Skip to main content

ഹദീസ് റിപ്പോര്‍ട്ടര്‍മാരുമായി ബന്ധപ്പെട്ട വിഭജനം

ആരുമായി ബന്ധപ്പെടുത്തിയാണോ ഹദീസുകള്‍ ഉദ്ധരിക്കുന്നത് അതിന്റെ  അടിസ്ഥാന ത്തില്‍ ഹദീസുകള്‍ ഖുദ്‌സി, മര്‍ഫൂഅ്, മൗഖൂഫ്, മഖ്തൂഅ് എന്നിങ്ങനെ നാലായി തരം തിരിക്കപ്പെട്ടിട്ടുണ്ട്.

ഖുദ്‌സി

അല്ലാഹുവിലേക്ക് ചേര്‍ത്തുകൊണ്ട് നബി(സ്വ) പറഞ്ഞ വാക്കുകള്‍ക്ക് ഖുദ്‌സി എന്നുപറയുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങളും പദങ്ങളും അല്ലാഹുവിന്റേതുതന്നെ. എന്നാല്‍ ഖുദ്‌സിയായ ഹദീസുകളുടെ ആശയം അല്ലാഹുവിന്റെയും പദങ്ങള്‍ പ്രവാചകന്റെതുമായിരിക്കും. ഖുദ്‌സിയായ ഹദീസുകള്‍ക്ക് ഒരുദാഹരണം: അത്യുന്നതനും അനുഗ്രഹപൂര്‍ണനുമായ അല്ലാഹു പറഞ്ഞു: എന്റെ ദാസന്മാരേ, തീര്‍ച്ചയായും ഞാന്‍ എനിക്ക് അക്രമം നിഷിദ്ധമായിരിക്കുന്നു. നിങ്ങള്‍ക്കും ഞാനിതാ അത് നിഷിദ്ധമാക്കുന്നു. അതിനാല്‍ നിങ്ങള്‍ പരസ്പരം അക്രമം പ്രവര്‍ത്തിക്കരുത് (മുസ്‌ലിം). ഖുദ്‌സിയായ ഹദീസുകളുടെ സമാഹരമാണ് അബ്ദുല്‍ റഊഫ് മുനാവിയുടെ (ഹി: 1031) അല്‍ ഇത്ഹാഫുസ്സനിയ ബില്‍ അഹാദിസില്‍ ഖുദുസിയ്യ.

മര്‍ഫൂഅ്

ഉന്നതി നല്‍കപ്പെട്ടത് എന്നാണ് മര്‍ഫൂഇന്റെ അര്‍ഥം. നബിയുമായി ബന്ധപ്പെടുത്തി ഉദ്ധരിക്കപ്പെട്ടത് എന്നാണ് ഉദ്ദേശ്യം. അദ്ദേഹത്തിന്റെ വാക്ക്, പ്രവൃത്തി, സമ്മതം, ഗുണവര്‍ണന തുടങ്ങിയവയാണ് സാങ്കേതികമായി മര്‍ഫൂഅ്. അത് പറഞ്ഞ ആള്‍ സ്വഹാബിയായാലും അല്ലെങ്കിലും ശരി. 

മര്‍ഫൂഅ് നാലുതരത്തിലുണ്ട്. 
മര്‍ഫൂഅ് ഖൗലി. നബി(സ്വ) പറഞ്ഞു എന്നു പറയുക. 
മര്‍ഫൂഅ് ഫിഅ്‌ലി. നബി(സ്വ) ഇപ്രകാരം പ്രവര്‍ത്തിച്ചു എന്നു പറയുക, 
മര്‍ഫൂഅ് തഖ്‌രീരി. നബി(സ്വ)യുടെ സാന്നിദ്ധ്യത്തില്‍ ചെയ്തു എന്നു പറയുക. 
മര്‍ഫൂഅ് വസ്വ്ഫി. നബി(സ്വ)യുടെ സ്വഭാവ വിശേഷണങ്ങള്‍ വര്‍ണിച്ചുപറയുക. 

ഇന്ന കാര്യം സുന്നത്താണ് എന്നോ ഞങ്ങള്‍ കല്പിക്കപ്പെട്ടു എന്നോ ഞങ്ങളോട് വിരോധിച്ചിട്ടുണ്ട് എന്നോ സ്വഹാബികള്‍ പറയുന്ന ഹദീസുകള്‍ക്ക് 'മര്‍ഫൂഅ്ഹുക്മീ' എന്നും പേരു നല്‍കിയിട്ടുണ്ട്.

മൗഖൂഫ്

സ്വഹാബികളുടെ വാക്കുകള്‍, പ്രവൃത്തി, അംഗീകാരം എന്നിവ പറയുന്ന ഹദീസുകളാണ് മൗഖൂഫ്. അബൂബക്ര്‍(റ) പറഞ്ഞു, ഉമര്‍(റ) ചെയ്തു എന്നൊക്കെ പറയുന്ന ഹദീസുകള്‍ ഇതിനുദാഹരണം. നിര്‍ത്തിവെക്കപ്പെട്ടത് (സ്വഹാബിയിലെത്തി നില്‍ക്കുന്നത്) എന്നാണ് മൗഖൂഫിന്റെ ഭാഷാര്‍ഥം.

മഖ്ത്വൂഅ്

ഭാഷയില്‍ ഛേദിക്കപ്പെട്ടത് എന്ന് അര്‍ഥമുള്ള പദമാണ് മഖ്ത്വൂഅ്. താബിഇയുടെയോ, മറ്റോ നാമത്തിന് ശേഷം നിവേദക പരമ്പര ഛേദിക്കപ്പെട്ടതുപോലെയായതിനാലാണ് ഈ പേര്. താബിഇന്റെയോ അതിനുശേഷമുള്ളവരുടെയോ വാക്കുകള്‍, പ്രവൃത്തി, അംഗീകാരം തുടങ്ങിയവ പറയുന്ന ഹദീസാണ് മഖ്ത്വൂഅ്. 'ഹസന്‍ ബസ്വരി പറഞ്ഞു, മസ്ത്വൂഖ് ചെയ്തു' എന്നിങ്ങനെ പറയുന്ന ഹദീസുകളാണിവ.

എന്നാല്‍ ശാഫിഈ, ത്വബ്‌റാനി തുടങ്ങിയവര്‍ പരമ്പര മുറിഞ്ഞ ഹദീസുകള്‍ക്കും (മുന്‍ഖത്വിഅ്) മഖ്ത്വൂഅ് എന്ന് പ്രയോഗിച്ചത് കാണാം.

മുസ്വനഫു ഇബ്‌നി അബീശൈഖ (235), മുസ്വനഫു അബ്ദിര്‍ റസാഖ് (21), എന്നീ ഹദീസു ഗ്രന്ഥങ്ങളിലും ഇബ്‌നുജരീര്‍, ഇബ്‌നു അബീഹാകിം, ഇബ്‌നുല്‍ മുന്‍ദിര്‍ എന്നീ തഫ്‌സീറുകളിലും ഇത്തരം ഹദീസുകള്‍ കൂടുതല്‍ കാണാവുന്നതാണ്.
 

Feedback