തമല്ലാത്തവിധം ധാരാളം ആളുകള്‍ ഉണ്ടാവുക, ഇവരെല്ലാവരും കൂടി കളവ് പറയുന്നതില്‍ യോജിച്ചു എന്നു പറയാന്‍ കഴിയാത്തത്ര ആളുകള്‍ ഹദീസുദ്ധരിക്കുക, റിപ്പോര്‍ട്ട് ചെയ്തത് നബി(സ്വ)യില്‍ നിന്ന് കണ്ടതോ കേട്ടതോ അനുഭവിച്ചതോ ആയ കാര്യമായിരിക്കുക തുടങ്ങിയ നിബന്ധനകള്‍ പാലിക്കപ്പെടുന്ന ഹദീസുകളാണ് മുതവാതിര്‍ ഇനത്തില്‍ പെടുന്നത്. ഈ ഉപാധികളിലൊന്നിന്റെ അഭാവത്തില്‍ ഹദീസ് മുതവാതിര്‍ അല്ലാതാകും. മുതവാതിര്‍ അല്ലാത്ത ഹദീസുകള്‍ പൊതുവില്‍ അറിയപ്പെടുന്നത് ഖബര്‍ ആഹാദ് എന്നാണ്.

മുതവാതിര്‍ വാചികം (മുതവാതിര്‍ ലഫ്‌ളി), ആശയപരം (മുതവാതിര്‍ മഅ്‌നവി) എന്നിങ്ങനെ രണ്ടു വിധമുണ്ട്. വാക്യവും ഉള്ളടക്കവും ഒരുപോലെ മുതവാതിറായ ഹദീസാണ് വാചികം. ''എന്റെ  പേരില്‍ മനഃപൂര്‍വം കളവ് പറഞ്ഞവന്‍ തന്റെ ഇരിപ്പിടം നരകത്തില്‍ പ്രതീക്ഷിച്ചുകൊള്ളട്ടെ'' എന്ന് എഴുപതോളം സ്വഹാബികള്‍ ഉദ്ധരിച്ച ഹദീസ് വാചിക മുതവാതിറിന് ഉദാഹരണമാണ്. പ്രാര്‍ഥനാവേളയില്‍ നബി(സ്വ) തന്റെ ഇരു കരങ്ങളും ഉയര്‍ത്തിപ്പിടിച്ചുവെന്ന് സൂചിപ്പിക്കുന്ന ഹദീസ് ആശയപരമായ (മഅ്‌നവി) മുതവാതിര്‍ ആണ്. വാക്കുകള്‍ വ്യത്യസ്തമാണെങ്കിലും ആശയപരമായി മുതവാതിറായ ഹദീസ് ആണ് മുതവാതിര്‍ മഅ്‌നവി. ആശയപരമായ മുതവാതിറുകള്‍ ധാരാളമുണ്ടെങ്കിലും ആഹാദിനെ അപേക്ഷിച്ച് അവയുടെ എണ്ണം വിരളമാണ്. സ്വഹീഹായ ഹദീസുകളില്‍ ഏറ്റവും ഉയര്‍ന്ന പടിയിലുള്ള മുതവാതിര്‍ ആയ ഹദീസുകളെ മാത്രം സമാഹരിച്ച് ഗ്രന്ഥരചന നടന്നിട്ടുണ്ട്. ഇമാം സുയൂഥിയുടെ അല്‍ അസ്ഹാറുല്‍ മുതനാസിറ ഫില്‍ അഖ്ബാരില്‍ മുതവാതിറ എന്ന ഗ്രന്ഥം മുതവാതിറായ ഹദീസുകളുടെ സമാഹാരമാണ്.

Feedback