Skip to main content

നിവേദകന്റെ അയോഗ്യതയില്‍ തിരസ്‌കൃതമാകുന്ന ഹദീസ്

നിവേദകരുടെ പലതരം അയോഗ്യതകള്‍ കാരണം ദുര്‍ബലവും തിരസ്‌കൃതവുമാവുന്ന ഹദീസുകളുമുണ്ട്. അയോഗ്യതയുടെ സ്വഭാവമനുസരിച്ച് അവയും പലതായി തരംതിരിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടതാണ് താഴെ വിവരിക്കുന്നത്.

1) മത്‌റൂക് (വര്‍ജ്യം)

കളവ് ആരോപിക്കപ്പെട്ട നിവേദകനിലൂടെ ഉദ്ധരിക്കപ്പെട്ട ഹദീസുകളാണ് മത്‌റൂക് (വര്‍ജ്യം) എന്ന പേരില്‍ അറിയപ്പെടുന്നത്. നിവേദക പരമ്പരയില്‍ കള്ളം ആരോപിക്കപ്പെട്ട ആരെങ്കിലുമുണ്ടെങ്കില്‍ പ്രസ്തുത ഹദീസ് മത്‌റൂകാണ്. നബിയുടെ പേരില്‍ കളവ് പറഞ്ഞതായി തെളിയിക്കപ്പെട്ടില്ലെങ്കിലും സാധാരണ സംസാരങ്ങളില്‍ കളവ് പറഞ്ഞതായി തെളിയിക്കപ്പെടുകയാണെങ്കില്‍ ആ നിവേദകന്‍ കളവ് പറയുന്നതിന്റെ പേരില്‍ ഹദീസ് കളവായി കണക്കാക്കപ്പെടുന്നു. ദുര്‍ബല ഹദീസുകളില്‍ ഏറ്റവും മോശപ്പെട്ട മൗദൂഇന്റെ തൊട്ടടുത്ത സ്ഥാനമാണ് മത്‌റൂകിന് ഹദീസ് പണ്ഡിതന്മാര്‍ കല്‍പ്പിച്ചിരിക്കുന്നത്.

2) മുന്‍കര്‍ (അജ്ഞാതം)
 
ഗുരുതരമായ അബദ്ധം, അശ്രദ്ധ, സദാചാരലംഘനം തുടങ്ങിയവയാല്‍ ആക്ഷേപിതനായ വ്യക്തി നിവേദക പരമ്പരയില്‍ ഉണ്ടെങ്കില്‍ അത്തരം ഹദീസ് മുന്‍കറാണ്. പ്രാമാണികരായ നിവേദകര്‍ ഉദ്ധരിച്ചതിന് ഭിന്നമായി ദുര്‍ബലമായ നിവേദകര്‍ ഉദ്ധരിച്ച ഹദീസ് എന്നും മുന്‍കര്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഇതിന് വിപരീതമാണ് മഅ്‌റൂഫ്.

3) മുഅല്ലല്‍ (വൈകല്യമുള്ളത്)

ബാഹ്യരൂപം കുറ്റമറ്റതാണെങ്കിലും സാധുതയെ ദോഷകരമായി ബാധിക്കുന്ന സൂക്ഷ്മമായ വൈകല്യങ്ങള്‍ കണ്ടെത്തിയിട്ടുള്ള ഹദീസ് എന്നാണ് മുഅല്ലലിന്റെ നിര്‍വചനം. ഈ വൈകല്യങ്ങള്‍ അധികവും ഹദീസിന്റെ നിവേദക പരമ്പരയിലാണ് സംഭവിക്കുന്നത്. എങ്കിലും അപൂര്‍വമായി ഹദീസിന്റെ ഉള്ളടക്കത്തിലും സംഭവിക്കാവുന്നതാണ്. ഇമാം ദാറുഖുത്വ്‌നിയുടെ 'അല്‍ഇലലുല്‍ വാരിദ ഫില്‍ അഹാദീസിന്നബവിയ്യ' ഈ വിഷയം പ്രതിപാദിക്കുന്ന ഏറ്റവും സമഗ്രമായ കൃതിയാകുന്നു.

4) മൗദൂഅ് (കല്പിതം)

ദുര്‍ബലമായ ഹദീസുകളില്‍ ഏറ്റവും മോശപ്പെട്ട ഇനമാണ് മൗദൂഅ് (വ്യാജം). പ്രവാചകന്റെ പേരില്‍ നിര്‍മിക്കപ്പെട്ടതിനാല്‍ ഹദീസ് എന്ന വിശേഷണം പോലും അതര്‍ഹിക്കുന്നില്ല. സ്വന്തം വാക്യങ്ങള്‍ക്ക് സനദ് കെട്ടിച്ചമച്ച് ഹദീസാണെന്ന നിലയില്‍ ഉദ്ധരിക്കുക, ഏതെങ്കിലും മഹദ്‌വചനങ്ങളോ ആപ്ത വാക്യങ്ങളോ ഹദീസുപരമ്പര(സനദ്) യിലേക്ക് ചേര്‍ത്തിപ്പറയുക മുതലായ രീതിയില്‍ മൗദൂഅ് ഉണ്ടാകാറുണ്ട്.

ചിലര്‍ കല്പിത ഹദീസുകള്‍ മാത്രം അടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ച് സമുദായത്തെ ബോധവാന്മാരാക്കി. ഇബ്‌നുജൗസി, ഇബ്‌നുഅബ്ദില്‍ ബര്‍റ്, അലി അല്‍ഖാരി, ശൗക്കാനി മുതലായ പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ പ്രാമാണികരാണ്.

Feedback