1) മൂസ്‌നദ്
ചേര്‍ത്തുപറയപ്പെടുന്നത്, ചാരിവെക്കപ്പെട്ടത് എന്നെല്ലാമാണ് ഭാഷാര്‍ഥം. ഇടമുറിയാത്ത നിവേദക ശ്രേണിയിലൂടെ നബി(സ്വ)യില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീസ് എന്നാണ് മുസ്‌നദിന്റെ സാങ്കേതിക നിര്‍വചനം.
2) മുത്തസ്വില്‍
ഇടവിടാതെ ചേര്‍ന്നുവന്നത്, അവിഛിന്നം എന്ന് ഭാഷാര്‍ഥം. സാങ്കേതിക ഭാഷയില്‍, ഇടമുറിയാത്ത നിവേദക പരമ്പരയിലൂടെ നബി(സ്വ)യില്‍ നിന്നോ സ്വഹാബിയില്‍ നിന്നോ ഉദ്ധരിക്കപ്പെടുന്നത് എന്നു നിര്‍വചിക്കാം.
3) സിയാദതുസ്സ്വിഫാത്ത്
പ്രാമാണികര്‍ അധികരിപ്പിച്ചവ എന്നര്‍ഥം. ഒരു ഹദീസിന്റെ നിവേദകന്മാരില്‍ ഒരാള്‍ മറ്റു നിവേദകന്മാര്‍ ഉദ്ധരിച്ചതിനെക്കാള്‍ അധികമായി നിവേദനം ചെയ്തിട്ടുള്ള ഭാഗമെന്നതാണ് വിവക്ഷ.
4) ഇഅ്തിബാര്‍, മുതാബിഅ്, ശാഹിദ്
നിരീക്ഷിക്കുക, പരിചരണം ചെയ്യുക എന്നൊക്കെ അര്‍ഥമുള്ള പദമാണ് ഇഅ്തിബാര്‍. ഒരു നിവേദകന്‍ മാത്രമുള്ള ഹദീസ് മറ്റാരെങ്കിലും ഉദ്ധരിച്ചിട്ടുണ്ടോ എന്നറിയുന്നതിന് വേണ്ടി അതിന്റെ നിവേദക പരമ്പരകള്‍ പരിശോധിക്കുക എന്നാണ് ഇഅ്തിബാറിന്റെ സാങ്കേതിക വിവക്ഷ. മുതാബിഅ് എന്ന പദത്തിന് അനുഗാമി എന്നര്‍ഥമാണ്. ഒരു നിവേദകന്‍ മാത്രമുള്ള ഹദീസിനോട് അക്ഷരത്തിലോ ആശയത്തിലോ മാത്രമായോ യോജിക്കുന്നവിധം ഒരേ സഹാബിയില്‍ നിന്നു തന്നെ മറ്റു നിവേദകര്‍ ഉദ്ധരിച്ചിട്ടുള്ള ഹദീസാണ് സാങ്കേതികമായി മുതാബിഅ്. ഭാഷയില്‍ സാക്ഷി എന്നര്‍ഥമുള്ള ശാഹിദ് എന്ന സംജ്ഞയുടെ വിവക്ഷ, ഒരു നിവേദകന്‍ മാത്രമുള്ള ഹദീസിനോട് അക്ഷരത്തിലോ ആശയത്തിലോ യോജിക്കുന്ന വിധം അതേ സ്വഹാബിയില്‍ നിന്നല്ലാതെ മറ്റു നിവേദകര്‍ ഉദ്ധരിച്ച ഹദീസ് എന്നാണ്.
5) മുഅന്‍അന്‍
അന്‍അന എന്ന ക്രിയാ ശബ്ദത്തിന്റെ കര്‍മപദമാണ് മുഅന്‍അന്‍. (അന്‍ അന്‍) ഉപയോഗിച്ച് ഇന്നയാള്‍ ഇന്നയാളില്‍ നിന്ന് (ഫുലാന്‍ അന്‍ഫുലാന്‍) എന്ന നിവേദക ശ്രേണിയോട് കൂടിയ ഹദീസിനാണ് മുഅന്‍അന്‍ എന്നുപറയുന്നത്.