പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ സൃഷ്ടികളാണ് മനുഷ്യര്‍. മറ്റു ജന്തുക്കളില്‍ നിന്ന് സത്യാസത്യ വിവേചന ശേഷിയാല്‍ അവന്‍ വ്യതിരിക്തനാണ്. നന്മയും തിന്മയും നിറഞ്ഞതാണ് മനുഷ്യജീവിതത്തിന്റെ പരിസരം. അതില്‍ നിന്ന് ശരിയായത് തെരഞ്ഞെടുക്കാനാണ് അവന് പ്രത്യേകമായ വിവേചനശേഷി ദൈവം നല്കിയത്. സാധാരണ ജീവിതത്തില്‍ സുഖകരവും ഗുണപരവുമെന്ന് പ്രത്യക്ഷത്തില്‍ തോന്നിയേക്കാവുന്ന കാര്യങ്ങള്‍ അടിസ്ഥാനപരമായി മോശമായേക്കാം. മറ്റൊരാളുടെ സ്വത്ത് മോഷ്ടിക്കുന്നതും പിടിച്ചുപറിക്കുന്നതും തനിക്ക് ഗുണകരമാണെങ്കിലും സത്യത്തില്‍ അത് ദോഷകരമാണല്ലോ. ഇവിടെയാണ് ദൈവിക മാര്‍ഗനിര്‍ദേശം അനിവാര്യമായി വരുന്നത്. ആ നിര്‍ദേശങ്ങള്‍ സ്വീകരിക്കാതിരിക്കുന്നവരെ അര്‍ഹമായ രൂപത്തില്‍ ശിക്ഷിക്കാനുള്ള സംവിധാനമാണ് നരകം.
ദൈവധിക്കാരപരമായ എല്ലാ കാര്യങ്ങളും ശിക്ഷാര്‍ഹമാണ്. ഇതിനുള്ള അല്ലാഹുവിന്റെ പാരത്രിക ശിക്ഷയാണ് നരകം. ''എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്യുന്നതാരോ, അവരാണ് നരകാവകാശികള്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും'' (7:36). ഇതില്‍ നിത്യവാസികളായ പാപികളും നിശ്ചിത കാലം മാത്രം ശിക്ഷ അനുഭവിക്കേണ്ടവരുമുണ്ട്. മനുഷ്യനില്‍ വന്നുപോയേക്കാവുന്ന മിക്ക പാപങ്ങളും കരുണാമയനായ ദൈവത്തിന്റെ മാപ്പിന് അര്‍ഹമായതും ശിക്ഷയില്‍ നിന്ന് പൂര്‍ണമായോ ഭാഗികമായോ ഒഴിവാക്കപ്പെടുന്നതുമാണ്. നരകത്തില്‍ സ്ഥിരവാസമെന്ന കടുത്ത ശിക്ഷ അതര്‍ഹിക്കുന്ന കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കേ ലഭിക്കുകയുള്ളൂ. തൗഹീദ് (ഏക ദൈവവിശ്വാസം) ശരിയായി ഉള്‍ക്കൊണ്ട വിശ്വാസികള്‍ നരകത്തില്‍ ശാശ്വതരല്ല. അവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ അല്ലാഹു മാപ്പാക്കാത്തവയ്ക്കുള്ള നരകശിക്ഷ അനുഭവിച്ചതിനുശേഷം അവരെ നരകത്തില്‍ നിന്ന് മോചിപ്പിക്കുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയുംചെയ്യും. ശിക്ഷ അര്‍ഹിക്കുന്ന കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവ മാപ്പാക്കപ്പെടുകയോ അല്ലാഹുവിന്റെ പ്രത്യേക കാരുണ്യത്തിന് വിധേയരാകുകയോ ചെയ്തിട്ടല്ലാത്തവര്‍ നിര്‍ണിതകാലം വരെ നരകശിക്ഷ അനുഭവിക്കേണ്ടിവരുന്നു. ശിക്ഷയുടെ അവധി കഴിയുന്നതോടെ അവര്‍ നരകവിമുക്തരായി സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതിന് അനുമതി നല്‍കപ്പെടുന്നു. ബഹുദൈവാരാധന, ദൈവനിഷേധം, പ്രവാചക നിഷേധം, കപടവിശ്വാസം മുതലായവയാണ് നരകത്തില്‍ ശാശ്വതവാസം ഉറപ്പാക്കുന്ന പാപങ്ങള്‍. ഇത്തരം പാപങ്ങള്‍ക്ക് ദൈവത്തോട് പശ്ചാതപിച്ചില്ലെങ്കില്‍ അവന്‍ പൊറുത്തു തരികയില്ലെന്നും നരകത്തില്‍ നിത്യവാസിയായിരിക്കുമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ''അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും (5:72). അല്ലാഹു പറയുന്നു. വേദക്കാരിലും ബഹു ദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. (98:6).
മറ്റെല്ലാ പാപങ്ങളും പൊറുക്കപ്പെടാവുന്നതും ശിക്ഷാവധി തീര്‍ന്ന് നരകമോചനത്തിന് സാധ്യതയുള്ളതുമാണ്.