Skip to main content

പ്രാമാണികരോടുള്ള വിയോജിപ്പിന്റെ അടിസ്ഥാനത്തില്‍

ഹദീസുകളുടെ ദുര്‍ബലതയ്ക്കുള്ള മറ്റൊരു കാരണമാണ് പ്രമാണികരായ നിവേദകര്‍ റിപ്പോര്‍ട്ട് ചെയ്തവയുമായുള്ള വിയോജിപ്പ്. ഈ വിയോജിപ്പിന്റെ സ്വഭാവമനുസരിച്ച് ഹദീസുകളെ അഞ്ചായി തരം തിരിക്കപ്പെട്ടിട്ടുണ്ട്.

1. മുദ്‌റജ് 

നിവേദകശ്രേണിയുടെ ശരിയായ ക്രമത്തിന് ഭംഗം സംഭവിക്കുകയോ ഹദീസിന്റെ ഉള്ളടക്കത്തില്‍ വേര്‍പെടുത്താന്‍ കഴിയാത്തവിധം പുറത്തു നിന്ന് വല്ല വാക്യവും കൂടിച്ചേരുകയോ ചെയ്ത ഹദീസാണ് മുദ്‌റജ്. സനദിന് (പരമ്പര) കലര്‍പ്പ് സംഭവിച്ചതിന് മുദ്‌റജുല്‍ ഇസ്‌നാദ് എന്നും മത്‌നില്‍ (ഉള്ളടക്കം) കലര്‍പ്പ് സംഭവിച്ചതിന് 'മുദ്‌റജുല്‍ മത്‌ന്' എന്നും പറയുന്നു.

2. മഖ്‌ലൂബ്

ഹദീസിന്റെ ഉള്ളടക്കത്തില്‍ നിന്ന് ഏതെങ്കിലും പദമോ നിവേദക ശ്രേണിയിലെ ഏതെങ്കിലും നിവേദകന്റെ പേരോ മാറ്റപ്പെടുകയോ, ഒന്നിന്റെ സ്ഥാനത്ത് മറ്റൊന്ന് വെക്കപ്പെടുകയോ ചെയ്ത ഹദീസ് എന്നാണ് മഖ്‌ലൂബിന്റെ സാങ്കേതിക നിര്‍വചനം. മഖ്‌ലൂബായ ഹദീസ് അസ്വീകാര്യമാണ്.

3. അല്‍മസീദുഫീ മുത്തസ്സലില്‍ അസാനിദ്

പ്രത്യക്ഷത്തില്‍ കണ്ണികളൊന്നും വിട്ടുപോയിട്ടില്ലാത്ത നിവേദകശ്രേണിയില്‍ എവിടെയെങ്കിലും ഒരു നിവേദകന്‍ അധികമായി കടന്നുകൂടിയിട്ടുള്ള ഹദീസാണത്. യഥാര്‍ഥത്തില്‍ ഇത് നിവേദകന്റെ ധാരണപ്പിശകുകൊണ്ട് സംഭവിക്കുന്ന അബദ്ധമാണ്. 

4. മുദ്ത്വരിബ് 

തുല്യമായ ഒട്ടേറെ വഴികളിലൂടെ ഉദ്ധരിക്കപ്പെട്ട ഭിന്നവിരുദ്ധങ്ങളായ നിവേദനങ്ങളാണ് മുദ്ത്വരിബ്(അസ്ഥിരമായത്). നിവേദകന് മനഃപാഠമില്ല എന്ന തോന്നല്‍ സൃഷ്ടിക്കപ്പെടുന്നതാണ് മുദ്ത്വരിബ് ദുര്‍ബല ഹദീസുകളുടെ പട്ടികയില്‍ ഉള്‍പ്പെടാനുള്ള പ്രധാനകാരണം.

5) മുസ്വഹ്ഹഫ് 

പ്രാമാണികരായ നിവേദകര്‍ ഉദ്ധരിച്ച വാചകങ്ങളില്‍ ആശയപരമായോ പദപരമായോ മാറ്റം വരുത്തപ്പെട്ട ഹദീസാണ് മുസ്വഹ്ഹഫ്. ഈ മാറ്റം ഹദീസിന്റെ ഉള്ളടക്കത്തിലും നിവേദക ശ്രേണിയിലും സംഭവിക്കാം. സൂക്ഷ്മതക്കുറവു കൊണ്ടോ അശ്രദ്ധ കൊണ്ടോ സംഭവിക്കുന്ന അബദ്ധമാണിത്. ഇത്തരം അബദ്ധം അപൂര്‍വമായി മാത്രമേ സംഭവിക്കുന്നു ള്ളുവെങ്കില്‍ അത് നിവേദനകന്റെ മനഃപാഠവൈകല്യമായോ സൂക്ഷ്മതക്കുറവായോ വിലയിരുത്തപ്പെടുകയില്ല. നേരിയ അബദ്ധത്തില്‍നിന്ന് മനുഷ്യരില്‍ ഒരാളും സുരക്ഷിതനല്ല. പക്ഷേ ഇത്തരം അബദ്ധങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്ന ഒരു നിവേദകന്‍ തികച്ചും അയോഗ്യനാണെന്ന കാര്യത്തില്‍ സംശയമില്ല. അത്തരക്കാര്‍ നിവേദനം ചെയ്യുന്ന ഹദീസ് സ്വീകാര്യവുമല്ല. ഇമാം ദാറുഖുത്വ്‌നിയുടെ അത്തസ്ഹീഹ്, ഇമാം ഖത്താബിയുടെ ഇസ്വ്‌ലാഹു അഖ്ത്വാഇല്‍ മുഹദ്ദീസീന്‍ തുടങ്ങിയവ ഈ വിഷയത്തിലെ സവിശേഷ ഗ്രന്ഥങ്ങളാണ്.

6) ശാദ്ദ് (ഒറ്റപ്പെട്ടത്)

പ്രാമാണികനായ നിവേദകന്‍ ഉദ്ധരിച്ചതില്‍ നിന്ന് ഭിന്നമാകാതിരിക്കുക എന്നതാണ് ഹദീസ് സ്വീകരിക്കുന്നതിനുള്ള ഉപാധി. പ്രാമാണികന്‍ ഉദ്ധരിച്ചതിന് ഭിന്നമായി നിവേദനം ചെയ്യപ്പെടുന്ന ഹദീസിന് ശാദ്ദ് എന്ന് പറയുന്നു. ഒറ്റപ്പെട്ടത് എന്നാണ് ശാദ്ദിന്റെ ഭാഷാര്‍ഥം. ഹദീസിന്റെ മത്‌നിലെന്നപോലെ സനദിലും ശാദ്ദ് സംഭവിക്കാം.

Feedback